സംവിധാനം വേഷമണിഞ്ഞു ദിയ : അഭിമാന നിമിഷം പങ്കുവെച്ച് സൂര്യയും ജ്യോതികയും
തമിഴ് താര ജോഡികളായ സൂര്യയുടെയും ജ്യോതികയുടെയും മകൾ ദിയ സംവിധാനത്തിലൂടെ ചലച്ചിത്ര മേഖലയിലേക്ക് . 'ലീഡിംഗ് ലൈറ്റ് - ദി അൺടോൾഡ് സ്റ്റോറീസ് ഓഫ് വിമൻ ബിഹൈൻഡ് ദി സീൻസ്' എന്ന പേരിൽ ഒരു ഡോക്യുമെൻ്ററിയാണ് 17കാരിയായ ദിയ സംവിധാനം ചെയ്തിരിക്കുന്നത്. വിനോദ വ്യവസായത്തിലെ സ്ത്രീ ഫോട്ടോഗ്രാഫർമാർ നേരിടുന്ന വിവേചനത്തെ പ്രമേയമാക്കി ഒരുക്കിയ ഡോക്യൂമെന്ററിയാണ് ഇത്. ദിയയെയും അവളുടെ കഴിവിനെയും കുറിച്ച് എത്രമാത്രം അഭിമാനിക്കുന്നു എന്ന് സൂര്യയും ജ്യോതികയും അവരുടെ ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പുതിയ പോസ്റ്റിൽ പങ്കുവെച്ചിരുന്നു. ഈ പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രെദ്ധ നേടുകയും ചെയ്തു.
തൻ്റെ മകളെ അവളുടെ ഇഷ്ടങ്ങൾ പിന്തുടരാൻ പ്രോത്സാഹിപ്പിച്ചുകൊണ്ട്, സൂര്യ ഡോക്യുമെൻ്ററിയുടെ പോസ്റ്റർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. തന്റെ മകൾ ഈ ഡോക്യുമെൻ്ററി ചെയ്തതിൽ അവിശ്വസനീയമാംവിധം അത്ഭുതം ഉണ്ടെന്നും, തിരശീലയ്ക്ക് പിന്നിലെ സ്ത്രീകൾക്ക് ശബ്ദം നൽകികൊണ്ട് മകൾ ചെയ്ത ഡോക്യുമെന്ററി വിജയിക്കട്ടെയെന്നും സൂര്യ പോസ്റ്റിലെ കുറിപ്പിൽ ആശംസിച്ചു. ഇതുപോലെ ഒരു സുപ്രധാന വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിന് ജ്യോതിക തൻ്റെ മകളോട് നന്ദി പറഞ്ഞുകൊണ്ടാണ് ഡോക്യൂമെന്ററിയുടെ പോസ്റ്റർ പങ്കുവെച്ചത്.വിനോദ വ്യവസായത്തിൽ സ്ത്രീകൾ നേരിടുന്ന വിവേചനത്തെക്കുറിച്ച് ഇത്തരമൊരു അർത്ഥവത്തായ ഡോക്യുമെന്ററി ചെയ്തതിൽ അഭിമാനിക്കുന്നു എന്നും കുറിപ്പിൽ പറയുന്നു. കൂടാതെ പോസ്റ്റിനൊപ്പം ത്രിലോക ഇൻ്റർനാഷണൽ ഫിലിംഫെയർ അവാർഡ് സർട്ടിഫിക്കറ്റുകൾ പിടിച്ചു നിൽക്കുന്ന ദിയയുടെ ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്.