സിനിമയെ സാമൂഹിക മാറ്റത്തിലേയ്ക്ക് നയിച്ചവർക്കായി ആദരവ് ; ചലച്ചിത്ര മേളയിൽ 'സിനിമ ആൽകെമി' ആരംഭിച്ചു

തിരുവന്തപുരം ടാഗോർ തിയേറ്ററിൽ ആണ് 'സിനിമ ആൽകെമി : എ ഡിജിറ്റൽ ആർട് ട്രിബ്യുട്ട് ' ആരംഭിച്ചത്.

Update: 2024-12-14 10:31 GMT

29മത് രാജ്യാന്തര ചലച്ചിത്ര മേളയുടെ വേദിയായ തിരുവന്തപുരം ടാഗോർ തിയേറ്ററിൽ 'സിനിമ ആൽകെമി : എ ഡിജിറ്റൽ ആർട് ട്രിബ്യുട്ട് ' മേളയുടെ രണ്ടാം ദിവസമായ എന്ന് മുതൽ ആരംഭിച്ചു. ഐഎഫ്എഫ്‌കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ജേതാവും ഇതിഹാസ ചലച്ചിത്രകാരനുമായ ആൻ ഹുയിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി അജോയ്, മറ്റ് പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ലോക സിനിമയിലെ 50 പ്രശസ്ത സംവിധായകരുടെയും അവരുടെ കല സൃഷ്ടികളെയും സൂചിപ്പിക്കുന്ന ഡിജിറ്റൽ പെയിന്റിങ്ങുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രശസ്ത ചലച്ചിത്ര സംവിധായകനായ ടി കെ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ കലാ സംവിധായകനും ചലച്ചിത്ര നിർമ്മാതാവുമായ റാസി മുഹമ്മദ് ആണ് ഈ 50 ഡിജിറ്റൽ പെയിന്റിങ്ങുകളും വരച്ചത്.

അകിര കുറോസാവ, ആൽഫ്രഡ് ഹിച്ച്‌കോക്ക്, ആന്ദ്രേ തർക്കോവ്സ്‌കി, മാർട്ടിൻ സ്കോർസെസി, കെ ജി ജോർജ്, അടൂർ ഗോപാലകൃഷ്ണൻ, അപർണ സെൻ, ആഗ്നസ് വർദ, മാർത്താ മെസാറോസ്, മീരാ നായർ, ദീപ മേത്ത എന്നിവരുൾപ്പെടെ ഉള്ളവരുടെ ലോക പ്രശസ്ത സിനിമകളുടെ ഉള്ളടക്കമാണ് ഡിജിറ്റൽ പെയിന്റിങ്ങുകളിലൂടെ റാസി മുഹമ്മദ് വരച്ചു കാട്ടിയിരിക്കുന്നത്. റാസി മുഹമ്മദിന്റെയും ടി കെ രാജീവ് കുമാറിന്റെയും ഒമ്പത് വര്‍ഷത്തോളമുള്ള സ്വപ്നത്തിന്റെയും അധ്വാനത്തിന്റെയും ഫലമായി ആണ് ഈ വര്‍ഷത്തെ ഐഎഫ്എഫ്കെയില്‍ ഇത്തരമൊരു കാര്യം യാഥാര്‍ത്യമായിരിക്കുന്നത്.

