സിനിമ കരിയറാക്കണമെന്നോ മരിക്കും വരെ ചെയ്യണമെന്നോ തോന്നിയിട്ടില്ല: സന അൽത്താഫ്
നടൻ ഹക്കീം ഷാജഹാന്റെയും നടി സന അൽത്താഫിന്റെയും വിവാഹവാർത്തകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്ന ഒന്നാണ്. ആഘോഷങ്ങളൊന്നും ഇല്ലാതെ രജിസ്റ്റർ ചെയ്തു കൊണ്ടായിരുന്നു ഇരുവരുടെയും വിവാഹം. സിനിമയിൽ അഭിനയിക്കുന്നതിനോട് താൽപര്യമില്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടി സന.
സിനിമ കരിയറാക്കണമെന്നോ മരിക്കും വരെ ചെയ്യണമെന്നോ തോന്നിയിട്ടില്ല. ഒടിയന് ശേഷം സിനിമയിൽ അഭിനയിച്ചിട്ടില്ല എന്നാണ് സന പറയുന്നത്. എന്നാൽ നല്ല കഥാപാത്രം ലഭിക്കുകയാണെങ്കിൽ സിനിമയിലേക്ക് മടങ്ങി വരും എന്നും സന വ്യക്തമാക്കി.
”സ്‌കൂൾ പഠന കാലത്താണ് നായികയാകുന്നത്. മലയാളത്തിലും തമിഴിലും സിനിമകൾ ആയതോടെ പഠനം പാളം തെറ്റുമെന്ന് തോന്നി. ഒപ്പം സിനിമയോടുള്ള താൽപര്യവും കുറഞ്ഞു. സിനിമ കരിയറാക്കണമെന്നോ മരിക്കും വരെ ചെയ്യേണ്ട ജോലി ആണെന്നോ തോന്നിയിട്ടില്ല. അഭിനയം അല്ല പാഷൻ, ഒടിയന് ശേഷം സിനിമയിൽ അഭിനയിച്ചിട്ടില്ല.”
”സിനിമയിലേക്ക് മടക്കമില്ല എന്നതിന് അർഥമില്ല. ഗംഭീരമായ കഥാപാത്രം വന്നാൽ അപ്പോൾ ആലോചിക്കാം. സിനിമ വിട്ടതോടെ പഠനത്തിൽ കൂടുതൽ സജീവമായി. എസിസി റാങ്കോടെ പാസ് ആയി. ജോലി കിട്ടിയതോടെ പിന്നെ അതായി ലോകം. ചില പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചു.”
”ഞാൻ തന്നെ നിർമിച്ച ഒരു മ്യൂസിക് വീഡിയോയിലും വേഷമിട്ടു” എന്നാണ് സന അൽത്താഫ് പറയുന്നത്. ‘വിക്രമാദിത്യൻ’ എന്ന ചിത്രത്തിലൂടെയാണ് സന അഭിനയരംഗത്ത് എത്തുന്നത്. മറിയം മുക്ക്, റാണി പദ്മിനി, ബഷീറിന്റെ പ്രേമലേഖനം എന്നിവയാണ് സനയുടെ മലയാള സിനിമകൾ. ചെന്നൈ 600028 ll: സെക്കൻഡ് ഇന്നിങ്‌സ്, ആർകെ നഗർ, പഞ്ചാരാക്ഷരം എന്നിവയാണ് സനയുടെ തമിഴ് ചിത്രങ്ങൾ.