ആന്ധ്രാപ്രദേശ് പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം ഒളിവിലായി സംവിധായകൻ രാം ഗോപാൽ വർമ്മ
ആന്ധ്രാപ്രദേശ് മുഖ്യ മന്ത്രി, ഉപ മുഖ്യ മന്ത്രി എന്നിവർക്കെതിരെ അപകീർത്തിപരമായ പോസ്റ്റ് സംവിധായകൻ നൽകിയിരുന്നു.
പ്രശസ്ത ചലച്ചിത്ര സംവിധയാകൻ രാം ഗോപാൽ വർമ്മ ഒളിവിൽ. തിരച്ചിൽ നടത്തി ആന്ധ്രാപ്രദേശ് പോലീസ് . ഓംഗോൾ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം കാണാതായി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആന്ധ്രാപ്രദേശ് മുഖ്യ മന്ത്രിയായ എൻ ചന്ദ്രബാബു നായിഡു, ഉപ മുഖ്യ മന്ത്രിയായ പവൻ കല്യാൺ, ഐടി മന്ത്രി മന്ത്രി നാര ലോകേഷ് എന്നിവരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ രാം ഗോപാൽ വർമ്മ പങ്കുവെച്ചിരുന്നു. രാഷ്ട്രീയ നേതാക്കളെ അപകീർത്തിപ്പെടുത്തുന്ന ഈ പ്രവർത്തി തിരഞ്ഞെടിപ്പിന് മുന്നോടിയായി വിവാദമായിരുന്നു. അപകീർത്തിപരമായ ചത്രങ്ങൾ പങ്കുവെച്ചതിനു ആന്ധ്രാപ്രദേശ് പോലീസ് രാം ഗോപാൽ വർമ്മയ്‌ക്കെതിരെ കേസ് എടുക്കുകയും, ചോദ്യം ചെയ്യാൻ ഹാജരാകാൻ നോട്ടീസ് നൽകുകയുമായിരുന്നു. എന്നാൽ പല തവണ നോട്ടീസ് അയച്ചിട്ടും സംവിധായകൻ ചാദ്യം ചെയ്യലിന് എത്തിയില്ല. ഇതിനു ശേഷം നവംബർ 25 തിങ്കളാഴ്ച ഓംഗോൾ സ്റ്റേഷനിൽ നടക്കുന്ന അന്വേഷണത്തിൽ ഹാജരാക്കുമെന്ന് അറിയിച്ചെങ്കിലും സംവിധായകൻ എത്തിയില്ല. തുടർന്ന് ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞുമാറാൻ സാധ്യതയുണ്ടെന്ന് സംശയിച്ച് ഓംഗോൾ പോലീസ് സംവിധായകന്റെ ഹൈദരാബാദിലെ വസതിയിൽ ഇയാളെ അറസ്റ്റ് ചെയ്യാൻ എത്തിയെങ്കിലും ഇയാൾ വീട്ടിലില്ലെന്ന് ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു . ഇതേത്തുടർന്ന് തെലങ്കാന, തമിഴ്നാട് എന്നിവിടങ്ങളിലേക്ക് തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. അന്വേഷണത്തിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന്അരാം ഗോപാൽ വർമ്മയുടെ അഭിഭാഷക സംഘം അഭ്യർത്ഥിച്ചെങ്കിലും പോലീസ് വിസമ്മതിച്ചു. ഇതിനിടെ വർമ്മയുടെ മുൻകൂർ ജാമ്യാപേക്ഷ ആന്ധ്രാപ്രദേശ് ഹൈക്കോടതി ഇന്ന് പരിഗണിക്കും.
എന്നാൽ ഇതിനിടയിൽ നവംബർ 23, ശനിയാഴ്ച പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയുന്ന മോഹൻലാൽ ചിത്രം എമ്പുരാന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ രാം ഗോപാൽ വർമ്മ സന്ദർശനം നടത്തിയിരുന്നു. മോഹൻലാലിനും പൃഥ്വിരാജിനും ഒപ്പമുള്ള ചിത്രം സംവിധായകൻ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചത് വൈറലായിരുന്നു.എമ്പുരാനിൽ രാം ഗോപാൽ വർമ്മ ഉണ്ടോ എന്ന തരത്തിലുള്ള ചർച്ചകൾക്ക് ഇത് ഇടയാക്കിയിരുന്നു. സന്ദർശനം നടത്തിയതിന്റെ വിവരങ്ങൾ ശേഖരിക്കാൻ എമ്പുരാൻ സെറ്റിലേയ്ക്ക് ആന്ധ്രാ പോലീസ് എത്തിയേക്കുമെന്നാണ് സൂചന.
നവംബർ 11 ന് ആയിരുന്നു മഡിപ്പാട് പോലീസ് രാം ഗോപാൽ വർമ്മയ്‌ക്കെതിരെ ഇന്ത്യൻ നിയമത്തിലെ സെക്ഷൻ 336 (4), 353 (2) എന്നിവയുൾപ്പെടെ നിരവധി വകുപ്പുകൾ പ്രകാരവും ഐടി ആക്‌ട് സെക്ഷൻ 67 പ്രകാരവും കേസെടുത്തത്. വർമ്മയുടെ വ്യൂഹം എന്ന സിനിമയുടെ പ്രചരണത്തിനിടെ മുഖ്യമന്ത്രി നായിഡു, ഉപമുഖ്യമന്ത്രി കല്യാൺ, ഐടി മന്ത്രി നാരാ ലോകേഷ് തുടങ്ങിയവരെ അപകീര്തിപെടുത്തുന്നു എന്നാരോപിച്ചു തെലുങ്കുദേശം പാർട്ടി (ടിഡിപി) പ്രാദേശിക നേതാവ് രാമലിംഗം എന്നയാളുടെ പരാതിയെ തുടർന്നാണ് കേസെടുത്തത്.