ഓസ്‌കാർ ലൈബ്രറിയിൽ ഇടം പിടിച്ച് മലയാള സിനിമ ലെവൽ ക്രോസ്

By :  Aiswarya S
Update: 2024-11-04 11:22 GMT

ആസിഫ് അലി, അമലപോൾ കേന്ദ്ര കഥാപാത്രങ്ങളായ 'ലെവൽ ക്രോസ്' എന്ന ചിത്രത്തിൻറെ തിരക്കഥ മോഷൻ പിക്ച്ചർ ആർട്‌സ് ആൻഡ് സയൻസ് ലൈബ്രറിയിൽ ഇടം പിടിച്ചു. അഭിഷേക് ഫിലിംസ് നിർമ്മിച്ച് നവാഗതനായ അർഫാസ് അയൂബ് സംവിധാനം ചെയ്‌ത 'ലെവൽ ക്രോസ്' മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച സിനിമയായിരുന്നു. ഈ ചിത്രത്തിൽ നടൻ ഷറഫുദ്ദീനും മികച്ചൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

അക്കാഡമി ഓഫ് മോഷൻ പിക്ചേഴ്‌സിൻറെ ലൈബ്രറിയിലേക്ക് ലെവൽ ക്രോസ് ചിത്രത്തിൻറെ തിരക്കഥയും തെരഞ്ഞെടുക്കപ്പെട്ടതോടെ മലയാള സിനിമയുടെ ചരിത്രത്തിൽ ചിത്രം തിളക്കമാർന്ന നേട്ടം കൈവരിക്കുകയാണ്.

രണ്ടാഴ്‌ച മുൻപ് ക്രിസ്‌റ്റോ സംവിധാനം ചെയ്‌ത 'ഉള്ളൊഴുക്ക്' എന്ന ചിത്രത്തിൻറെ തിരക്കഥയും അക്കാഡമി ഓഫ് മോഷൻ പിക്ചേഴ്‌സിൻറെ ലൈബ്രറിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത് ആദ്യമാണ് ഇന്ത്യൻ സിനിമ ചരിത്രത്തിൽ വളരെ ചുരുങ്ങിയ കാലയളവിൽ ഒരേ മേഖലയിലെ രണ്ട് ചിത്രങ്ങൾ അക്കാഡമി ഓഫ് മോഷൻ പിക്ചേഴ്‌സിൻറെ ലൈബ്രറിയിലേക്ക് തിരഞ്ഞെടുക്കുന്നത്. ചലച്ചിത്ര പ്രവർത്തകർക്കും വിദ്യാർഥികൾക്കും ഗവേഷണ ലൈബ്രറികളിൽ സൂക്ഷിച്ചിരിക്കുന്ന ഇത്തരം തിരക്കഥകൾ പഠന വിധേയമാക്കാം. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ വിവിധ ഭാഷകൾ ഉള്ള സിനിമകളിൽ മികച്ചത് എന്ന തരത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങളുടെ തിരക്കഥകളാണ് ഇത്തരത്തിൽ അക്കാദമി ഓഫ് മോഷൻ പിച്ചേഴ്‌സ് ശേഖരത്തിൽ സൂക്ഷിക്കാറുള്ളത്. ഇംഗ്ലീഷ് ഭാഷയിൽ പി ഡി എഫ് രൂപത്തിലാണ് തിരക്കഥ ലൈബ്രറിയിലേക്ക് സമർപ്പിക്കേണ്ടത്.

അർഫാസ് അയൂബ് തന്നെയാണ് 'ലെവൽ ക്രോസിൻറെ' കഥയും തിരക്കഥയും ഒരുക്കിയത്. സംഭാഷണങ്ങൾ എഴുതിയത് അർഫാസിൻറെ പിതാവും നടൻ കൂടിയായ ആദം അയൂബാണ്. പ്രശസ്‌ത സംവിധായകൻ ജിത്തു ജോസഫിൻറെ ചീഫ് അസോസിയേറ്റ് ഡയറക്‌ടർ ആയിരുന്നു സംവിധായകൻ അർഫാസ് അയൂബ്. അഭിഷേക് ഫിലിംസിൻറെ ബാനറിൽ രമേശ് പി പിള്ള നിർമ്മിച്ച ചിത്രം വിതരണം ചെയ്‌തത് സംവിധായകൻ ജിത്തു ജോസഫ് ആയിരുന്നു. ലെവൽ ക്രോസ്' എന്ന ചിത്രം സംവിധാന മികവുകൊണ്ടും തിരക്കഥയുടെ ഗുണമേന്മ കൊണ്ടും ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. തീയറ്ററുകളിലും ചിത്രം സാമ്പത്തികമായി വിജയം നേടി. ആമസോൺ പ്രൈമിൽ ഒ.ടി. ടി റിലീസ് ആയി എത്തിയപ്പോഴും ചിത്രത്തിന് ഗംഭീര വരവേൽപ്പാണ് പ്രേക്ഷകർ നൽകിയത്.

ടുണീഷ്യയിൽ ചിത്രീകരിച്ച ആദ്യ ഇന്ത്യൻ സിനിമ എന്ന പ്രത്യേകതയും 'ലെവൽ ക്രോസി'ന് സ്വന്തമാണ്. സഹാറാ മരുഭൂമിയുടെ വശ്യതയും ഏറെ മനോഹരമായി ചിത്രത്തിൽ കാണിച്ചിട്ടുണ്ട്.

Tags:    

Similar News