വ്യാജ പതിപ്പിൽ വീണ് മോഹൻലാൽ ചിത്രം ബറോസും
ഡിസംബർ 25 ന് ക്രിസ്മസ് റിലീസായി ബിഗ് സ്‌ക്രീനുകളിൽ എത്തിയ മോഹൻലാലിൻ്റെ ആദ്യ സംവിധാന ചിത്രമാണ് ബറോസ് . ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രത്തിന് ബോക്‌സ് ഓഫീസിൽ വലിയ വിജയം നേടാനായില്ല. എന്നാൽ മറ്റൊരു പ്രതിസന്ധി ചിത്രം നേരിടുകയാണ്. ഒന്നിലധികം ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ചിത്രത്തിന്റെ വ്യാജ പതിപ്പുകൾ പ്രചരിക്കുകയാണ്.
തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലെ പൈറസി വെബ്‌സൈറ്റുകളിൽ ആണ് ബറോസിൻ്റെ എച്ച്ഡി പതിപ്പുകൾ ഓൺലൈനിൽ ചോർന്നിരിക്കുന്നത്.
അടുത്തിടെ നിരവധി മലയാള സിനിമകൾ പൈറസിക്ക് ഇരയായിട്ടുണ്ട്. മോഹൻലാൽ ചിത്രത്തിന് മുമ്പ് ഉണ്ണിമുകുന്ദൻ നായകനായ ഹനീഫ് അഥേനി ചിത്രം മാർക്കോ, നസ്രിയ ബേസിൽ കോംബോയിൽ എത്തിയ സൂക്ഷ്മദർശിനി, ടോവിനോ തോമസ് നായകനായ അജയന്റെ രണ്ടാം മോഷണം എന്നിവ വ്യാപകമായി പ്രചരിച്ചിരുന്നു.
കഴിഞ്ഞ ദിവസം നടൻ ഉണ്ണി മുകുന്ദൻ പ്രേക്ഷകരോട് തൻ്റെ സിനിമയുടെ വ്യാജ പതിപ്പ് കാണരുതെന്ന് അഭ്യർത്ഥിച്ചിരുന്നു . തൻ്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം ഈ അഭ്യർത്ഥന നടത്തിയത്. "ദയവായി പൈറേറ്റഡ് സിനിമകൾ കാണരുത്. ഞങ്ങൾ നിസ്സഹായരാണ്. നിങ്ങൾക്ക് മാത്രമേ ഇത് തടയാൻ കഴിയൂ. സിനിമകൾ ഓൺലൈനിൽ കാണാതിരിക്കുകയോ ഡൗൺലോഡ് ചെയ്യുകയോ ചെയ്യരുത്. ഇതൊരു അഭ്യർത്ഥനയാണ്." എന്നാണ് ഉണ്ണിമുകുന്ദൻ ഇൻസ്റാഗ്രാമിലൂടെ കുറിച്ചത്.
ഇതിനു ശേഷമാണ് ബാരോസിന്റെ വ്യാജ പതിപ്പ് പുറത്തെത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ഓ ടി ടി സ്ട്രീമിംഗ് ആരംഭിക്കാനിരിക്കെയായിരുന്നു വ്യാജ പതിപ്പ് ഇറങ്ങിയത്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിച്ചത്.
ചിത്രത്തിൽ മോഹൻലാൽ ടൈറ്റിൽ റോളിൽ അഭിനയിക്കുമ്പോൾ , മായാ റാവു വെസ്റ്റ്, സീസർ ലോറൻ്റെ റാറ്റൺ, ഇഗ്നാസിയോ മറ്റിയോസ്, കല്ലിറോയ് സിയാഫെറ്റ, നെറിയ കാമാച്ചോ, തുഹിൻ മേനോൻ എന്നിവരാണ് മറ്റു താരങ്ങൾ