റിവ്യൂ ബോംബിങ്ങിനെതിരെ തമിഴ്നാട് സിനിമ നിർമ്മാതാക്കളുടെ സംഘടന മദ്രാസ് ഹൈക്കോടതിയിൽ
റിലീസ് ചെയ്ത് മൂന്ന് ദിവസത്തേക്ക് സിനിമാ റിവ്യൂ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് തമിഴ് ഫിലിം ആക്റ്റീവ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പെറ്റീഷൻ ഫയൽ ചെയ്തത്
പുതുതായി തിയേറ്ററിൽ റിലീസ് ചെയ്ത സിനിമകളുടെ റിവ്യൂ ബോംബിങ് നടത്തുന്നതിനെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് തമിഴ്നാട് സിനിമ നിർമ്മാതാക്കളുടെ സംഘടനയായ തമിഴ് ഫിലിം ആക്റ്റീവ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ (TFAPA). സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ YouTube, Facebook, ഇൻസ്റ്റാഗ്രാം , X (ട്വിറ്റർ ) എന്നിവയിലൂടെ ചിത്രങ്ങളുടെ നെഗറ്റീവ് റിവ്യൂ നടത്തി പ്രേഷകരെ സ്വാധീനിക്കുന്നു എന്നതാണ് തമിഴ്നാട് സിനിമ നിർമ്മാതാക്കളുടെ സംഘടനയുടെ പരാതിയിൽ പറയുന്നത്. ഓൺലൈൻ നിരൂപകരുടെയും യൂട്യൂബർമാരുടെയും സ്വാധീനം വർദ്ധിക്കുന്നതോടെ, ഒരു സിനിമ റിലീസ് ചെയ്ത ഉടൻ തന്നെ പോസ്റ്റ് ചെയ്യുന്ന ഈ റിവ്യൂ ചിത്രങ്ങളുടെ ബോക്സ് ഓഫീസ് പ്രകടനത്തെ പ്രതികൂലമായി ബാധിക്കുകയും അണിയറ പ്രവർത്തകരെ അത് മോശമായി ബാധിക്കുകയും ചെയ്യുന്നു എന്ന് പരാതിയിൽ പറയുന്നു.
കൂടാതെ ഒരു സിനിമയുടെ തിയറ്റർ റിലീസിന് ശേഷം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലുടനീളമുള്ള സിനിമാ നിരൂപണങ്ങൾക്ക് മൂന്ന് ദിവസത്തെ നിരോധനം ഏർപ്പെടുത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് ടിഎഫ്എപിഎ മദ്രാസ് ഹൈക്കോടതിയിൽ രേഖാമൂലമുള്ള ഹർജി സമർപ്പിച്ചു.
അടുത്ത കാലങ്ങളിൽ തമിഴ് ഇൻഡസ്ട്രയിൽ റിലീസായ ചിത്രങ്ങളിൽ മിക്കതും കടുത്ത പരാജയം നേരിട്ടിരുന്നു. ഇതിൽ തമിഴ് മുൻ നിര താരങ്ങളുടെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളും ഉൾപ്പെട്ടിരുന്നു.ശങ്കർ സംവിധാനം ചെയ്ത കമൽ ഹാസൻ ചിത്രം 'ഇന്ത്യൻ 2', ടി ജെ ജ്ഞാനവേൽ- രജനികാന്ത് ചിത്രം 'വേട്ടയാൻ' , വെങ്കട്ട് പ്രഭു സംവിധനം ചെയ്ത വിജയ് ചിത്രം 'ദി ഗോട്ട് ', ശിവ സംവിധാനം ചെയ്ത സൂര്യ ചിത്രം കങ്കുവ, ജയം രവി നായകനായ 'ബ്രദർ' എന്നിവയെല്ലാം ബോക്സ് ഓഫീസിൽ കടുത്ത പരാജയം നേരിട്ട് ബിഗ് ബജറ്റ് ചിത്രങ്ങളാണ്. ചില ചിത്രങ്ങൾക്ക് മുടക്ക് മുതൽ പോലും ലഭിച്ചിരുന്നില്ല. ലൈക്ക പ്രൊഡക്ഷൻസിന്റെ കഴിഞ്ഞ രജനികാന്ത് ചിത്രങ്ങളെല്ലാം പരാജയം നേരിട്ടതിനാൽ അവരുടെ അടുത്ത ചിത്രത്തിലും രജനികാന്ത് അഭിനയിക്കണം എന്ന തീരുമാനം വാർത്തകളിൽ ഇടം നേടിയതായിരുന്നു. ചിത്രങ്ങൾക്ക് സാമൂഹ്യമാധ്യമങ്ങളിൽ നൽകുന്ന റിവ്യൂ മൂലമാണ് കടുത്ത പരാജയം നേരിടുന്നത് എന്നാണ് നിർമ്മാതാക്കളുടെ പരാതി. എന്നാൽ ചിത്രങ്ങളുടെ ആവർത്തന വിരസതയും, കഥ പശ്ചാത്തലത്തിൽ വ്യത്യസ്തത ഇല്ലാത്തതിനുമാണ് ചിത്രങ്ങൾ പരാജയം നേരിടുന്നതിന് കാരണമെന്നു തിയേറ്റർ ഉടമകൾ നേരത്തെ തന്നെ നിർമ്മാതാക്കളെ ചൂണ്ടികാട്ടിയിരുന്നു.