മലയാളികളുടെ അമ്മ മുഖം ഇനി ഓർമ; കവിയൂർ പൊന്നമ്മ അന്തരിച്ചു

actress kaviyoor ponnamma passed away

Update: 2024-09-20 12:53 GMT

കൊച്ചി: അമ്മ വേഷങ്ങളിലൂടെ മലയാളി‌കളുടെ മനംകവർ‌ന്ന കവിയൂർ പൊന്നമ്മ (80) അന്തരിച്ചു. രോഗബാധിതയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഗായികയായിട്ടായിരുന്നു കവിയൂർ പൊന്നമ്മ കലാജീവിത്തിലേക്ക് ചുവടു വെച്ചത്. തുടർന്ന് നാടകത്തിലൂടെ അഭിനേത്രിയായി സിനിമയിലെത്തിയ പൊന്നമ്മ സത്യൻ, മധു, പ്രേംനസീർ, സോമൻ, സുകുമാരൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരുടെയെല്ലാം അമ്മവേഷങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

നെഗറ്റീവ് റോളുകൾ അടക്കം വ്യത്യസ്ത വേഷങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. ആയിരത്തോളം സിനിമകളിൽ അഭിനയിച്ചു.മേഘതീർഥം എന്ന ചിത്രം നിർമിച്ചു. മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലു വട്ടം നേടിയിട്ടുണ്ട്. സിനിമാ നിർമാതാവും സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന പരേതനായ മണിസ്വാമിയാണ് ഭർത്താവ്. മകൾ ബിന്ദു. മരുമകൻ വെങ്കട്ടറാം (യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് മിഷിഗനിൽ പ്രഫസർ).

പത്തനംതിട്ടയിലെ കവിയൂരിൽ ടി.പി ദാമോദരന്റെയും ഗൗരിയമ്മയുടെയും മകളായി 1944 ജനുവരി 6 നാണ് പൊന്നമ്മ ജനിച്ചത്. അന്തരിച്ച നടി കവിയൂർ രേണുക അടക്കം ഇളയ ആറു സഹോദരങ്ങൾ കൂടിയുണ്ട്. പൊന്നമ്മയ്ക്ക് ഒരു വയസ്സുള്ളപ്പോൾ കവിയൂരിൽനിന്ന് കോട്ടയത്തെ പൊൻകുന്നത്തേക്കു താമസം മാറി. അച്ഛനിൽനിന്നു പകർന്നുകിട്ടിയ സംഗീതതാൽപര്യത്താൽ കുട്ടിക്കാലം തൊട്ടു സംഗീതം പഠിച്ചിരുന്നു. എം.എസ്.സുബ്ബലക്ഷ്മിയെപ്പോലെ വലിയ പാട്ടുകാരിയാകണമെന്നായിരുന്നു ആഗ്രഹം.

പന്ത്രണ്ടു വയസ്സുള്ളപ്പോൾ, സംഗീതസംവിധായകൻ ജി.ദേവരാജൻ നാടകത്തിൽ പാടാനായി പൊന്നമ്മയെ ക്ഷണിച്ചു. തോപ്പിൽ ഭാസിയുടെ ‘മൂലധന’ത്തിലാണ് ആദ്യമായി പാടിയത്. പിന്നീട് അതേ നാടകത്തിൽ നായികയെ കിട്ടാതെ വന്നപ്പോൾ ഭാസിയുടെ നിർബന്ധത്താൽ നായികയാകേണ്ടിവന്നു. പിന്നെ കെപിഎസിയിലെ പ്രധാന നടിയായി മാറിയ പൊന്നമ്മ പ്രതിഭാ ആർട്സ്ക്ളബ്, കാളിദാസ കലാകേന്ദ്രം തുടങ്ങിയ നാടകസമിതികളിലും പ്രവർത്തിച്ചു. പുതിയ ആകാശം പുതിയ ഭൂമി, ഡോക്ടർ, അൾത്താര, ജനനി ജന്മഭൂമി തുടങ്ങിയ നാടകങ്ങളിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു.

പതിനാലാം വയസ്സിൽ, കാളിദാസ കലാകേന്ദ്രത്തിലെ നൃത്ത അധ്യാപകൻ തങ്കപ്പൻ മാസ്റ്ററുടെ നിർബന്ധത്തിലാണ് ആദ്യമായി സിനിമയിലഭിനയിച്ചത്. മെറിലാൻഡിന്റെ ‘ശ്രീരാമപട്ടാഭിഷേക’ത്തിൽ മണ്ഡോദരിയുടെ വേഷമായിരുന്നു. കുടുംബിനി എന്ന ചിത്രത്തിലാണ് ആദ്യമായി അമ്മവഷത്തിൽ അഭിനിയിച്ചത്. തൊമ്മന്റെ മക്കൾ എന്ന ചിത്രത്തിൽ സത്യൻ, മധു എന്നിവരുടെ അമ്മവേഷമായിരുന്നു. പിന്നീട് നെഗറ്റീവ് വേഷങ്ങളടക്കം ആയിരത്തോളം സിനിമകളിൽ‌ അഭിനയിച്ചു.

Tags:    

Similar News