സിനിമാ നടൻ ഡൽഹി ഗണേഷ് അന്തരിച്ചു
പതിറ്റാണ്ടുകളായി തെന്നിന്ത്യൻ സിനിമയിൽ നിറസാന്നിധ്യമായ സ്വഭാവനടനാണ് വിടവാങ്ങിയത്.
പ്രശസ്ത സിനിമാ നടൻ ഡൽഹി ഗണേഷ് (80) അന്തരിച്ചു. ശനിയാഴ്ച രാത്രി 11 മണിയോടെ ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. മകൻ മഹാദേവൻ ആണ് അദ്ദേഹത്തിന്റെ മരണം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.
പതിറ്റാണ്ടുകളായി തെന്നിന്ത്യൻ സിനിമയിൽ നിറസാന്നിധ്യമായ സ്വഭാവനടനാണ് ഡൽഹി ഗണേഷ്.1964-1974 കാലയളവിൽ ഇന്ത്യൻ എയർ ഫോഴ്സിൽ ഉദ്യോഗസ്ഥനായിരുന്ന ഡൽഹി ഗണേഷ്, കെ ബാലചന്ദർ സംവിധാനം ചെയ്ത പട്ടണപ്രവേശത്തിലൂടെയാണ് സിനിമാരംഗത്തേക്ക് കാലെടുത്തുവെച്ചത്. തമിഴ് സിനിമകളിലൂടെ തിളങ്ങിയ ഗണേഷ് മലയാളത്തിലും ഹിന്ദിയിലും അടക്കം വിവിധ ഭാഷകളിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. 400-ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഡൽഹി ഗണേഷ് തിരുനെൽവേലി സ്വദേശിയാണ്.
ധ്രുവം, ദേവാസുരം, ദ സിറ്റി, കാലാപാനി, കീർത്തി ചക്ര, പോക്കിരി രാജ, പെരുച്ചാഴി, ലാവെൻഡർ, മനോഹരം എന്നിവയാണ് ദൽഹി ഗണേഷിന്റെ മലയാള ചലചിത്രങ്ങൾ.
7 ചിത്രങ്ങളിൽ അദ്ദേഹം ഡബ്ബിങ് ആർട്ടിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്.മഴലൈ പട്ടാളം എന്ന ചിത്രത്തിൽ കന്നഡ നടൻ വിഷ്ണു വർധന് ശബ്ദം നൽകിയത് ഡൽഹി ഗണേഷാണ്. ചിരഞ്ജീവി, പ്രതാപ് പോത്തൻ, രവീന്ദ്രൻ, നെടുമുടി വേണു എന്നിവർക്ക് തമിഴിൽ ശബ്ദമായത് ഡൽഹി ഗണേഷായിരുന്നു.1979-ൽ പാസി എന്ന ചിത്രത്തിലൂടെ തമിഴ് നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. 1994-ൽ കലൈമാമണി പുരസ്കാരവും ഡൽഹി ഗണേഷ് സ്വന്തമാക്കി.
സുന്ദർ സി-യുടെ ആരാൺമനൈ 4, ശങ്കർ സംവിധാനം ചെയ്ത കമൽ ഹാസൻ ചിത്രം ഇന്ത്യൻ 2 എന്നിവയാണ് ആണ് ഡൽഹി ഗണേഷ് അഭിനയിച്ചു അവസാനം പുറത്തിറങ്ങിയ ചിത്രങ്ങൾ..