നാനി- ശ്രീകാന്ത് ഒഡേല ചിത്രം 'ദ പാരഡൈസ്'

By :  Aiswarya S
Update: 2024-11-07 07:45 GMT

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. 'ദ പാരഡൈസ്' എന്നാണ് ചിത്രത്തിന്റെ പേര്. ദസറ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന 'ദ പാരഡൈസ്' നിർമ്മിക്കുന്നത് ദസറയുടെ നിർമ്മാതാവായ സുധാകർ ചെറുകുറിയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും പുറത്തു വിട്ടിട്ടുണ്ട്.

തോക്കുകളും, രക്തച്ചൊരിച്ചിലും, പ്രശസ്തമായ ചാർമിനാറും ഉൾകൊള്ളുന്ന പോസ്റ്റർ അക്രമവും അധികാരവും പ്രധാന ഘടകങ്ങളായ ഒരു ശക്തിയേറിയ കഥയിലേക്ക് വിരൽ ചൂണ്ടുന്നു. ഈ വമ്പൻ ആക്ഷൻ ചിത്രത്തിലെ നാനിയുടെ കഥാപാത്രം വളരെ തീവ്രവും അമാനുഷികത നിറഞ്ഞതുമായിരിക്കുമെന്നുള്ള സൂചനയും പോസ്റ്റർ തരുന്നുണ്ട്. ജേഴ്സി, ഗാങ് ലീഡർ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ദ പാരഡൈസ്'. ശ്രീകാന്ത് ഒഡെല എഴുതിയ ആകർഷകമായ തിരക്കഥയിൽ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു മാസ്സ് അവതാരമായി നാനിയെ അവതരിപ്പിക്കുമെന്നുള്ള ഉറപ്പാണ് 'ദ പാരഡൈസ്' പ്രേക്ഷകർക്ക് നൽകുന്നത്. ഇന്നുവരെയുള്ള തൻ്റെ കരിയറിലെ ഏറ്റവും തീവ്രമായുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനായി ശാരീരികമായികൂടി വലിയ പരിവർത്തനത്തിനാണ് നാനി തയ്യാറെടുക്കുന്നത്.

നാനിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നായാണ് 'ദ പാരഡൈസ്' ഒരുങ്ങുന്നത്. ചിത്രത്തിലെ ബാക്കിയുള്ള അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങൾ ഉടൻ വെളിപ്പെടുത്തും. രചന, സംവിധാനം- ശ്രീകാന്ത് ഒഡേല, നിർമ്മാതാവ്- സുധാകർ ചെറുകുറി, ബാനർ- എസ്എൽവി സിനിമാസ്, സംഗീതം- അനിരുദ്ധ് രവിചന്ദർ, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.

Tags:    

Similar News