എന്നെന്നും നെഞ്ചോടുചേർത്ത ഗുരുതുല്യൻ; മോഹൻലാൽ

By :  Aiswarya S
Update: 2024-07-15 06:02 GMT

ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ അരോമ മണിയെ അനുസ്മരിച്ച് നടൻ മോഹൻലാൽ. മണിയുടെ ഓർമ്മകൾ പങ്കുവച്ച് ഫേസ്ബുക്കിലൂടെയാണ് മോഹൻലാൽ കുറിപ്പ് പങ്കുവച്ചത്. അരോമ മൂവി ഇൻറർനാഷണൽ, സുനിത പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അറുപതിലധികം സിനിമകൾ നിർമിച്ച ചലച്ചിത്ര പ്രവർത്തകനാണ് അരോമ മണി.

എന്നും തന്നെ നെഞ്ചോടുചേർത്ത് പിടിച്ച ഗുരുതുല്യനായ വ്യക്തിത്വം എന്ന് വിശേഷിപ്പിച്ചാണ് മോഹൻലാലിന്റെ കുറിപ്പ്. "മറക്കാനാവാത്ത ചലച്ചിത്ര സംഭാവനകൾ മലയാളത്തിന് നൽകി പ്രിയപ്പെട്ട അരോമ മണി സാർ നമ്മോട് വിടപറഞ്ഞു. മലയാളസിനിമയുടെ വളർച്ചയുടെ പാതയിൽ, കലാമൂല്യം കൊണ്ടും ജനപ്രീതികൊണ്ടും കാലാതീതമായി നിൽക്കുന്ന, എത്രയെത്ര ചിത്രങ്ങളാണ് മണി സാർ നിർമ്മിച്ചു നൽകിയത്.


Full View

1970 മുതൽ ഇങ്ങോട്ടുള്ള നീണ്ട കാലയളവിൽ, എത്രയെത്ര ചലച്ചിത്ര പ്രതിഭകളെയാണ് അദ്ദേഹം കൈപിടിച്ചുയർത്തിയത്. എൻ്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവുകൾ ആയിമാറിയ, 'ഇരുപതാം നൂറ്റാണ്ട്', 'ദൂരെ ദൂരെ ഒരു കൂടുകൂട്ടാം', 'സൂര്യഗായത്രി', 'ബാലേട്ടൻ', തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ മണി സാറിനോടൊപ്പം പ്രവർത്തിക്കാൻ ഭാഗ്യമുണ്ടായി.

'എങ്ങനെ നീ മറക്കും', സിനിമയിലെ ‘ദേവദാരു പൂത്തു’ തുടങ്ങി അദ്ദേഹത്തിൻ്റെ ചിത്രങ്ങളിലെ മനോഹരങ്ങളായ ഗാനങ്ങൾ മലയാളത്തിന് എങ്ങനെ മറക്കാൻ സാധിക്കും?. ഹൃദ്യമായ പെരുമാറ്റം കൊണ്ടും, സ്നേഹോപദേശങ്ങൾ കൊണ്ടൂം മണി സാർ സിനിമാ മേഖലയിൽ എല്ലാവർക്കും ഒരു വഴികാട്ടിയും മാതൃകയുമായിരുന്നു. എന്നും എന്നെ നെഞ്ചോടുചേർത്ത് പിടിച്ച ഗുരുതുല്യനായ വ്യക്തിത്വം. നികത്താനാവാത്ത നഷ്ടങ്ങളുടെ കൂട്ടത്തിൽ പ്രിയപ്പെട്ട മണിസാറും," മോഹൻലാൽ കുറിച്ചു.

Tags:    

Similar News