സാമ്പത്തിക പരിമതികൾ മറികടന്നൊരു ചിത്രം : ഐഎഫ്എഫ്കെയിൽ ശ്രദ്ധേയമായി ആദ്യ ബജ്ജിക ഭാഷ ചിത്രം 'ആജൂര്‍'
ഐഎഫ്എഫ്കെയിൽ ശ്രദ്ധേയമായി ബജ്ജിക ഭാഷയിൽ ചിത്രീകരിച്ച ആദ്യ ചലച്ചിത്രമായ ആജൂര്‍. സാമ്പത്തിക പരിമതികൾ മറികടന്ന് സംവിധായകൻ ആര്യൻ ചന്ദ്രപ്രകാശിന്റെ നേതൃത്വത്തിൽ ബജ്ജിക ഭാഷ സംസാരിക്കുന്ന ശ്രീരാംപുർ ഗ്രാമവാസികളുടെ കൂട്ടായ്മയിലാണ് ആജൂർ പിറവിയെടുത്തത്. സിനിമാമേഖലയെക്കുറിച്ച് യാതൊരു ധാരണയും ഇല്ലാത്ത ആളുകള്‍ക്കിടയില്‍ സിനിമാ നിർമ്മാണത്തിന്റെ കടന്നുവരവരവ് ഒരു വിപ്ലവമായി സംവിധായകൻ രേഖപ്പെടുത്തുന്നു. നീണ്ട അഞ്ചു വര്‍ഷത്തെ ഒരു ജനതയുടെ പരിശ്രമത്തിന്റെ ആകെത്തുകയാണ് ആര്‍ജുര്‍. അഭിനേതാക്കളായ ഗ്രാമീണർക്ക് തുടർച്ചയായി പരിശീലനം നൽകിയിരുന്നു. സിനിമയിലൂടെ, അവരിലൂടെ തന്നെ സ്വന്തം ഗ്രാമങ്ങൾക്കു പുറത്തുള്ള മറ്റൊരു ലോകമവര്‍ കണ്ടു. സിനിമ അവരുടെ ജീവിതത്തിന് വെള്ളിത്തിരയിലൂടെ വെളിച്ചം പകര്‍ന്നു. ഈ രംഗം ആർക്കും അപ്രാപ്യമല്ലെന്ന ബോധ്യം ഗ്രാമവാസികൾക്കുണ്ടായി. കുട്ടികൾക്ക് വിദ്യാഭ്യാസം നല്‍കാനും സിനിമ അവര്‍ക്ക് പ്രചോദനമായി. ഐഎഫ്എഫ്കെയിൽ ചിത്രം തെരഞ്ഞെടുക്കപ്പെട്ടത് ഗ്രാമീണരുടെ സിനിമ സ്വപ്നങ്ങൾക്ക് നിറം പകർന്നതായും ആത്മവിശ്വാസം ഉയർത്തിയതായും സംവിധായകൻ ആര്യൻ ചന്ദ്രപ്രകാശ് പറഞ്ഞു. ആജൂറിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ അമ്മയായ പ്രകൃതി സഹായിക്കുന്ന ബജ്ജിക നാടോടിക്കഥയിലെ ആശയമാണ് സിനിമ നിര്‍മ്മിക്കാന്‍ പ്രചോദനമായത്. ലൗണ്ട നൃത്തകാരനായ അച്ഛനോടൊപ്പം ജീവിക്കുന്ന സലോണിയുടെ പഠനത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് സിനിമ പറയുന്നത്. ഇത് സലോണിയുടെ കഥ മാത്രമല്ല, ആര്യന്റെ സമൂഹത്തിലെ ഓരോരുത്തരുടെയും അവരുടെ പാരമ്പര്യ നൃത്തകലയായ ലൗണ്ടയുടെയും കൂടി കഥയാണ്. കഥയിൽ പ്രകൃതിക്കും വലിയൊരു പങ്കുണ്ട്. ആജൂർ സിനിമയുടെ സംവിധാനത്തിന് ആര്യൻ ചന്ദ്ര പ്രകാശിന് കൊൽക്കത്ത ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ചിരുന്നു.