ഫിപ്രസ്കി ഇന്ത്യയുടെ ഗ്രാൻഡ് പ്രീ പുരസ്കാരം നേടി മലയാള ചിത്രം 'ആട്ടം'; ആദ്യ പത്തിൽ രണ്ട് മലയാള സിനിമകൾ
ജയന്ത് ദിഗംബർ സോമൽക്കർ സംവിധാനം ചെയ്ത ‘എ മാച്ച്’ ആണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.
ഇന്റർനാഷണൽ ഫെഡെറേഷൻ ഓഫ് ഫിലിം ക്രിട്ടിക്സ് ഇന്ത്യയുടെ 2023-ലെ മികച്ച പത്ത് സിനിമകളുടെ പട്ടിക പുറത്ത് വിട്ടു. മികച്ച സിനിമയ്ക്കുള്ള ഈ വർഷത്തെ ഗ്രാൻഡ് പ്രീ പുരസ്കാരം ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ‘ആട്ടം’ എന്ന മലയാള ചിത്രം സ്വന്തമാക്കി. ജയന്ത് ദിഗംബർ സോമൽക്കർ സംവിധാനം ചെയ്ത ‘എ മാച്ച്’ ആണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.
ഒരു നാടക സമിതിയും അതിൽ അരങ്ങേറുന്ന ഒരു കുറ്റകൃത്യവും, തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ആട്ടത്തിന്റെ പ്രമേയം. വിനയ് ഫോർട്ട്, സെറിൻ ശിഹാബ്, കലാഭവൻ ഷാജോൺ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഡോൺ പാലത്തറ സംവിധാനം ചെയ്ത ‘ഫാമിലി’ അഞ്ചാം സ്ഥാനവും, പ്രസന്ന വിതാനഗെ സംവിധാനം ചെയ്ത ശ്രീലങ്കൻ- മലയാള ചിത്രം ‘പാരഡൈസ്’ എട്ടാം സ്ഥാനവും കരസ്ഥമാക്കി.
ഡൊമിനിക് സങ്കമയുടെ ‘റാപ്ചർ’, ദേവാശിഷ് മാക്കിജയുടെ ‘ജോറാം’, സുംനാഥ് ഭട്ട് സംവിധാനം ചെയ്ത ‘മിഥ്യ’, കനു ഭേൽ സംവിധാനം ചെയ്ത ‘ആഗ്ര’, ശ്രീമോയീ സിംഗിന്റെ ‘ആന്റ് ടുവേർഡ്ഡ് ഹാപ്പി അല്ലൈസ്, കിരൺ റാവു സംവിധാനം ചെയ്ത ‘ലാപതാ ലേഡീസ്’ എന്നിവയാണ് മികച്ച പത്ത് സിനിമകളുടെ ലിസ്റ്റിലുള്ള മറ്റ് ഇന്ത്യൻ ചിത്രങ്ങൾ.