പരിധി വിട്ടാല്‍ ഏതൊരാളും റിയാക്ട് ചെയ്യും,ഹണി റോസിന് മാത്രമായി പ്രത്യേക ഡ്രസ് കോഡ് ഒന്നുമില്ല : സന്തോഷ് പണ്ഡിറ്റ്

Update: 2025-01-12 06:39 GMT

കേരളത്തിൽ ഇപ്പോൾ കത്തി പടരുന്ന ഒരു വിഷയമാണ് ഹണി റോസും ബോബി ചെമ്മണ്ണൂരും തമ്മിലുള്ള കേസും നിയമ പോരാട്ടങ്ങളും. ഈ വിഷയത്തിന് ശേഷം നിരവധി ആളുകൾ ആണ് തങ്ങളുടെ അഭിപ്രായങ്ങൾ വെളിപ്പെടുത്തുന്നത്. ഹണി റോസിനെ അനുകൂലിച്ചാണ് നിരവധി കമെന്റുകൾ സാമൂഹ്യമാധ്യമങ്ങളിൽ വരുന്നത്. സിനിമ താരങ്ങളും, താര സംഘടനയായ അമ്മയും ഈ കാര്യത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കി ഹണി റോസിന് പൂർണ്ണ പിന്തുണ അറിയിച്ചിരുന്നു. ഇപ്പോൾ നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് ഈ കാര്യത്തിൽ തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ്. ഒരാൾക്ക് തമാശയായി തോന്നുന്നത് കേൾക്കുന്നയാൾക്കും തമാശയാവണമെന്നില്ലെന്നും അങ്ങനെ അല്ലാത്തപക്ഷം അതവിടെ വെച്ച് നിർത്തണമെന്നും സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി. ബോബി ചെമ്മണ്ണൂർ ഈ വിഷയത്തെ തമാശയായി കണ്ടുവെന്നും എന്നാൽ ഹണി റോസ് വളരെ ഗൗരവമായാണ് സ്വീകരിച്ചതെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.കേരള സംസ്ഥാനത്ത് ഹണി റോസ് എന്ന നടിക്കു മാത്രമായി പ്രത്യേക ഡ്രസ് കോഡ് ഒന്നുമില്ലെന്നും നിയമം അനുശാസിക്കുന്ന സിക്കുന്ന ഏത് വസ്ത്രം ധരിച്ചും അവർക്കു പുറത്തേക്കു പോകാവുന്നതാണെന്നും സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേർക്കുന്നു.

''ഞാന്‍ മനസ്സിലാക്കിയിടത്തോളം ഈ വിഷയത്തില്‍ മൂന്നാളുകളാണുള്ളത്. പ്രമുഖ നടി, പ്രമുഖ കോടീശ്വരന്‍ പിന്നെ കമന്റ്‌സിടുന്നയാളുകള്‍. കമന്റ്‌സിടുന്നവരോട് എനിക്ക് പറയാനുള്ളത് സോഷ്യല്‍ മീഡിയ എന്ന വാക്കിന്റെ അര്‍ഥം തോന്നിയതെല്ലാം എഴുതിവെക്കാനുള്ള മീഡിയ എന്നല്ല.ഒരു വിഷയത്തിൽ അഭിപ്രായം പറയാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ ആ അഭിപ്രായം മാന്യവും സഭ്യവുമായിരിക്കണം.ചില സാഹചര്യങ്ങളില്‍ നമ്മളെ കുറിച്ചോ കുടുംബത്തെ കുറിച്ചോ മോശം പ്രവൃത്തിയുണ്ടായാല്‍ തിരിച്ചും മോശം പറയേണ്ടി വരും. ഒരു പരിധി വിട്ടാല്‍ ഏതൊരാളും റിയാക്ട് ചെയ്യും. പക്ഷേ അതുപോലെയല്ല ഒരു നടിയുടെ വസ്ത്രം കണ്ടിട്ടോ നടന്മാരോടുള്ള ആരാധനയുടെ ഭാഗമായോ ഒരാള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തുന്നത്.നിങ്ങള്‍ക്കെതിരെ നിയമനടപടിയുണ്ടായെന്ന് വരും. പ്രമുഖ കോടീശ്വരന്‍ ഒരു തമാശയെന്ന രീതിയില്‍ ദ്വയാര്‍ഥപരമാര്‍ശം നടത്തുകയും അദ്ദേഹത്തിന്റെ കൂട്ടുകാരും അതേ മാനസികാവസ്ഥയിലുള്ളവരും അത് രസകരമായി കാണുകയും ചെയ്തു. എല്ലാവര്‍ക്കും അത് തമാശയായി തോന്നണമെന്നില്ല.ജീവിക്കുക ജീവിക്കാനനുവദിക്കുക എന്നതുപ്രകാരം തമാശ കേള്‍ക്കുന്നയാള്‍ക്ക് അത് തമാശയായി തോന്നുന്നില്ലെങ്കില്‍ അത് അവിടെ വെച്ചുനിര്‍ത്തണം.ആ നടി അദ്ദേഹത്തിന്റെ മാനേജരോട് വ്യക്തമാക്കിയതാണ് അത് തമാശയായി തോന്നുന്നില്ലെന്ന്. അപ്പോള്‍ തന്നെ അത് പരിഹരിക്കാമായിരുന്നു.'' സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

അതേസമയം, ബോബി ചെമ്മണ്ണൂരിന് പിന്നാലെ രാഹുൽ ഈശ്വറിന് എതിരെയും ഹണി റോസ് പരാതി നൽകിയിട്ടുണ്ട്. സൈബറിടങ്ങളിൽ സംഘടിത അധിക്ഷേപം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ചാനൽ ചർച്ചകളിൽ ഉൾപ്പെടെ നടിക്കെതിരെ രൂക്ഷമായി ഭാഷയിലാണ് രാഹുൽ ഈശ്വർ പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് നടിയുടെ നടപടി. 

Tags:    

Similar News