82-ാമത് ഗോൾഡൻ ഗ്ലോബ്സ് പുരസ്കാര വേദിയിൽ ഇന്ത്യയ്ക്ക് നിരാശ ; മികച്ച ഇംഗ്ലീഷ് ഇതര ഭാഷ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട് 'എമിലിയ പെരസ് '
പുരസ്‌കാരം ലഭിച്ചില്ലെങ്കിലും ചരിത്ര നേട്ടം കൈവരിച്ചു പായൽ കപാഡിയയും ഓൾ വി ഇമേജിൻ ആസ് ലൈറ്റും;
82-ാമത് ഗോൾഡൻ ഗ്ലോബ്സ് പുരസ്കാര വേദിയിൽ പായൽ കപാഡിയയുടെ ഒട്ടനവധി നിരൂപക പ്രശംസ നേടിയ ഓൾ വി ഇമജിൻ ആസ് ലൈറ്റിന് നിരാശ. മികച്ച ഇംഗ്ലീഷ് ഇതര ഭാഷ ചലച്ചിത്രമായി തിരഞ്ഞെടുത്തത് ജാക്വസ് ഓഡിയാർഡ് സംവിധാനം ചെയ്ത ഫ്രഞ്ച് മ്യൂസിക്കൽ ക്രൈം കോമഡി എമിലിയ പെരസ് ആണ്. മികച്ച സംവിധായകൻ( ജാക്വസ് ഓഡിയാർഡ്) , മികച്ച നടി (കർല സോഫിയ ഗാസ്‌കോൺ), മികച്ച സഹനടി (സോയ് സൽദാന, ഒപ്പം സെലീന ഗോമസ് ) എന്നിവയുൾപ്പെടെ 10 നോമിനേഷനുകളാണ് ചിത്രം നേടിയത് . ഒരു പ്രമുഖ ചലച്ചിത്ര വേഷത്തിൽ ഗോൾഡൻ ഗ്ലോബിനായി നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ ട്രാൻസ്‌ജെൻഡർ നടൻ എന്ന പ്രത്യേക അംഗീകാരവും കാർലയ്ക്ക് ഉണ്ട്.
'ദ് ബ്രൂട്ടലിസ്റ്റാ'ണ് ഗോള്‍ഡന്‍ ഗ്ലോബിലെ മികച്ച ചിത്രം. 'എ കംപ്ലീറ്റ് അണ്‍നോണ്‍', 'കോണ്‍ക്ലേവ്', ഡ്യൂണ്‍– പാര്‍ട്ട് '2, 'നിക്കല്‍ ബോയ്സ്', 'സെപ്റ്റംബര്‍ 5' എന്നീ ചിത്രങ്ങളെ പിന്തള്ളിയാണ് ബ്രൂട്ടലിസ്റ്റിന്‍റെ നേട്ടം.ബ്രൂട്ടലിസ്റ്റിലെ അഭിനയത്തിന് അഡ്രിയന്‍ ബ്രോഡി മികച്ച നടനായി. മികച്ച നടനും ചിത്രത്തിനും മികച്ച സംവിധായകനുമുള്ള പുരസ്കാരമാണ് ബ്രൂട്ടലിസ്റ്റ് സ്വന്തമാക്കിയത്.
രണ്ട് നോമിനേഷനുകളാണ് ഗോള്‍ഡന്‍ ഗ്ലോബില്‍ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിന് ഉണ്ടായിരുന്നത്. മികച്ച ഇംഗ്ലീഷിതര ഭാഷാ ചിത്രം, മികച്ച സംവിധാനം എന്നിവയ്ക്ക് ആയിരുന്നു നോമിനേഷന്‍.പുരസ്‌കാരം നേടാനായില്ലെങ്കിലും ചരിത്ര നേട്ടമാണ് പായൽ കപാഡിയ സ്വന്തമാക്കിയത്. ആദ്യമായി ആണ് ഒരു ഇന്ത്യൻ ഭാഷ ചിത്രം ഈ പുരസ്കാരത്തിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെടുന്നത്.
ഇന്ത്യയെ അടിസ്ഥാനമാക്കിയുള്ള ഒരു ഇംഗ്ലീഷ് ചിത്രമായ സ്ലംഡോഗ് മില്യണയറിനു വേണ്ടി ഡാനി ബോയ്ൽ, മികച്ച ഒറിജിനൽ സ്‌കോറിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം എ ആർ റഹ്‌മാനും 2008ൽ സ്വന്തമാക്കിയിരുന്നു.
കനി കുസൃതിയും ദിവ്യ പ്രഭയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഓൾ വി ഇമാജിൻ ആസ് ലൈറ്റ് മുംബൈയിൽ താമസിക്കുന്ന മലയാളി നഴ്‌സുമാരായ പ്രഭയുടെയും അനുവിൻ്റെയും വ്യക്തിപരവും തൊഴിൽപരവുമായ വെല്ലുവിളികൾ നേരിടുന്ന ജീവിതത്തിലൂടെ കടന്നു പോകുന്ന ചിത്രമാണ്. ഏകാന്തത, സഹവാസം, നഗരജീവിതത്തിൻ്റെ സങ്കീർണതകൾ എന്നിവയുടെ പ്രമേയങ്ങളിലേക്കാണ് ചിത്രം ആഖ്യാനം ചെയ്തു കടന്നുപോകുന്നത്.ഛായ കദം, ആനന്ദ് സാമി, ഹൃദു ഹാറൂൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ
കാൻസ് ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് അവാർഡ് നേടിയ ഓൾ വി ഇമാജിൻ അസ് ലൈറ്റ്, ഷിക്കാഗോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഗോതം അവാർഡുകൾ, വിവിധ ഫിലിം ക്രിട്ടിക്സ് അസോസിയേഷനുകൾ തുടങ്ങി ലോകമെമ്പാടുമുള്ള അംഗീകാരങ്ങൾ നേടി. എന്നാൽ അവാർഡ് സർക്യൂട്ടിൽ ഓൾ വി ഇമാജിൻ അസ് ലൈറ്റിൻ്റെ മികച്ച വിജയം നേടിയിട്ടും, ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ പായലിൻ്റെ ചിത്രം മികച്ച അന്താരാഷ്ട്ര ചലച്ചിത്ര വിഭാഗത്തിൽ ഓസ്‌കാറിന് സമർപ്പിച്ചില്ല. കിരൺ റാവുവിൻ്റെ ലപാത ലേഡീസ് ആണ് തിരഞ്ഞെടുത്തത്. ഇതിനെതിരെ നേരത്തെ കടുത്ത വിവാദങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ലപാത ലേഡീസ് ഓസ്കാർ അവസാന ഷോർട്ട്‌ലിസ്റ്റിൽ നിന്നും പുറത്തായിരുന്നു. .
.