ഞാനും ദീപികയും തുല്യദുഃഖിതർ ആയിരുന്നു: അന്ന ബെൻ
Anna Ben, Deepika Padukone
പ്രഭാസിന്റെ ബ്രഹ്‌മാണ്ഡ ചിത്രം ‘കൽക്കി 2898 എഡി’യിലെ നടി അന്ന ബെന്നിന്റെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. വിമത പോരാളിയായ കയ്‌റ എന്ന കഥാപാത്രത്തെയാണ് അന്ന ബെൻ ചിത്രത്തിൽ അവതരിപ്പിച്ചത്. നടിയുടെ ആക്ഷൻ രംഗങ്ങളും ശ്രദ്ധ നേടിയിരുന്നു. കൽക്കിയിൽ ദീപിക പദുക്കോണിന് ഒപ്പമായിരുന്നു അന്നയ്ക്ക് കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുന്നത്.
കൽക്കിയുടെ സെറ്റിൽ ദീപികയും താനും തുല്യദുഃഖിതർ ആയിരുന്നുവെന്ന് പറയുകയാണ് അന്ന. രണ്ട് പേർക്കും തെലുങ്ക് അറിയില്ലായിരുന്നു എന്നാണ് അന്ന പറയുന്നത്.
”ഞാനും ദീപിക മാഡവും കുറച്ച് ദിവസങ്ങൾ ഒരുമിച്ചുണ്ടായിരുന്നു എങ്കിലും ഞങ്ങൾ രണ്ടുപേരും ഉള്ള സീനുകൾ കുറവായിരുന്നു. മലയാളിയാണെന്ന് കേട്ടപ്പോൾ വലിയ സ്‌നേഹമായിരുന്നു അവർക്ക് മലയാള സിനമ അവർ കാണാറുണ്ട്. സെറ്റിൽ വച്ച് അവർ എന്നോട് പറഞ്ഞു, കുമ്പളങ്ങി നൈറ്റ്‌സ് അവർക്ക് കാണാൻ കഴിഞ്ഞില്ല.”
”പക്ഷേ, രൺവീർ സിംഗ് സിനിമ കാണുകയും അവരോട് അതിനെ കുറിച്ച് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. വളരെ പ്രഫഷനൽ ആണ്. കൃത്യസമയത്ത് വരുക ഷൂട്ടിംഗ് കഴിഞ്ഞ് കൃത്യസമയത്ത് തിരിച്ചു പോവുക അതാണ് രീതി. പിന്നെ, അവർക്ക് എന്നോടുള്ള പ്രത്യേക താൽപര്യം എന്തായിരുന്നുവെന്ന് ചോദിച്ചാൽ ഭാഷയുടെ കാര്യത്തിൽ ഞങ്ങൾ തുല്യദുഃഖിതർ ആയിരുന്നു.”
”എനിക്കും തെലുങ്ക് അറിയില്ല. അവർക്കും അറിയില്ല” എന്നാണ് അന്ന ബെൻ പറയുന്നത്. അതേസമയം, അമിതാഭ് ബച്ചനും പ്രഭാസും ഒന്നിച്ച ചിത്രമാണ് കൽക്കി എങ്കിലും താൻ ഇരുവരെയും കണ്ടിട്ടില്ല എന്നും അന്ന വ്യക്തമാക്കി. പശുപതി സാറിനെയും ശോഭന മാമിനെയുമാണ് കണ്ടത് എന്നാണ് അന്ന പറയുന്നത്.