ഒരു കൂട്ടം ആളുകൾ എന്നെ വേട്ടയാടുന്നു: ദുൽഖർ സൽമാൻ
മലയാളം സിനിമകൾ ഒഴിവാക്കി മറ്റ് ഭാഷാ ചിത്രങ്ങൾ കൂടുതൽ ചെയ്യുന്നതിന്റെ കാരണം വ്യക്തമാക്കി ദുൽഖർ സൽമാൻ. തനിക്ക് പിന്നാലെ നടന്ന് വേട്ടയാടുന്ന കൂട്ടം ആളുകളുണ്ട് എന്നാണ് ദുൽഖർ പറയുന്നത്. മമ്മൂട്ടിയുടെ മകനാണ് എന്നതിൽ അഭിമാനമുണ്ടെങ്കിലും ആ വിശേഷണം എപ്പോഴും ആഗ്രഹിക്കുന്നില്ലെന്നും നടൻ വ്യക്തമാക്കി.
മമ്മൂട്ടിയുടെ മകൻ ആയിരിക്കുമ്പോഴും ദുൽഖർ സൽമാൻ ആയി അംഗീകരിക്കുന്നതാണ് എനിക്ക് ഇഷ്ടം. മമ്മൂട്ടിയുടെ മകൻ എന്ന ടാഗ് ഞാൻ മാറ്റാൻ ശ്രമിച്ചാലും അതിന് അനുവദിക്കാത്ത ചില ആളുകളുണ്ട്. അത് ചിലപ്പോൾ അവരുടെ അജണ്ട ആയിരിക്കാം. അത് എന്താണെന്ന് എനിക്ക് അറിയില്ല.
ഞാൻ തമിഴിലോ തെലുങ്കിലോ നന്നായി അഭിനയിക്കുകയും അവിടുത്തെ പ്രേക്ഷകർ എന്നെ ഇഷ്ടപ്പെടുകയും ചെയ്യുമ്പോൾ നേരത്തെ പറഞ്ഞ ആളുകൾ അവിടെ വന്ന് എന്നെ ആക്രമിക്കും. ഞാൻ അവരുടെ സ്വന്തം നാട്ടുകാരനാണ് എന്നുള്ള പരിഗണന പോലും തരില്ല. മറ്റുള്ളവർ എന്നെ സ്‌നേഹിക്കുമ്പോൾ ഇവർ എന്തിനാണ് ഇങ്ങനെ വേട്ടയാടുന്നതെന്നും അറിയില്ല.
എത്ര സ്‌നേഹവും സ്വീകാര്യതയും ലഭിച്ചാലും അതൊന്നും പൂർണമായി ആസ്വദിക്കാൻ ഞാൻ എന്നെ അനുവദിക്കാറില്ല. ഞാൻ കൂടുതലും മറ്റ് ഭാഷകളിൽ വർക്ക് ചെയ്യാൻ ആഗ്രഹിക്കുന്നതിന്റെ കാരണവും ഇത് തന്നെയാണ്. മമ്മൂട്ടിയുടെ മകൻ എന്ന ഈ ടാഗ് അവിടെ കുറവാണ്. മറ്റു ഭാഷകളിൽ അഭിനയിക്കുമ്പോൾ ഞാൻ ദുൽഖർ ആയി തന്നെയാണ് അറിയപ്പെടുന്നത്.
എന്റെ പിതാവിന്റെ മകൻ ആണെന്നതിൽ വളരെയേറെ അഭിമാനിക്കുന്നയാളാണ് ഞാൻ. പക്ഷേ ആ ഒരു ടാഗിൽ ജീവിതകാലം മുഴുവൻ അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല. ഞാൻ എന്താണെന്ന് തിരിച്ചറിയുന്ന ചിലരുണ്ട്. എന്റെ കുടുംബത്തിന്റെ പേരിൽ അറിയപ്പെട്ട് ആ രീതിയിൽ സിനിമ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്നാണ് ദുൽഖർ പറയുന്നത്.