ഇന്ത്യൻ 2 ശേഷം വീണ്ടും എയറിൽ കേറി ശങ്കർ... വിഎഫ്എക്‌സിന് ട്രോളുകൾ നേരിട്ട് ഗെയിം ചെയ്ഞ്ചറിലെ '15 കോടിയുടെ' ഗാനം
രാം ചരണും കിയാര അദ്വാനിയും ചേർന്നുള്ള പ്രണയ ഗാനമായ 'നാനാ ഹൈനാനാ ' ആണ് ട്രോളുകൾ നേരിടുന്നത്.
തെലുങ്ക് താരം രാം ചരൺ നായകനാകുന്ന ശങ്കറിന്റെ ബ്രഹ്മാണ്ഡ ചിത്രം ഗെയിം ചെയ്ഞ്ചർ ഇപ്പോൾ എയറിൽ ആണ്. ചിത്രത്തിലെ പുതിയ ഗാനമാണ് ഇതിനു കാരണം. നായിക കിയാര അദ്വാനിയും രാം ചരണും ചേർന്നുള്ള പ്രണയ ഗാനമായ 'നാനാ ഹൈനാനാ ' എന്ന ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇതിനകം 3 മില്യണിലധികം ആളുകൾ യൂട്യൂബിൽ കണ്ടെങ്കിലും ഗാനത്തിന് ട്രോളുകളാണ് ലഭിക്കുന്നത്. 15 കോടി മുതൽമുടക്കിലാണ് ചിത്രത്തിലെ ഇരുവരുടെയും ഒരു പ്രണയ ഗാനം എത്തുന്നത് എന്ന് നേരത്തെ വാർത്തയായിരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങൾ നൽകിയ ഒരു സംവിധയകന്റെയും സൂപ്പർ താരത്തിന്റെയും കോംബോയിൽ ഒരു ചിത്രം വരുമ്പോൾ പ്രേഷകരുടെ പ്രതിക്ഷയ്ക്ക് ഒപ്പം വന്നില്ല എന്ന് മാത്രമല്ല വലിയ രീതിയുള്ള ട്രോളുകളും നേരിടുകയാണ്.
ഗാനത്തിനായി ഉപയോഗിച്ചിരിക്കുന്ന വി എഫ് എക്‌സിനും കളർ ഗ്രേഡിങ്ങിനുമാണ് വലിയ വിമർശങ്ങൾ നേരിടുന്നത്. പഴയ കല്യാണ ആൽബം പോലെയാണ് 15 കോടിയുടെ ഗാന രംഗം എടുത്തു വെച്ചിരിക്കുന്നത്. 'ശങ്കർ ടെക്നോളജിയുടെ വളർച്ചയ്‌ക്കൊത്തു വന്നിട്ടില്ല, വിഎഫ്എക്‌സിനു കാശ് കൊടുക്കാത്തതിലുള്ള പ്രതികരമായിരിക്കും ഇത് ' എന്ന തരത്തിലുള്ള കമെന്റുകളാണ് ഗാനത്തിന് ലഭിക്കുന്നത്.
ചിത്രത്തിലെ കിയാര അദ്വാനിയുടെ കഥാപാത്രത്തിന്റെ പോസ്റ്ററുകൾക്കും വലിയ രീതിയിൽ ട്രോളുകൾ നേരിടുന്നുണ്ട്. 'ചീപ്പ് ദീപിക പദുകോൺ ' എന്ന തരത്തിലാണ് കിയരയ്ക്കു ലഭിക്കുന്ന കമെന്റുകൾ. കൂടാതെ കഴിഞ്ഞ വർഷ റിലീസായി വി എഫ് എക്‌സിനു വലിയ രീതിയിൽ ട്രോളുകൾ നേരിട്ട പ്രഭാസ് ചിത്രം ' ആദിപുരുഷിന് ' ഗെയിം ചെയ്ഞ്ചർ ഒരു വെല്ലുവിളി ആകുമെന്ന് കമെന്റ് ചെയ്യുന്നവരും ഉണ്ട്.
അതേസമയം, ഹിറ്റ് ചിത്രങ്ങളുടെ സംവിധയകനായ ശങ്കറിന്റെ ഈ വർഷം ഇറങ്ങിയ തമിഴ് ചിത്രമായ ഇന്ത്യൻ 2 വലിയ പരാജയമായിരുന്നു. ശങ്കറിന്റെ തന്നെ ചിത്രമായ കമൽ ഹാസൻ നായകനായ ഇന്ത്യൻ-ന്റെ രണ്ടാം ഭാഗമായി ആണ് ചിത്രം എത്തിയത്. ബോക്സ് ഓഫീസിൽ കടുത്ത പരാജയം നേരിട്ട ചിത്രത്തിന് ശേഷം ശങ്കറിന്റെ തിരിച്ചു വരവിനായി കാത്തിരിന്ന പ്രേക്ഷകർക്ക് ഗെയിം ചെയ്ഞ്ചറിലെ ഈ ഗാനം പ്രതീക്ഷകൾ തകർക്കുന്നതാണ്. തമിഴ് സംവിധായകനായ കാർത്തിക് സുബ്ബരാജ് ആണ് ഗെയിം ചെയ്ഞ്ചറിന്റെ കഥ ഒരുക്കിയത്. ചിത്രം 2025 സംക്രാന്തി റിലീസായി എത്തുമെന്നു നേരത്തെ അറിയിച്ചിരുന്നു. ബോളിവുഡ് താരമായ കിയാര അദ്വാനിയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടെയാണ് ഗെയിം ചെയ്ഞ്ചർ.