'ഇനിയൊരു തിരികെ പോക്കില്ല'; വിവാഹമോചനത്തിൽ ഉറച്ച് ജയം രവി
actor jayam ravi aarthy divorce case
നടന്‍ ജയം രവി ഭാര്യ ആരതിയുമായുള്ള 15 വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ചുവെന്ന വാർത്തകളാണ് ഇപ്പോൾ പരക്കുന്നത്. വളരെയധികം വേദനയോടെ എടുത്ത തീരുമാനമാണ് ഇതെന്നുമാണ് 'എക്‌സി'ല്‍ പങ്കുവെച്ച കുറിപ്പിലൂടെ ജയം രവി വ്യക്തമാക്കിയത്. ഇതിനുപിന്നാലെ വിവാഹമോചന വാര്‍ത്ത പുറത്തുവിട്ടത് തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്ന വ്യക്തമാക്കി ആരതി രംഗത്ത് വരികയും ചെയ്തു. കഴിഞ്ഞ 18 വര്‍ഷമായി പരസ്പര വിശ്വാസത്തോടെയും ബഹുമാനത്തോടെയും ജീവിച്ചെങ്കിലും ജയം രവിയുടെ പ്രസ്താവനയോടെ അന്തസ്സും വ്യക്തിത്വവും നഷ്ടപ്പെട്ടതായി തനിക്ക് തോന്നുന്നുവെന്നും ആരതി എഴുതുകയുണ്ടായി. ഏറെ നാളായി ഇരുവരും തമ്മില്‍ അകന്നു കഴിയുകയായിരുന്നു.
എന്നാൽ, തനിക്ക് വിവാഹമോചനം വേണമെന്ന് ഉറപ്പിച്ചു പറയുകയാണ് ജയം രവിയിപ്പോള്‍. പ്രശ്‌നങ്ങള്‍ പരിഹരിക്കണമായിരുന്നുവെങ്കില്‍ എന്തുകൊണ്ട് ആരതി തന്നെ സമീപിച്ചില്ലെന്നും ജയം രവി ചോദിച്ചു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
എനിക്ക് വിവാഹ മോചനം വേണം. ഇനിയൊരു തിരികെ പോക്കില്ല. ആരതിയ്ക്ക് പ്രശ്‌നങ്ങള്‍ സംസാരിച്ച് പരിഹരിക്കണമായിരുന്നുവെങ്കില്‍ എന്തുകൊണ്ട് തന്നെ സമീപിച്ചില്ല. ഞാന്‍ അയച്ച രണ്ട് വക്കീല്‍ നോട്ടീസുകള്‍ക്കും മറുപടി നല്‍കിയില്ല. വീണ്ടും ഒന്നിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അങ്ങനെ ചെയ്യുമായിരുന്നോ? എന്തുകൊണ്ടാണ് അതിലേക്ക് മൂന്നാമതൊരാളുടെ പേര് വലിച്ചിട്ട് പ്രശ്‌നങ്ങള്‍ വഷളാക്കുന്നത്.ഒക്ടോബറില്‍ കോടതിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. മുന്നോട്ട് തന്നെയാണ് പോകുന്നത്. എല്ലാം നിയമത്തിന് വിടുകയാണ്- ജയം രവി പറഞ്ഞു.
ആരതിയില്‍നിന്ന് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ ആക്സസ് കഴിഞ്ഞ ദിവസമാണ് ജയം രവി വീണ്ടെടുത്തത്. അതോടൊപ്പം ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍നിന്നു നീക്കം ചെയ്തു. ചെന്നൈയിലെ അഡയാര്‍ പൊലീസ് സ്റ്റേഷനില്‍ ആരതിക്കെതിരെ ജയം രവി പരാതി നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. വീട്ടില്‍നിന്നു തന്നെ പുറത്താക്കിയതായി അദ്ദേഹം ആരോപിക്കുന്നു. ഇ.സി.ആര്‍. റോഡിലെ ആരതിയുടെ വസതിയില്‍നിന്ന് തന്റെ സാധനങ്ങള്‍ വീണ്ടെടുക്കാന്‍ സഹായിക്കണമെന്ന് ജയം രവി പരാതിയില്‍ പൊലീസിനോട് അഭ്യര്‍ഥിച്ചു.