ബറോസ് പണത്തിനു വേണ്ടിയുള്ള ചിത്രമല്ല, 47 വർഷമായി തനിക്ക് ലഭിച്ച ബഹുമാനത്തിനും സ്നേഹത്തിനും. ഇതൊരു സമ്മാനമാണ്: മോഹൻലാൽ
മോഹൻലാൽ ആദ്യമായി സംവിധാനം നിർവഹിച്ചു ഈ വർഷം ബിഗ് സ്‌ക്രീനുകളിൽ എത്തിയ ബറോസ് ക്രിസ്മസ് റിലീസായി എത്തിയിരുന്നു. എന്നാൽ പ്രേക്ഷകരിൽ നിന്ന് മോശം പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്.
ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ മോഹൻലാൽ ബറോസിന്റെ ബോക്‌സ് ഓഫീസ് കളക്ഷനെ കുറിച്ചുള്ള തൻ്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ്. കളക്ഷനുമായി ബന്ധപ്പെട്ട് തനിക്ക് ആശങ്കയില്ലെന്ന് മോഹൻലാൽ പറയുന്നു.
“ഈ സിനിമ എണ്ണത്തിനോ പണത്തിനോ വേണ്ടിയുള്ളതല്ല. എന്തെങ്കിലും ഉണ്ടാക്കി പ്രേക്ഷകർക്ക് നൽകണമെന്നായിരുന്നു ആഗ്രഹം. ഇത് അവർക്കുള്ള സമ്മാനമാണ്, കഴിഞ്ഞ 47 വർഷമായി എനിക്ക് ലഭിച്ച ബഹുമാനത്തിനും സ്നേഹത്തിനും. ഇതൊരു സമ്മാനമാണ്, അവർക്കുള്ള എൻ്റെ വഴിപാടാണ്. കുടുംബങ്ങൾക്ക് ഒരുമിച്ചു കാണാൻ കഴിയുന്ന ഒരു കുട്ടികൾക്കുള്ള സൗഹൃദ സിനിമയാണ് ഞാൻ നൽകിയിരിക്കുന്നത്.- മോഹൻലാൽ പറയുന്നു.
താൻ ആദ്യം സിനിമ സംവിധാനം ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നും അത് ഏറ്റെടുക്കാനുള്ള തീരുമാനം അപ്രതീക്ഷിതമായ ഒന്നാണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. ചിത്രം ഒരു പുതിയ കഥപറച്ചിലിൻ്റെ ഫോർമാറ്റ് സ്വീകരിക്കുന്നതെങ്ങനെയെന്ന് മോഹൻലാൽ പറഞ്ഞു. ഇത് ഒരു ദൃശ്യാനുഭവം നൽകുന്ന ചിത്രമാണ്.
കൂടാതെ, സിനിമ 1650 ദിവസത്തിലേറെയായി ഷൂട്ട് ചെയ്യ്തിരുന്നു. കോവിഡ് -19 പാൻഡെമിക് കാരണം ഷൂട്ടിങ്ങിൽ തടസം ഉണ്ടായെന്നും അതിനാൽ ആണ് ചിത്രം ഇത്ര വൈകിയെന്നും മോഹൻലാൽ പറയുന്നു.
400 വർഷം പഴക്കമുള്ള ഒരു നിധി സംരക്ഷകനെ കേന്ദ്രീകരിച്ചുള്ള കുട്ടികളുടെ ഫാൻ്റസി ചിത്രമാണ് ബറോസ്. മോഹൻലാൽ നായകനാകുന്ന ചിത്രത്തിൽ മായ റാവു വെസ്റ്റ്, സീസർ ലോറൻ്റെ റാറ്റൺ, ഇഗ്നാസിയോ മറ്റിയോസ്, കല്ലിറോയ് സിയാഫെറ്റ, നെറിയ കാമാച്ചോ തുടങ്ങി നിരവധി പേർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന തുടരും എന്ന ചിത്രമാണ് മോഹൻലാലിന്റെ 2025ൽ എത്തുന്ന ചിത്രങ്ങളിൽ ഒന്ന്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എൽ2: എമ്പുരാൻ 2025ൽ എത്തും. കൂടാതെ പുതിയ സംവിധായകരോടൊപ്പം ഉള്ള ചിത്രങ്ങളും മോഹൻലാൽ ചർച്ചയിലാണ്