വള്ളിക്കുടിലിൽ ഒളിച്ചിരുന്ന ആരണ്യകത്തിലെ അമ്മിണി ഇന്ന് രേഖചിത്രത്തിലെ പുഷ്പം
2025 ജനുവരിയിലെ മികച്ച വിജയമായി നിൽക്കുന്ന രേഖ ചിത്രത്തിൽ ആസിഫ് അലിയുടെയും അനശ്വര രാജന്റെയും ഒക്കെ അഭിനയം വാഴ്ത്തപ്പെടുന്നത് പോലെ തന്നെ നെഗറ്റീവ് റോളി തിളങ്ങിയ ഒരു നടിയുണ്ട്. പുഷ്പത്തിന്റെ ചെറുപ്പകാലം അഭിനയിച്ച സെറിൻ ഷിഹാബിനെപോലെ തന്നെ ആ റോളിന്റെ നെഗറ്റിവിറ്റി ഒട്ടും ചോരാതെ പ്രേക്ഷകരിലേക്ക് എത്തിച്ച നാടിയാണ് സലീമ. എന്നാൽ വർഷങ്ങൾക്കു മുന്നേ തന്നെ മലയാള സിനിമയിൽ സലീമയെ അടയാളപ്പെടുത്തിയ ഒരു കഴിഞ്ഞ കാലം ഉണ്ടായിരുന്നു. വളരെ കുറച്ചു മലയാള ചിത്രങ്ങളെ ചെയ്തിട്ടുള്ളൂ. പക്ഷേ അത് തന്നെ ധാരാളം മലയാള സിനിമയ്ക്ക് സലീമയെ ഓർക്കാൻ.അല്പം ഉയർന്ന പുരികമുള്ള ആരണ്യകത്തിലെ ആ പെൺകുട്ടിയെയും അവൾ പാടി നടന്ന ആ പാട്ടും ( ഒളിച്ചിരിക്കാൻ വള്ളി കുടിലൊന്നൊരുക്കി വച്ചില്ലേ ) മലയാള സിനിമയ്ക്ക് മറക്കാൻ കഴിയില്ല...
ജനിച്ചുവീണത് തന്നെ ഒരു സിനിമ കുടുംബത്തിൽ. 300ലധികം തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ച ഗിരിജയാണ് അമ്മ. മുത്തശ്ശിയും അഭിനയത്തിൽ കഴിവ് തെളിയിച്ചയാൾ. കുഞ്ഞുനാളിൽ അമ്മയ്ക്കൊപ്പം ലൊക്കേഷനുകളിൽ എത്തുമ്പോൾ എല്ലാം ബാലതാരമായി അഭിനയിക്കാൻ സിനിമാപ്രവർത്തകർ നിർബന്ധിച്ചിരുന്നു. എന്നാൽ പത്താം ക്ലാസ് കഴിഞ്ഞതിന് ശേഷം മാത്രം അഭിനയം തുടങ്ങിയാൽ മതി എന്നതായിരുന്നു സലീമയുടെ അമ്മയുടെ നിർബന്ധം. അങ്ങനെ തുടക്കത്തിൽ സിനിമയിലേക്ക് ലഭിച്ച അവസരങ്ങൾ എല്ലാം തന്നെ വേണ്ടെന്നുവച്ചു. പിന്നീട് പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചു. എന്നാൽ സിനിമയിലേക്കുള്ള അരങ്ങേറ്റം മോഹൻലാലിന് ഒപ്പമായിരുന്നു. 1985ൽ ഇറങ്ങിയ 'ഞാൻ പിറന്ന നാട്ടിൽ' എന്ന ചിത്രത്തിൽ മോഹൻലാലിന്റെ പെയറായി അഭിനയിച്ചു.
