ആസിഫ് അലിക്ക് വീണ്ടും അഭിനന്ദങ്ങളുമായി സോഷ്യൽ മീഡിയ
വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായവുമായി നടൻ ആസിഫ് അലി. താരം തന്നെയാണ് ഇക്കാര്യം സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചത്. എന്നാൽ എത്ര തുകയാണ് നല്കിയതെന്ന് ആസിഫ് വെളിപ്പെടുത്തിയിട്ടില്ല. നൽകിയ തുകയുടെ ഭാഗം മറച്ചുവച്ചാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു കൈ കൊടുക്കുന്നത് മറുകൈ അറിയരുതെന്ന് പറഞ്ഞ് നിരവധി പേരാണ് ആസിഫിൻറെ പ്രവർത്തിയെ അനുകൂലിച്ച് രംഗത്തെത്തിയത്.
ധനസഹായം നൽകിയതിനൊപ്പം വയനാടിന്റെ അതിജീവനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നടത്തണമെന്ന് അദ്ദേഹം എല്ലാവരോടും ആവശ്യപ്പെടുകയും ചെയ്തു. വയനാട് ദുരന്തത്തിൻറെ വ്യാപ്തി ലോകമെമ്പാടുമുള്ള മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്. വയനാടിൻറെ അതിജീവനത്തിനുവേണ്ടി സ്വയം സന്നദ്ധരായി ആളുകൾ മുന്നോട്ടുവരുന്നതാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ ചെറുതെന്നോ വലുതെന്നോ ഇല്ലാതെ കഴിയുന്നവിധം ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണം എന്നാണ് ആസിഫ് അലിയുടെ വാക്കുകൾ.