പിന്തുണക്ക് നന്ദി; അദ്ദേഹത്തിൻ്റെ വിഷമം എനിക്ക് മനസ്സിലാകും ഹേറ്റ് ക്യാംപയ്ൻ ആകരുത്: ആസിഫ്
നടൻ ആസിഫ് അലിയിൽ നിന്ന് പുരസ്കാരം സ്വീകരിക്കാൻ അനിഷ്ടം പ്രകടിപ്പിച്ച സംഗീതസംവിധായകൻ രമേശ് നാരായണനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. സംഭവത്തിൽ ആസിഫ് അലിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് താരങ്ങളും രാഷ്ട്രീയപ്രവർത്തരും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, വിവാദത്തിൽ പ്രതികരിച്ചിരിക്കുകയാണ് ആസിഫ് അലി.
തന്നെ പിന്തുണച്ച് സംസാരിക്കുന്നതും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതും മറ്റൊരാൾക്ക് എതിരെയുള്ള ഹേറ്റ് ക്യാംപെയ്നായി മാറരുതെന്ന് ആസിഫ് അലി പറഞ്ഞു. രമേശ് നാരായണൻ അനുഭവിക്കുന്ന വിഷമം എത്രത്തോളമാണെന്ന് മനസ്സിലാകുമെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു.
'എന്നെ പിന്തുണച്ച് സംസാരിക്കുന്നതും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതും മറ്റൊരാൾക്ക് എതിരെയുള്ള ഹേറ്റ് ക്യാംപെയ്നായി മാറരുത്. അതെന്റെയൊരു അപേക്ഷയാണ്. അദ്ദേഹം അനുഭവിക്കുന്ന വിഷമം എനിക്ക് മനസ്സിലാകും. ദയവുചെയ്ത് ഹേറ്റ് ക്യാംപെയ്നായി മാറരുത്. എനിക്ക് നിങ്ങളെല്ലാവരും നൽകുന്ന പിന്തുണയ്ക്ക് ഒരുപാട് നന്ദി. ഐ ലവ് യു ഗയ്സ്. നിങ്ങളിൽ നിന്ന് ഇത്രയും സ്നേഹം അനുഭവിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം' , ആസിഫ് അലി പറഞ്ഞു.
പുതിയ ചിത്രമായ ലെവൽ ക്രോസിന്റെ പ്രചരണാർത്ഥം എറണാകുളത്തെ സെന്റ് ആൽബർട്ട്സ് കോളേജിൽ എത്തിയതാണ് ആസിഫ് അലി. നടി അമലാ പോളും സംവിധായകൻ അർഫാസും ഒപ്പമുണ്ടായിരുന്നു. വിവാദത്തിൽ വിശദമായ പ്രതികരണം വെെകാതെ നടത്തുമെന്നും ആസിഫ് അലി അറിയിച്ചിട്ടുണ്ട്.