മാർക്കോ കണ്ട ശേഷം ഉണ്ണി മുകുന്ദനെയും ഹനീഫ് അഥേനിയെയും അഭിനന്ദിച്ച് സൂര്യ
പാൻ ഇന്ത്യൻ വിജയം കരസ്ഥമാക്കിയ ചിത്രം മാർക്കോ കണ്ട ശേഷം ചിത്രത്തിനും അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങളുമായി തെന്നിന്ത്യൻ താരം സൂര്യ. മാർക്കോയിൽ ഉണ്ണി മുകുന്ദനും മറ്റു താരങ്ങളുടെയും പ്രകടനം, ഒപ്പം മാർക്കോയുടെ സംവിധാനവും ഇഷ്ടപെട്ട നടൻ സൂര്യ തന്റെ അഭിനന്ദന സന്ദേശം മാർക്കോയുടെ സംവിധായകൻ ഹനീഫ് അദാനിക്കും ചിത്രത്തിലെ നായകൻ ഉണ്ണി മുകുന്ദനും കൈമാറാൻ അദ്ദേഹത്തിന്റെ കേരള പ്രതിനിധി പി ആർ ഓ പ്രതീഷ് ശേഖറിനെ പറഞ്ഞു ഏൽപ്പിക്കുകയിരുന്നു.
കഴിഞ്ഞ ദിവസം ഉണ്ണി മുകുന്ദനെയും ഹനീഫ് ഹദാനിയേയും നേരിൽ കണ്ട ശേഷം പി ആർ ഓ പ്രതീഷ് ശേഖർ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ഭാഷാ ഭേദമന്യേ പ്രേക്ഷക പ്രശംസ നേടിയ മാർക്കോ വാലെന്റൈൻസ് ദിനത്തിൽ ഓ റ്റി റ്റി റിലീസായി എത്തും. അതെ സമയം സൂര്യയുടെ ടു ഡി എന്റർടൈൻമെൻറ്സും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം റെട്രോ മേയ് 1ന് തിയേറ്ററുകളിലേക്കെത്തും. റോളെക്‌സിനെ വെല്ലുന്ന ഗെറ്റപ്പിലാണ് ഗ്യാങ്‌സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രം റെട്രോയുടെ ടീസറിലും പോസ്റ്ററിലും സൂര്യ എത്തിയത്.