അമരനിൽ സായി പല്ലവിയുടെ ഫോൺ നമ്പർ ; എഞ്ചിനീയറിംഗ് വിദ്യാർത്ഥിയോട് മാപ്പ് ചോദിച്ച് നിർമ്മാതാക്കൾ
ശിവകാർത്തികേയൻ സായി പല്ലവി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി രാജ്കുമാർ പെരിയസ്വാമി സംവിധാനം ചെയ്ത ചിത്രമായിരുന്നു അമരാൻ. കമൽ ഹാസന്റെ രാജ് കമൽ ഫിലിംസായിരുന്നു ചിത്രം നിർമ്മിച്ചത്. 328 കോടിയിലേറെ ബോക്സ് ഓഫീസ് കളക്ഷൻ നേടിയ ചിത്രത്തിനെതിരെ 1.1 കോടി നഷ്ടപരിഹാരം ആവിശ്യപ്പെട്ട് എഞ്ചിനീയറിംഗ് വിദ്യാർത്ഥി വാക്കേല് നോട്ടീസ് അയച്ചത് നേരത്തെ വാർത്തയായിരുന്നു. ചിത്രത്തിൽ സായി പല്ലവി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫോൺ നമ്പർ എന്ന തരത്തിൽ കാണിച്ചിരിക്കുന്നത് എൻജിനിയറിങ് വിദ്യാർത്ഥിയായ വി വി വാഗീശന്റെ ആയിരുന്നു. ചിത്രം റിലീസായ പിന്നാലെ വാഗീശന്റെ നമ്പറിലേയ്ക്ക് സായി പല്ലവിയെ ആവശ്യപ്പെട്ടു നിര്ധാരമായി കോളുകൾ വന്നിരുന്നു. ഏത് ശല്യമായതോടെയാണ് വിദ്യാർത്ഥി നഷ്ടപരിഹാരമായി 1.1 കോടി രൂപ ആവിശ്യപ്പെട്ട് വക്കീൽ നോട്ടീസ് നിർമ്മാതാക്കൾക്ക് അയക്കുന്നത്.
ഇപ്പോൾ സംഭവത്തിൽ വിദ്യാർത്ഥിയോട് മാപ്പ് പറഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാക്കളായ രാജ് കമല്‍ ഫിലിംസ്. ചിത്രത്തിൽ നിന്നും വാഗീശന്റെ നമ്പർ നീക്കം ചെയ്തെന്നും, ഇതിൽ വാഗീശനുണ്ടായ അസൗകര്യത്തിൽ മാപ്പ് ചോദിക്കുന്നെന്നും രാജ് കമൽ ഫിലിംസ് പറഞ്ഞു. എന്നാൽ നിർമ്മാതാക്കളുടെ പ്രതികരണം വളരെ വൈകിയാണെന്ന പരാതിയിലാണ് വി വി വാഗീശൻ.അമരനിലെ ഒരു രംഗത്തിൽ ശിവകാർത്തികേയന് സായ് പല്ലവി തന്റെ മൊബൈൽ നമ്പർ എഴുതിയ പേപ്പർ നൽകുന്ന രംഗമുണ്ട്. നമ്പറിലെ പത്ത് അക്കത്തിൽ ഒന്ന് വായിക്കാനാകുന്നില്ലെങ്കിലും നമ്പർ തന്റേതാണെന്നായിരുന്നു വിദ്യാർത്ഥിയുടെ പരാതി. സായ് പല്ലവിയുടെ നമ്പർ എന്ന് കരുതി പല കോണുകളിൽ നിന്നും ആളുകൾ വിളിക്കുകയും അതിന്റെ എണ്ണം വർധിച്ചത് മൂലം ഫോൺ മ്യൂട്ട് ചെയ്യേണ്ട അവസ്ഥയുണ്ടായെന്നും വിദ്യാർത്ഥി വ്യക്തമാക്കിയിരുന്നു.
മാത്രമല്ല,ആളുകൾ ഇന്ദു റെബേക്ക വര്‍ഗീസ് എന്ന പേരിൽ ട്രൂ കോളറിൽ വാഗീശന്റെ നമ്പർ സേവും ചെയ്തു. ബാങ്ക് അക്കൗണ്ട് ഉൾപ്പടെയുള്ള നമ്പർ ആയതിനാൽ അത് ഉപേക്ഷിക്കാനും തനിക്ക് കഴിയില്ല. ഇതുമായി ബന്ധപ്പെട്ട് സിം കമ്പനിയായ എയര്‍ ടെല്ലിനെ ബന്ധപ്പെട്ടിരുന്നു. എന്നാൽ മാർക്കറ്റിങ് കോളുകൾ മാത്രമേ ബ്ലോക്ക് ചെയ്യാൻ കഴിയുകയുള്ളൂ എന്നും മറ്റ് ഇൻകമിങ് കോളുകൾ ബ്ലോക്ക് ചെയ്യാൻ കഴിയില്ലെന്നുമാണ് എയർടെൽ പറഞ്ഞത്.പിന്നാലെ തന്റെ നമ്പറാണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് സോഷ്യൽമീഡിയയിലൂടെ സിനിമയുടെ സംവിധായകനെയും ശിവകാര്‍ത്തികേയനെയും അറിയിക്കാൻ ശ്രമിച്ചു. എന്നാൽ അവരിൽ നിന്ന് യാതൊരു മറുപടിയും ലഭിച്ചില്ല എന്നാണ് വാഗീശൻ അന്ന് പരാതിയിൽ വ്യക്തമാക്കിയത്. ഈ കാരണത്താലായിരുന്നു സിനിമയുടെ നിർമാതാക്കളിൽ നിന്ന് വാഗീശൻ 1.1 കോടി രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.