പ്രൊമോഷൻ തന്ത്രങ്ങളെല്ലാം വേറിട്ടത്, ചിത്രത്തിൻറെ റിലീസ് ദിവസം ഡ്രസ്സ് കോഡ്

Update: 2025-03-26 09:28 GMT

ലോകമെമ്പാടുമുള്ള പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന എമ്പുരാന്റെ പ്രൊമോഷനായി അണിയറപ്രവർത്തകർ സ്വീകരിക്കുന്ന മാർഗങ്ങളെല്ലാം വേറിട്ടതും രസകരവുമാണ്. ചിത്രം മാർച്ച് 27 ന് ആഗോളതലത്തിൽ റിലീസിനെത്തുമ്പോൾ ഒരു പുതിയ ചലഞ്ചുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിൻറെ അണിയറപ്രവർത്തകർ. റിലീസ് ദിവസം തിയറ്ററിലേക്ക് കറുപ്പണിഞ്ഞ് വന്നാലോ എന്നാണ് ആശിർവാദ് സിനിമാസ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്. അത് കേട്ടയുടൻ ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജ് 'ഞാൻ തയാർ. ലാലേട്ടൻ്റെ കാര്യവും ഞാൻ ഏറ്റു' എന്ന് മറുപടി കുറിപ്പിടുകയും ചെയ്തു. എന്നാൽ, ലാലേട്ടൻ മൊത്തത്തിൽ കൺഫ്യൂഷനിലാണ്. 'ഞാനും തയാർ. എന്നാൽ ഡയറക്ടർ സാർ, ഞാൻ ആരായിട്ടാണ് വരേണ്ടത്? സ്റ്റീഫനായി വരണോ? അതോ ഖുറേഷിയായോ?' എന്നാണ് മോഹൻലാലിൻറെ ചോദ്യം. ആരാധകർ വളരെ രസകരമായാണ് ഇതിനോട് പ്രതികരിക്കുന്നത്.

ഇനി റിലീസ് ദിവസം മോഹൻ ലാൽ എങ്ങനെ വരുമെന്നാണ് ആരാധകരുടെ സംശയം. ലൂസിഫർ ആയാണ് എത്തുന്നതെങ്കിൽ വെളുത്ത മുണ്ടും ഷർട്ടും അണിഞ്ഞാകും എത്തുക. അതല്ല ഖുറേഷി എബ്രഹാമായാണ് എത്തുന്നതെങ്കിൽ കറുപ്പണിഞ്ഞാകും എത്തുന്നത്. ഇനി ലാലേട്ടനായതുകൊണ്ട് അണിയറപ്രവർത്തകരെല്ലാം കറുപ്പണിയുമ്പോൾ ഒരു വെറൈറ്റിക് ലുസിഫെറായി വെളുപ്പണിഞ്ഞ് എത്തുമോ എന്നും അറിയില്ല. അതല്ല ഈ ഡ്രസ്സ് കോഡ് ചലഞ്ച് ലാലേട്ടൻ ആരാധകർ മൊത്തത്തിൽ അങ് ഏറ്റെടുക്കുമോ എന്നും കണ്ടു തന്നെ അറിയണം.

ഒരു വമ്പൻ ചിത്രത്തിന് വേണ്ടി അത്യധികം ആകാംഷയോടെ കാത്തിരിക്കുന്നതിൽ വലിയ കൗതുകമില്ല. പക്ഷെ ആ ചിത്രത്തിൻറെ പ്രചാരണത്തിന് വേറിട്ട വഴികൾ ഉപയോഗിച്ചുകൊണ്ട് ആ കാത്തിരിപ്പ് കൂടുതൽ ത്രില്ലിങ്ങാക്കി മാറ്റുന്നത് ഒരു വലിയ കാര്യം തന്നെയാണ്. ഒരു ചിത്രത്തിൻറെ വിജയം ആ ചിത്രത്തിന്റെ പ്രൊഡക്ഷൻ ക്വാളിറ്റിയിൽ മാത്രം ആശ്രയിച്ചിരിക്കുന്നതല്ല. അതിന്റെ പ്രൊമോഷൻ വർക്കുകൾക്കും അതിൽ വലിയ സ്വാധീനമുണ്ട്. ആ രീതിയൽ ഏമ്പുരാനു വേണ്ടിയുള്ള കാത്തിരിപ്പ് കൂടുതൽ ത്രില്ലുള്ളതാക്കി തീർക്കുവാൻ ചിത്രത്തിൻറെ അണിയറപ്രവർത്തകർക്കു കഴിഞ്ഞു.

ചിത്രത്തിൻറെ ഓരോ അപ്ഡേഷനുകളും ആ രീതിയിൽ തന്നെയായിരുന്നു. 18 ദിവസം കൊണ്ടാണ് ചിത്രത്തിലെ 36 കഥാപാത്രങ്ങളെ അഭിനേതാക്കൾ പരിചയപ്പെടുത്തിയത്. ഓരോ ദിവസവും ഏതൊക്കെ കഥാപാത്രങ്ങളെയാണ് പരിചയപ്പെടുത്തുന്നത് കാണാനായി പ്രേക്ഷകർ കാത്തിരുന്നു. തുടക്കം മുതൽ തന്നെ ചിത്രത്തിൻറെ അണിയറ പ്രവർത്തകർ ഈ സസ്പെൻസ് കാത്തുസൂക്ഷിച്ചു. നാളെ ചിത്രം തീയേറ്ററുകളിലെത്തുമ്പോൾ ഈ ആവേശമെല്ലാം അവിടെ കാണാൻ ആകും എന്നുള്ള കാര്യം ഉറപ്പാണ്.

കൂടാതെ ഇതിനോടകം തന്നെ ആഗോളതലത്തിലുള്ള pre sales വഴി ചിത്രം 50 കോടിയിലധികം നേടിക്കഴിഞ്ഞു. നിലവിൽ പല റെക്കോർഡുകളും ചിത്രം മറികടന്നു കഴിഞ്ഞു. ഇനി ബാക്കി അറിയേണ്ടത് തിയറ്ററുകളിൽ നിന്നാണ് . അതിനായി നാളെ പുലർച്ചെ വരെ നമുക്ക് കാത്തിരിക്കാം.

Tags:    

Similar News