ദില്ലിയില്‍ ചിത്രീകരണത്തിനിടെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറെ സന്ദർശിച്ച് മമ്മൂട്ടി

Update: 2025-02-21 07:32 GMT

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറെ സന്ദർശിച്ച് മമ്മൂട്ടി. ദില്ലിയില്‍ ചലച്ചിത്ര ചിത്രീകരണത്തിന് എത്തിയപ്പോഴാണ് ഉപരാഷ്ട്രപതിയെ മമ്മൂട്ടി വസതിയില്‍ എത്തി സന്ദര്‍ശിച്ചത്.ഉപരാഷ്ട്രപതിയെ കാണാനും അദ്ദേഹത്തിനൊപ്പം സമയം ചെലവഴിക്കാനും കഴിഞ്ഞത് വലിയ ആദരവായി കണ്ടുവെന്ന് കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.

''ബഹുമാനപ്പെട്ട ഇന്ത്യൻ ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖറിനെ കാണാനും സമയം ചെലവഴിക്കാനും സാധിച്ചതിൽ അഭിമാനിക്കുന്നു. ശ്രദ്ധേയനായ ഒരു നേതാവുമായുള്ള അവിസ്മരണീയവും പ്രചോദനാത്മകവുമായ സംഭാഷണം നടത്താനുള്ള അവസരത്തിന് നന്ദി.'' എന്നാണ് ഫെയിസ്ബുക്കിൽ മമ്മൂട്ടി കുറിച്ചത്.

ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. മമ്മൂട്ടിക്കൊപ്പം ഭാര്യ സുൽഫിത്തും ഉണ്ടായിരുന്നു. ജോണ്‍ ബ്രിട്ടാസ് എംപിയും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. ചിത്രത്തിന്റെ നിർമ്മാതാവ് ആന്റോ ജോസഫ് , ജോർജ് മമ്മൂട്ടിയും കൂടിക്കാഴ്ചയിൽ ഒപ്പം ഉണ്ടായിരുന്നു. ഉപരാഷ്ട്രപതിയെ മമ്മൂട്ടി ഷാൾ അണിയിച്ചു ആധരിച്ചു. മമ്മൂട്ടിയുടെ ഭാര്യ സുൽഫിത്ത് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനും ഭാര്യ സുദേഷ് ധൻകറിനും ഉപഹാരവും സമ്മാനിച്ചു.


മോഹൻ ലാലും മമ്മൂട്ടിയും പ്രധാന വേഷത്തില്‍ എത്തുന്ന മഹേഷ് നാരായണൻ ചിത്രത്തിന്‍റെ ഷൂട്ടിനാണ് മമ്മൂട്ടി ദില്ലിയില്‍ എത്തിയത്. നീണ്ട ഇടവേളയ്‌ക്കുശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. മോളിവുഡിൽ ഏറ്റവും കൂടുതൽ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ വമ്പൻ ചിത്രത്തിൽ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. തെന്നിന്ധ്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻ‌താര ആണ് ചിത്രത്തിലെ നായിക. ഈ കഴിഞ്ഞ കൊച്ചി ഷെഡ്യൂളിൽ ആണ് നയൻ‌താര ചിത്രത്തിൽ ജോയിൻ ചെയ്തത്. കുഞ്ചാക്കോ ബോബൻ , ഫഹദ് ഫാസിൽ എന്നിവർക്കൊപ്പം രണ്‍ജി പണിക്കര്‍, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, രേവതി, ദര്‍ശന രാജേന്ദ്രന്‍, സെറിന്‍ ഷിഹാബ്, പ്രകാശ് ബെലവാടി എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ ആണ്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നവാഗതനായ ഡിനോ ഡെന്നിസ് സംവിധാനം ചെയ്ത ബസൂക്കയാണ് മമ്മൂട്ടിയുടെ റിലീസിനൊരുങ്ങുന്നു അടുത്ത ചിത്രം. ചിത്രത്തിൽ സംവിധായകൻ ഗൗതം വാസുദേവ മേനോൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം ഏപ്രിലില്‍ തിയറ്ററുകളില്‍ എത്തുമെന്നാണ് വിവരം.

Tags:    

Similar News