ചിലപ്പോൾ പാറയുടെ പുറകിൽ സാരി മറച്ച് വസ്ത്രം മാറും; അന്ന് മൊബൈൽ ഫോൺ ഇല്ലാത്തതുകൊണ്ട് രക്ഷപ്പെട്ടു : ശാന്തി കൃഷ്ണ
സിനിമയിൽ ആദ്യമുണ്ടായിരുന്ന സമയത്ത് സിനിമാ ഗാനങ്ങൾ ചിത്രീകരിക്കുമ്പോൾ ചിലപ്പോൾ പാറയുടെ പുറകിൽ സാരിയൊക്കെ മറച്ച് വസ്ത്രം മാറുമായിരുന്നു എന്ന് നടി ശാന്തി കൃഷ്ണ. തന്റെ തിരിച്ചുവരവിനെക്കുറിച്ചും സിനിമയിലുണ്ടായ മാറ്റത്തെക്കുറിച്ചും സംസാരിക്കുകയായിരുന്നു താരം.
വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത ശാന്തി കൃഷ്ണ നീണ്ട കാലത്തിന് ശേഷമാണ് തിരികെയെത്തിയത്. 20 വർഷത്തെ ഇടവേളയ്ക്ക് ശേഷം ശാന്തി കൃഷ്ണ അഭിനയിച്ച സിനിമയായിരുന്നു ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള. നിവിൻ പോളി, ലാൽ, ഐശ്വര്യ ലക്ഷ്മി, അഹാന കൃഷ്ണ, ശ്രിന്ദ, സിജു വിൽസൺ എന്നിവരായിരുന്നു അഭിനേതാക്കൾ. ചിത്രത്തിൽ അഭിനയിച്ചപ്പോൾ താൻ മനസിലാക്കിയ സിനിമയിലെ മാറ്റാതെ കുറിച്ചാണ് നടി പറഞ്ഞത്.
ആദ്യ ദിവസം ഷൂട്ട് ചെയ്തത് അഹാനയും ഞാനുമൊന്നിച്ചുള്ള രംഗം. അഹാന കാരവനുണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ ഇതെന്ത് സാധനം എന്ന മട്ടിലായിരുന്നു. ഞാൻ സിനിമയിലുണ്ടായിരുന്ന കാലത്ത് ഇത്തരമൊരു സംവിധാനം ഇല്ലല്ലോ. അന്ന് കോസ്റ്റിയൂം ചെയ്ഞ്ച് ഉണ്ടെങ്കിൽ പ്രൊഡക്ഷൻ കൺട്രോളറുടെ വീട്ടിൽ പോയിട്ടാണ് വസ്ത്രം മാറുക. സിനിമാ ഗാനങ്ങൾ ചിത്രീകരിക്കുമ്പോൾ ചിലപ്പോൾ പാറയുടെ പുറകിൽ സാരിയൊക്കെ മറച്ച് വസ്ത്രം മാറും. അന്നൊന്നും മൊബൈൽ ഫോൺ ഇല്ലാത്തതു കൊണ്ട് രക്ഷപ്പെട്ടു’ എന്നും ശാന്തി കൃഷ്ണ പറയുന്നു.