ആസിഫ് ആശംസ പോലും പറയാതെ മൊമന്റോ എന്നെ ഏൽപ്പിച്ചിട്ട് പോയി; പ്രതികരിച്ച് രമേഷ് നാരായൺ

By :  Aiswarya S
Update: 2024-07-16 08:53 GMT

ആസിഫ് അലിയെ അപമാനിച്ചിട്ടില്ലെന്ന് സംഗീതസംവിധായകൻ രമേഷ് നാരായൺ. എംടി വാസുദേവന്റെ കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ആന്തോളജി ‘മനോരഥങ്ങൾ’ ട്രെയ്ലർ റിലീസിനിടെ നടന്ന പുരസ്‌കാര ചടങ്ങിൽ നടൻ ആസിഫ് അലിയിൽ നിന്നും മൊമന്റോ സ്വീകരിക്കാൻ രമേഷ് നാരായൺ വിസമ്മതിച്ചത് വിവാദമായിരിക്കുകയാണ്.

എന്നാൽ ആസിഫ് അലി തനിക്ക് ആണോ അതോ താൻ ആസിഫ് അലിക്ക് ആണോ മൊമന്റോ നൽകേണ്ടത് എന്ന് മനസിലായില്ല, അതുകൊണ്ടാണ് ജയരാജിനെ വിളിച്ച് അത് സ്വീകരിച്ചത് എന്നാണ് രമേശ് നാരായൺ പ്രതികരിച്ചിരിക്കുന്നത്. എംടിയുടെ മകൾ അശ്വതി ക്ഷണിച്ചിട്ടാണ് പരിപാടിക്ക് പോയത്.

ട്രെയ്‌ലർ ലോഞ്ചിന് ശേഷം ആന്തോളജിയുമായി സഹകരിച്ച എല്ലാവരെയും വേദിയിൽ വിളിച്ച് മൊമന്റോ നൽകിയെങ്കിലും തനിക്ക് തന്നില്ല. അതിന്റെ വിഷമം അശ്വതിയോട് പറഞ്ഞിട്ട് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു. എന്നാൽ അശ്വതി ക്ഷമ പറഞ്ഞ് മൊമന്റോ തരാനുള്ള അവസരമുണ്ടാക്കി.

രമേഷ് നാരായണൻ എന്നല്ല സന്തോഷ് നാരായണൻ എന്നായിരുന്നു പേര് അനൗൺസ് ചെയ്തത്. പിന്നാലെ ആസിഫ് വന്ന് മൊമന്റോ തന്നെ ഏൽപ്പിച്ചിട്ട് പോയി. ആസിഫ് തനിക്കാണോ, താൻ ആസിഫിനാണോ മൊമന്റോ നൽകേണ്ടത് എന്ന് പോലും വ്യക്തമായില്ല. മൊമന്റോ തന്നെ ഏൽപ്പിച്ച ആസിഫ് ആശംസ പോലും പറയാതെ പോയി.

അതുകൊണ്ടാണ് താൻ ജയരാജിനെ വിളിച്ചത്. ആസിഫിനെ ശ്രദ്ധിച്ചില്ലെന്നത് വാസ്തവമാണ്. എന്നാൽ അപമാനിക്കുകയോ വിവേചനം കാണിക്കുകയോ ചെയ്തിട്ടില്ല. വസ്തുത മനസിലാക്കാതെയുള്ള സൈബർ ആക്രമണത്തിൽ വിഷമമുണ്ട് എന്നാണ് രമേഷ് നാരായൺ പറയുന്നത്.

Tags:    

Similar News