മഞ്ഞുമ്മൽ ബോയ്സ്' മറ്റൊരു ഭാഷയിലേക്കും റീമേക്ക് ചെയ്യാനാവുമെന്ന് തോന്നുന്നില്ല: ചിദംബരം
ഈ വർഷം പുറത്തിറങ്ങി തിയേറ്ററുകളിൽ വൻ ഹിറ്റായി മാറിയ ചിത്രമായിരുന്നു ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ്. കേരളത്തിലെന്നപോലെ തമിഴ്നാട്ടിലും ചിത്രം വലിയ വിജയം കൈവരിച്ചു. ഇപ്പോഴിതാ ചിത്രം മറ്റുഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നതിനേക്കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് ചിദംബരം.
മഞ്ഞുമ്മൽ ബോയ്സ് മറ്റൊരു ഭാഷയിലേക്കും റീമേക്ക് ചെയ്യാനാവുമെന്ന് തോന്നുന്നില്ലെന്ന് സംവിധായകൻ ചിദംബരം പറഞ്ഞു. ഇത് ഒരു യഥാർത്ഥ ഗുഹയേയും ആളുകളേയുംകുറിച്ചുള്ള യഥാർത്ഥ കഥയാണ്. കൂടാതെ കേരളത്തിന്റെയും തമിഴ്നാടിന്റെയും സാംസ്കാരികമായ ബന്ധവും ചിത്രം സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച നടന്ന ഐ.ഐ.എഫ്.എ അവാർഡ് ദാനച്ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ ചിദംബരത്തിന്റെ ഈ പ്രതികരണം.
"മരണത്തിന്റെ വായിൽനിന്ന് തന്റെ സുഹൃത്തിനെ രക്ഷിക്കുന്നു. അങ്ങനെയൊന്ന് അതാദ്യമായാണ്. ആ ചെറുപ്പക്കാരന്റെ പ്രവൃത്തിയിലൂടെ ആ ഗുഹയുടെ ചരിത്രതന്നെ തിരുത്തിയെഴുതപ്പെടുകയാണ്. ലോകത്തിൻ്റെ എല്ലാ ഭാഗത്തും, ഇതുപോലുള്ള വികൃതികൾ ചെയ്യുന്ന ആൺകുട്ടികൾ ഉണ്ടാകും. മാത്രമല്ല അവർ ഇത്തരമൊരു സാഹചര്യത്തിലെത്തുകയും ചെയ്യും. ഇതൊരു സാർവത്രികമായ കഥയാണ്. അതുകൊണ്ടാണ് ഈ സിനിമ ഒരുപാട് ആളുകളുമായി ബന്ധപ്പെട്ടിരിക്കുന്നത്." ചിദംബരം പറഞ്ഞു.
കുഴിയിൽ വീണയാൾ രക്ഷപ്പെട്ടുവെന്ന് എല്ലാവർക്കുമറിയാം. പക്ഷേ അവിടേക്ക് രക്ഷകനായ സുഹൃത്ത് എങ്ങനെയെത്തിയെന്നും അതിനെ എങ്ങനെ സിനിമാറ്റിക്കായും പിടിച്ചിരുത്തുന്നതുമായും ചിത്രീകരിക്കാനാവുമെന്നാണ് ചിന്തിച്ചത്. അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും മികച്ചതും അർത്ഥവത്തായതുമായ ക്ലൈമാക്സാണ് ആഗ്രഹിച്ചിരുന്നത്. ചിത്രത്തിന്റെ തിരക്കഥയുടെ ആദ്യ ഡ്രാഫ്റ്റ് ഒന്നര വർഷംകൊണ്ടാണ് പൂർത്തിയാക്കിയത്. സംവിധായകനെന്ന നിലയിൽ എല്ലാത്തരം ജോണറുകളിൽപ്പെട്ട ചിത്രങ്ങളൊരുക്കാനാണ് ആഗ്രഹമെന്നും ചിദംബരം കൂട്ടിച്ചേർത്തു. അതേസമയം ഫാന്റം സ്റ്റുഡിയോ നിർമിക്കുന്ന പുതിയ ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പുകളിലാണ് ചിദംബരം.