'മറ്റ് ചിത്രങ്ങളുടെ പേരുകൾ പറയാൻ വിട്ടുപോയതിൽ വിഷമമുണ്ട്' : ആസിഫ് അലി

asif ali about sheelu abraham fb post

Update: 2024-09-15 07:32 GMT

ടൊവിനോയ്ക്കും ആന്റണി വർഗീസിനും ഒപ്പം ചെയ്ത പ്രമോഷൻ വീഡിയോയിൽ മറ്റ് ഓണച്ചിത്രങ്ങളുടെ പേരുകൾ പറയാൻ വിട്ടുപോയതിൽ വിഷമമുണ്ടെന്ന് നടൻ ആസിഫ് അലി. സിനിമ പ്രമോഷൻ്റെ ഭാ​ഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.

ടൊവിനോ തോമസും ആസിഫ് അലിയും ആൻ്റണി വർ​ഗീസും ഒരുമിച്ചൊരു പ്രമോഷൻ വീഡിയോ ചെയ്തതിന് പിന്നാലെ വിമർശനവുമായി നടിയും നിർമാതാവുമായ ഷീലു എബ്രഹാം രം​ഗത്തുവന്നിരുന്നു. ഈ നടന്മാർ തങ്ങൾ പ്രധാന വേഷങ്ങളിലെത്തുന്ന മൂന്ന് സിനിമകള്‍ മാത്രം ഒന്നിച്ചെത്തി പ്രമോട്ട് ചെയ്തെന്നും ചില സിനിമകളെ ഇവർ മനഃപൂർവം തഴഞ്ഞുവെന്നുമായിരുന്നു നടിയുടെ ആരോപണം. ഇവരുടെ പ്രവർത്തി തങ്ങളെ വേദനിപ്പിച്ചുവെന്നും ഷീലു എബ്ര​ഹാം കൂട്ടിച്ചേർക്കുകയുണ്ടായി.

‘ഞങ്ങൾ മൂന്നുപേരും ഏകദേശം ഒരേ പ്രായത്തിലുള്ള ആളുകളാണ്. വളരെ ഗംഭീരമായ തുടക്കം മലയാള സിനിമയ്ക്ക് കിട്ടിയ വർഷമാണിത്. ഒരുപാട് നല്ല സിനിമകൾവന്നു, തിയേറ്ററുകൾ വീണ്ടും സജീവമായി. അങ്ങനെ നിൽക്കുന്ന അവസരത്തിൽ നമ്മളാരും പ്രതീക്ഷിക്കാത്ത ഒരു സംഭവമുണ്ടാകുന്നു. അതിന്റെയൊരു നെഗറ്റിവിറ്റി സിനിമയിൽ മൊത്തം വരുന്നു.

തിയേറ്ററുകളെ അത് ബാധിച്ചോ ഇല്ലയോ എന്നത് നമുക്കറിയില്ല. പക്ഷേ ഈയൊരു ഓണസീസൺ എന്നു പറയുന്നത്, എല്ലാ ബിസിനസ്സുകളേയും പോലെ സിനിമയ്ക്കും വളരെ പ്രധാനപ്പെട്ടതാണ്. ഈ അവധിക്കാലത്ത് കുടുംബത്തിന് തിയേറ്ററുകളിൽ വന്ന് കാണാനാകുന്ന എല്ലാത്തരത്തിലുമുള്ള സിനിമകളും ഉണ്ട്. ആ ഒരു സീസൺ സജീവമാകമണെന്ന ഉദ്ദേശ്യം മാത്രമാണ് ഞങ്ങൾക്ക് ഉണ്ടായിരുന്നത്.

ഞങ്ങൾ മൂന്ന് പേരും സിനിമയുടെ പ്രമോഷനുകളുമായി ബന്ധപ്പെട്ട് മൂന്ന് സ്ഥലങ്ങളിൽ നിൽക്കുന്ന സമയത്താണ് പെട്ടെന്നൊരു ചിന്ത വരുന്നത്. ബാക്കിയുള്ള സിനിമകളെ മെൻഷൻ ചെയ്തില്ല എന്നുള്ളത് തെറ്റാണ്. പക്ഷേ ഞങ്ങളുടെ ഉദ്ദേശം പോസിറ്റീവ് ആയിരുന്നു. നെ​ഗറ്റീവ് രീതിയിലേയ്ക്ക് ഇത് പോകുമെന്ന് കരുതിയില്ല. നമുക്ക് മാർക്കറ്റ് ചെയ്യാനേ പറ്റൂ, ആളുകളുടെ ചോയ്സ് ആണ് ഏത് കാണണമെന്ന്. പേര് പറഞ്ഞില്ലെന്ന് വെച്ച് ആ സിനിമയ്ക്ക് ഒന്നും സംഭവിക്കില്ല. പേര് പറയാൻ വിട്ടുപോയതിൽ വിഷമം ഉണ്ട്‘, ആസിഫ് അലി പറഞ്ഞു.

Tags:    

Similar News