ഹണി റോസിനെതിരെ അപകീർത്തികരമായ പരാമർശം; ഒരാൾ അറസ്റ്റിൽ, 30 പേർക്കെതിരെ കേസ്
നടി ഹണി റോസിൻ്റെ സോഷ്യൽ മീഡിയ പേജിൽ അശ്ലീല പരാമർശങ്ങൾ പോസ്റ്റ് ചെയ്തതിന് ഒരാൾ അറസ്റ്റിൽ. കൂടാതെ 30 പേർക്കെതിരെ കേസെടുത്തതായും പോലീസ് അറിയിച്ചു.
ഞായറാഴ്ച രാത്രി നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇതുമായി ബന്ധപ്പെട്ട് ജില്ലയിൽ നിന്നുള്ള ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും കൊച്ചി സെൻട്രൽ പൊലീസ് അറിയിച്ചു
ഐടി നിയമത്തിലെ സെക്ഷൻ 75, സെക്ഷൻ 67 എന്നിവ ഉൾപ്പെടെ ബിഎൻഎസിൻ്റെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കസ്റ്റഡിയിലുള്ള ആളുടെ ചോദ്യം ചെയ്യൽ തുടരുകയാണെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. IT ആക്ട് സെക്ഷൻ 67 , ഇലക്ട്രോണിക് രൂപത്തിൽ അശ്ലീലമായ വസ്തുക്കൾ പ്രസിദ്ധീകരിക്കുന്നതിനോ പ്രക്ഷേപണം ചെയ്യുന്നതിനോ ഉള്ള ശിക്ഷയെ സൂചിപ്പിക്കുന്നതാണ്.
സൈബർ സെല്ലിൻ്റെ പിന്തുണയോടെ പ്രതികളെ കണ്ടെത്തുമെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഒരു വ്യക്തി തന്നെ പിന്തുടരുകയും മാധ്യമങ്ങളിലൂടെ അശ്ലീല ചുവയുള്ള ദ്വയാർഥ പരാമർശങ്ങൾ നടത്തുകയും ചെയ്തുവെന്ന് ആരോപിച്ച് നടി സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടതിന് തൊട്ടുപിന്നാലെയാണ് പോലീസ് നടപടി.
പോസ്റ്റിന് താഴെ നിരവധി ആളുകൾ നടിക്കെതിരെ മോശമായ കമൻ്റുകൾ പോസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് ഹണി റോസ് കൊച്ചി പൊലീസിൽ ഇവർക്കെതിരെ പരാതി നൽകിയത്. പിന്നാലെ 30 പേർക്കെതിരെ പൊലീസ് കേസ് എടുക്കുകയായിരുന്നു. ഇവരുടെ കമന്റുകൾ സഹിതമായിരുന്നു നടി പരാതി നൽകിയത്.
അതിഥിയായി ഒരു പരിപാടിയിലേക്ക് എത്തിയ തന്നെ, വളരെ മോശമായതും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ അശ്ലീല ദ്വയാർഥ parayogangal നടത്തുകയും അതിനു ശേഷം ആ വ്യക്തിയുടെ മറ്റു ചടങ്ങുകളുടെ ക്ഷണം നിരസിക്കുകയൂം ചെയ്തതിനു പിന്നാലെയാണ് പ്രതികാരമെന്നോണം ആ വ്യക്തി തന്നെ അപമാനിക്കാൻ തുടങ്ങിയെന്ന് കുറിപ്പിലൂടെ ഹണി റോസ് പറയുന്നു. ഇത്തരം മോശമായ പ്രവർത്തികൾ തുടർന്നാൽ നിയമപരമായി നേരിടുമെന്നും താരം വ്യക്തമാക്കി.