തൊട്ടടുത്ത വർഷം ഇറങ്ങിയ 'നഖക്ഷതങ്ങളി'ലെ ഊമ പെൺകുട്ടിയായ ലക്ഷ്മിയെ മലയാളികൾ ഹൃദയത്തിലേക്ക് ഏറ്റെടുത്തു. എംടിയുടെ തിരക്കഥയിൽ ഹരിഹരനൊരുക്കിയ ചിത്രത്തിൽ അവരുടെ അനുഗ്രഹത്തോടെ തന്നെ സലീമയും ഭാഗമായി. നഖക്ഷതങ്ങളിൽ മോനിഷക്ക് ലഭിച്ച അവാർഡ് സലീമ അവതരിപ്പിച്ച ലക്ഷ്മിക്കു ലഭിക്കേണ്ടിയിരുന്നതാണെന്ന് വിശ്വസിക്കുന്നവർ ഏറെയുണ്ട്. അത്രത്തോളം മികച്ചതായിരുന്നു ചിത്രത്തിലെ സലീമയുടെ അഭിനയം.
രണ്ടു വർഷങ്ങൾക്കുശേഷം പുറത്തിറങ്ങിയ ഹരിഹരന്റെ 'ആരണ്യക'ത്തിലും അമ്മിണിയായി സലീമ എത്തി. ഇതിനിടയിൽ ചെയ്ത നിറമുള്ള നിറമുള്ള രാവുകൾ എന്ന ചിത്രം വിജയിക്കാതെ പോയത് സലീമയുടെ കരിയറിലെ ഒരു ക്ഷീണമായിരുന്നു. കുറുക്കൻ രാജാവിൽ ചെയ്ത രാജിയുടെ വേഷം സാധാരണ സലീമ ചെയ്യുന്ന വേഷങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു. അതിൽ അടിച്ചുപൊളിച്ചു നടക്കുന്ന ഒരു പെൺകുട്ടിയായാണ് സലീമ എത്തിയത്.
സലീമയുടെ കരിയറിലെ ഏറ്റവും മികച്ച വേഷം ആരണ്യകത്തിലെ അമ്മിണി തന്നെയാണ്. അമ്മിണിയുടെ ചിന്തകളും, ഒറ്റയ്ക്കുള്ള വർത്തമാനങ്ങളും എല്ലാം മലയാളികൾ ആസ്വദിച്ചു. ജീവിതത്തിൽ തന്നെ ചേർത്തുപിടിച്ച ആ ഒരാൾ നഷ്ടപ്പെടുന്നതിന്റെ വേദന മറ്റാരോടും പറയാൻ കഴിയാതെ നിസ്സംഗയായി നിൽക്കുന്ന അമ്മിണി മലയാളികൾക്ക് എന്നും ഒരു നൊമ്പരമായി മാറി. പിന്നീട് നായികാ വേഷത്തിൽ അല്ലെങ്കിലും മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ചിത്രങ്ങളുടെ ഭാഗമാകാൻ സലീമയ്ക്ക് കഴിഞ്ഞു.
വന്ദനത്തിൽ നെടുമുടി വേണുവിന്റെ ശിഷ്യയായി എത്തിയത് സലീമയാണെന്ന് പറഞ്ഞാൽ അത്ര പെട്ടെന്ന് മലയാളികൾക്ക് വിശ്വസിക്കാൻ ആകില്ല. അതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും തീർത്തും മറ്റൊരു രൂപത്തിൽ ആയിരുന്നു ചിത്രത്തിലെ സലീമയുടെ അപ്പിയറൻസ്. എന്നാൽ പിന്നീട് മലയാള സിനിമയിൽ സലീമയെ കാണാൻ കഴിഞ്ഞില്ല. അമ്മയുടെയും മുത്തശ്ശിയുടെ മരണത്തെ തുടർന്ന് അഭിനയത്തിൽ നിന്നും വ്യത്യസ്തമായ മേഖലയായ ബിസിനസ്സിലേക്ക് സലീമ ശ്രദ്ധ കേന്ദ്രീകരിച്ചു.