തങ്ങളുടെ സ്വപ്ന സാക്ഷാത്കാരത്തിനെ കുറിച്ച് സംവിധായകൻ ടി കെ രാജീവിന്റെ വാക്കുകളിൽ നിന്നും :സിനിമയെ സാമൂഹിക മാറ്റത്തിനുള്ള ശക്തമായ ഉപകരണമാക്കി മാറ്റിയ ചലച്ചിത്ര പ്രവർത്തകർക്കുള്ള ആദരവാണ് ഈ പ്രദർശനമെന്ന് ടി കെ രാജീവ് കുമാർ പറഞ്ഞു. ലോകത്തതിലെ പ്രകത്ഭരായ സംവിധായകരിൽ നിന്നും 50 പേരെ തിരഞ്ഞെടുക്കുകയെന്നത് ഇരുവരും നേരിട്ട വലിയ വെല്ലുവിളി തന്നെയായിരുന്നു. എന്നാൽ തങ്ങളുടെ സിനിമകളോടുള്ള താല്പര്യവും, കാലങ്ങളായി തങ്ങളുടെ ഇഷ്ട സംവിധായകരുടെയും സൃഷ്ടികൾ ഇതിൽ ഉൾപെടുത്തുകയായിരുന്നു എന്ന് ടി കെ രാജീവ് കുമാർ പറയുന്നു. നിരന്തരമായി തങ്ങൾ ഈ സിനിമകളെ കുറിച്ച് ചർച്ചകൾ നടത്തിയിരുന്നു. റാസി മുഹമ്മദ് വരയ്ക്കുന്ന ചിത്രങ്ങൾ താനുമായി ചർച്ച ചെയ്ത ശേഷം വേണ്ട മാറ്റങ്ങൾ വരുത്തുകയും ചെയ്തിരുന്നു. എന്നാൽ ഇതു പ്രദർശനം നടത്തണമെന്ന ഉദ്ദേശത്താൽ ചെയ്തത് അല്ല. തങ്ങളുടെ ജീവിതത്തിലെ ഒരു എക്‌സ്‌സൈസ് പോലെയാണ് ഈ ചിത്രങ്ങളുടെ വികസനം നടന്നത്. കൂടാതെ അതിനോടൊപ്പം തന്നെ ചിത്രങ്ങളിൽ ആധുനികതയും കൊണ്ടുവരാൻ ശ്രെദ്ധിച്ചിരുന്നു. ഈ സിനിമകൾ എല്ലാ കണ്ട ആളുകൾക്ക് ഈ ചിത്രങ്ങളിലൂടെ തങ്ങളുടെ ഇഷ്ട സംവിധായകരുടെ സിനിമകൾ ഏതൊക്കെയാണ് എന്ന് മനസിലാക്കാനും , കാണാതെ വിട്ടുപോയ സിനിമകൾ ഏതൊക്കെയെന്നു തിരിച്ചറിയാനുമുള്ള ഒരു അവസരമാണ് തങ്ങൾ ഇതിലൂടെ ഒരുക്കിയിരിക്കുന്നതെന്നും ടി കെ രാജീവ് കുമാർ പറയുന്നു. പഴയ കല സിനിമകളെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുക എന്നൊരു ഉദ്ദേശവും ഈ പ്രദര്‍ശനത്തിന് പിന്നിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രത്തിലൂടെ സഹ സംവിധായകനായി ആണ് ടി കെ രാജീവ് കുമാർ സിനിമ ജീവിതം ആരംഭിക്കുന്നത്. മഹാനഗരം,ചാണക്യൻ, പവിത്രം, കണ്ണെഴുതി പൊട്ടും തൊട്ട് , ഒരുനാൾ വരും, ഒറ്റയാൾ പട്ടാളം, ശ്രീകല്യാണം, രതിനിർവ്വേദം എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രെദ്ധിക്കപെട്ട ചിത്രങ്ങൾ. 2003-2006 വരെ കേരളം ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായിരുന്നു ദേശിയ അവാർഡ് ജയതാവ് കൂടിയായ അദ്ദേഹം.

തിരുവനന്തപുരം ഫൈൻ ആർട്‌സ് കോളജിൽ നിന്ന് ബിരുദവും ബറോഡ എംഎസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ റാസി മുഹമ്മദ്, വെളുത്ത രാത്രികൾ എന്ന ചിത്രത്തിന് മികച്ച അവലംബിത തിരക്കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവാണ്.

Similar News