അമ്മ വേഷങ്ങളിലൂടെ തമിഴ് സിനിമയിൽ പ്രിയങ്കരിയായ നടി കമല കാമേഷിന് അന്തരിച്ചു
തമിഴ് സിനിമകളിൽ അമ്മ വേഷങ്ങളിലൂടെ തിളങ്ങിയ നടി കമല കാമേഷ് അന്തരിച്ചു.
ചെന്നൈയിൽ ഇന്ന് പുലർച്ചയോടെയായിരുന്നു അന്ത്യം. 72 വയസ്സയിരുന്നു കമല കാമേഷിന്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. അന്തരിച്ച തമിഴ് സംഗീത സംവിധായകനായ കാമേഷിനെയാണ് അവർ വിവാഹം കഴിച്ചത്.അവരുടെ ഏകമകൾ ഉമയുടെ ഭർത്താവാണ് നടൻ റിയാസ് ഖാൻ .
1980കളിൽതമിഴ് സിനിമകളിലെ പ്രധാന സഹനടിമാരിൽ ഒരാളായിരുന്നു കമല കാമേഷ്. 1979ൽ പുറത്തിറങ്ങിയ കുടിസൈ എന്ന ചിത്രത്തിലൂടെയാണ് കമല കാമേഷിൻ്റെ അഭിനയ അരങ്ങേറ്റം നടന്നത്. തമിഴിൽ അഞ്ഞൂറോളം സിനിമകളിലും 11 മലയാളം സിനിമകളിലും തെലുങ്ക്, കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.ആളൊരുങ്ങി അരങ്ങൊരുങ്ങി, അമൃതം ഗമയ,വീണ്ടും ലിസ, ഉൽസവപിറ്റേന്ന് തുടങ്ങിയവയാണ് മലയാളത്തിൽ അഭിനയിച്ച പ്രധാന സിനിമകൾ.നിരവധി മുൻനിര താരങ്ങൾക്ക് കമല കാമേഷ് അമ്മ വേഷം ചെയ്തിട്ടുണ്ട്. ആർ.ജെ. ബാലാജി സംവിധാനം ചെയ്ത “വീട്ടിലെ വിശേഷം” എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. നിരവധി പ്രമുഖരാണ് പ്രിയ അഭിനേത്രിയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കുന്നത്.