സസ്പെൻസ് നിലനിർത്തി വരവ് പ്രഖ്യാപിച്ച് എമ്പുരാൻ

By :  Aiswarya S
Update: 2024-11-01 05:11 GMT

പുലിമുരുകൻ്റെ മാസ്മരിക വിജയത്തിന് ശേഷം മലയാളത്തിലേക്ക് 100 കോടി കളക്ഷൻ എത്തിച്ച മോഹൻലാൽ സിനിമയായിരുന്നു ലൂസിഫർ. ഇതിന് ശേഷം ലൂസിഫറിൻ്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പായിരുന്നു മോഹൻലാൽ ആരാധകർ. എമ്പുരാൻ എന്ന് പേരിട്ടിരിക്കുന്ന ലൂസിഫർ 2വിനേക്കുറിച്ചുള്ള ഓരോ വിശേഷങ്ങളും സംവിധാകയൻ പ്രിഥ്വിരാജും മോഹൻലാലും ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോൾ ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ്.

2025 മാർച്ച് 27ന് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യുമെന്നാണ് മോഹൻലാൽ അറിയിച്ചിരിക്കുന്നത്.മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. കൗതുകമുണർത്തുന്ന ഒരു പോസ്റ്ററിനൊപ്പമാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ലൂസിഫറിൻറെ വൻ വിജയത്തിന് പിന്നാലെ 2019 ൽ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് 2023 ഒക്ടോബറിലായിരുന്നു. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം. യുകെ, യുഎസ് എന്നിവിടങ്ങൾക്കൊപ്പം റഷ്യയും ചിത്രത്തിൻറെ ഒരു പ്രധാന ലൊക്കേഷനാണ്.

മലയാളത്തിൽ തന്നെ നിർമ്മിക്കപ്പെട്ടതിൽ ഏറ്റവും ചെലവേറിയ സിനിമയാണ് റിലീസിനൊരുങ്ങുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ നിർമാണ കമ്പനികളിൽ ഒന്നായ ലൈക പ്രൊഡക്ഷൻസും ആൻറണി പെരുമ്പാവൂരിൻറെ ആശിർവാദ് പ്രൊഡക്ഷനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

സ്റ്റീഫൻ നെടുമ്പള്ളി അഥവാ അബ്രഹാം ഖുറേഷി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ ഖുറേഷിയുടെ വലംകൈ ആയ സയീദ് മസൂദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മുരളി ഗോപിയുടെ രചനയിൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് എമ്പുരാൻ. മലയാള സിനിമകളിൽ നിന്ന് വ്യത്യസ്തമായി ഹോളിവുഡ് ലെവൽ മേക്കിങ് ആയിരിക്കും എമ്പുരന്.

Tags:    

Similar News