ഫ്രീ ടിക്കറ്റ് നൽകി ആളെ കുത്തിക്കയറ്റുന്നു; പരാതിയുമായി സാന്ദ്ര തോമസ്
ബോക്‌സ് ഓഫീസ് കളക്ഷൻ പെരുപ്പിച്ച് കാണിക്കാൻ വേണ്ടി തിയേറ്ററുകളിൽ ആളെകയറ്റുന്ന നിർമ്മാതാക്കൾക്കെതിരെ താക്കീതുമായി കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ രംഗത്തെത്തിയിരുന്നു. ഈ പ്രവണത വ്യവസായത്തിന് ഗുണകരമല്ലെന്നും ഇത്തരം പ്രവൃത്തികൾ ചെയ്യുന്ന നിർമ്മാതാക്കൾക്കെതിരെ നടപടിയെടുക്കുമെന്നായിരുന്നു അസോസിയേഷൻ വ്യക്തമാക്കിയത്.
ഈ വിഷയത്തിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് കത്ത് നൽകിയിരിക്കുകയാണ് സാന്ദ്ര തോമസ്. മലയാള സിനിമയിലെ വ്യാജ പ്രമോഷനെതിരെയാണ് സാന്ദ്ര രംഗത്തെത്തിയിരിക്കുന്നത്. ലാഭവിഹിതം പെരുപ്പിച്ച് കാണിക്കാനായി ഇടനില സംഘങ്ങളെ ഉപയോഗിക്കുന്നവർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സാന്ദ്ര പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് കത്ത് നൽകി.
മലയാള സിനിമകൾ പ്രേക്ഷകർ കൈവിടുമ്പോഴാണ് വ്യാജ റേറ്റിംഗ് ഉണ്ടാക്കുന്ന ഇടനില സംഘങ്ങൾ എത്തുന്നത്. തിയേറ്ററുകളിലേക്ക് പ്രേക്ഷകരെ എത്തിക്കുകയും, വ്യാജ റേറ്റിംഗ് ഉണ്ടാക്കുകയുമാണ് ഇവർ ചെയ്യുക. ഇത് തടയണമെന്ന് ആവശ്യപ്പെട്ടാണ് സാന്ദ്ര കത്ത് നൽകിയിരിക്കുന്നത്.
ഫ്രീ ടിക്കറ്റ് നൽകി ആളുകളെ കുത്തിക്കയറ്റി സിനിമ കാണിക്കുന്നത് ഈ വ്യവസായത്തെ തന്നെ തകർക്കും. ഇത് വിശദമായി പരിശോധിക്കുമെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അറിയിക്കുന്നത്. അതേസമയം, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തലപ്പത്തുള്ളവർ തന്നെ വ്യാജ പ്രൊമോഷൻ നൽകുന്നുണ്ടെന്നും ആരോപണമുണ്ട്.