'ആസ്വദിക്കുന്നതുകൊണ്ടല്ല പ്രതികരിക്കാത്തത് ' ;അശ്ലീല ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തുന്ന വ്യക്തിക്കെതിരെ നടി ഹണി റോസ്
ഒരു വ്യക്തിയുടെ സമ്പത്ത് അവനെ ഏതെങ്കിലും സ്ത്രീയെ അപമാനിക്കാൻ തക്ക അഹങ്കാരിയാക്കുമോ?താരം കുറിപ്പിലൂടെ ചോദിക്കുന്നത്.;
മലയാളത്തിലെ പ്രമുഖ നടിയാണ് ഹണി റോസ്. 2005ൽ വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിയ നടിയാണ് ഹണി റോസ്. പിന്നീട് തമിഴിലും തെലുങ്കിലും ഹണി സിനിമകൾ ചെയ്‌തെങ്കിലും അഭിനയ പ്രധാനയമുള്ള കഥാപാത്രങ്ങൾ ആയിരുന്നില്ല താരത്തെ തേടി എത്തിയത്. മറ്റൊരു രംഗത്തും താരം ഏറെ പ്രശസ്തയാണ്. ഉൽഘാടനങ്ങളിൽ. മലയാളികൾ കളിയാക്കി 'ഉൽഘാടനം സ്റ്റാർ' എന്ന വിളിപ്പേരും താരത്തിന് നൽകിയിട്ടുണ്ട്. എന്നാൽ മറ്റേതൊരു സെലിബ്രിറ്റിയെ പോലെയും താരത്തിനെ വിളിക്കുന്ന ചടങ്ങുകൾക്ക് പോകുകയും ഉൽഘാടനങ്ങൾ ചെയ്യുക്കയുമാണ് ഹണി റോസ് ചെയ്യുന്നത്. ചടങ്ങുകളിൽ ധരിച്ചെത്തുന്ന വേഷങ്ങളെ പറ്റി വളരെ മോശമായ ക്യാപ്ഷൻസ് നൽകുകയും പല ആംഗിളിൽ നിന്നും മോശമായ തരത്തിൽ വീഡിയോ പകർത്തുകയും അപ്‌ലോഡ് ചെയ്യുകയും ആണ് ഓൺലൈൻ യൂട്യൂബ് ചാനലുകൾ ചെയ്യുന്നത്. ഇത്തരം വീഡിയോകളുടെ താഴെ നടിമാരെ കുറ്റം പറയാൻ പിന്നെ മലയാളികളുടെ തിക്കും തിരക്കുമായിരിക്കും. നിരവധി ട്രോളുകൾ ആണ് ഈ രീതിയിൽ ഹണി റോസ് എന്ന നടി നേരിട്ടിട്ടുള്ളത്.
പിന്നീട് ഏതൊരു പ്രൊമോഷൻ തന്ത്രമായി ചിലരെങ്കിലും ഉപയോഗിച്ചെന്നും പറയാം. അത്തരത്തിൽ താരത്തിനെ ഉൽഘാടങ്ങൾക്ക് വിളിച്ച കേരളത്തിലെ ഒരു വേദനിക്കുന്ന കോടീശ്വരനും നന്മ മരവുമായ ബോബി ചെമ്മണൂർ നടത്തിയ പരസ്യമായ അധിക്ഷേപങ്ങൾക്ക് തുറന്ന കത്തിലൂടെ പരാതികരിച്ചിരിക്കുകയാണ് ഹണി റോസ് ഇപ്പോൾ. ഇത്തരം പ്രവർത്തി ചെയ്തു അപമാനിക്കുന്ന വ്യക്തിയുടെ പേര് വെളിപ്പെടുത്താതെയാണ് ഹണി ഈ കാര്യം പങ്കുവെച്ചിരിക്കുന്നത്.
ഹണിറോസ് തനിക് നേരിടേണ്ടി വന്ന ഒരു മോശമായ പ്രവർത്തിയെ കുറിച്ച് പരാമർശിച്ചുകൊണ്ട് ഇന്നലെയാണ് ഇൻസ്റ്റാഗ്രാമിൽ ഒരു തുറന്ന കത്ത് പങ്കുവെച്ചിരുന്നു . തുടരേ തുടരെ മനഃപൂർവം ഹണിറോസ് ഒരു വ്യക്തിയിൽ നിന്നും അശ്ലീലമായ ദ്വയാർത്ഥത്തിൽ ഉള്ള പ്രയോഗങ്ങളിൽ നേരിടേണ്ടി വന്നെന്നും അതിൽ താൻ അസ്വസ്ഥയാണെന്നും പങ്കുവെച്ച കുറിപ്പിൽ പറയുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന ഇത്തരം പ്രയോഗങ്ങൾ താൻ ആസ്വദിക്കുന്നതുകൊണ്ടല്ല പ്രതികരിക്കാത്തതെന്നും ഹണി റോസ് കുറിപ്പിലൂടെ വ്യക്തമാക്കി.
“ഒരു വ്യക്തിയുടെ സമ്പത്ത് അവനെ ഏതെങ്കിലും സ്ത്രീയെ അപമാനിക്കാൻ തക്ക അഹങ്കാരിയാക്കുമോ? ഇതിനെതിരെ ഇന്ത്യൻ നിയമം ഒരു സ്ത്രീക്ക് സുരക്ഷ വാഗ്ദാനം ചെയ്യുന്നില്ലേ?'' എന്നാണ് താരം കുറിപ്പിലൂടെ ചോദിക്കുന്നത്.
ആവർത്തിച്ചുള്ള “വാക്കാൽ ആക്രമണം” തനിക്കും കുടുംബത്തിനും ഉണ്ടാക്കുന്ന അസ്വസ്ഥതയെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കാനാണ് തൻ്റെ പോസ്റ്റെന്ന് പറഞ്ഞു. തന്റെ പേര് ഉപയോഗിക്കുന്നത് പബ്ലിസിറ്റിയ്ക്ക് ഒരു നല്ല തന്ത്രമായി പ്രവർത്തിക്കുമെന്ന് ആ വെക്തി കരുതുന്നു . താൻ ഇപ്പോൾ രണ്ട് പതിറ്റാണ്ടായി വ്യവസായത്തിലുണ്ട്; തനിക് ഇത്തരമൊരു പബ്ലിസിറ്റി നാടകം ആവശ്യമില്ല. മറ്റ് പല പ്രമുഖരും ആ വ്യക്തിയുടെ ബിസിനസുകളുടെ ഉദ്ഘാടനത്തിൻ്റെയും മറ്റ് പരിപാടികളുടെയും ഭാഗമായിട്ടുണ്ട്. എന്നാൽ തന്നോട് ആവർത്തിച്ച് ഇത്തരം ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തുകയും ടാർഗെറ്റ് ചെയ്യുകയും അഭിമുഖങ്ങളിൽ തന്റെ പേര് ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് ഹണി പറയുന്നു . ഈ രീതിയിൽ സംസാരിക്കുന്നത് കുറ്റകരമാണ്. തനിക്കെതിരെ സ്ത്രീവിരുദ്ധവുമായ പരാമർശങ്ങൾ നടത്തിയതിന് ശേഷം ആ വ്യക്തിയുടെ ബിസിനസ്സ് ചടങ്ങുകളിൽ പങ്കെടുക്കാൻ വിസമ്മതിച്ചതായി ഹണി റോസ് പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
ഇത്തരത്തിലുള്ള പ്രവർത്തികൾ ആഘോഷിക്കപ്പെടുമ്പോൾ ആണ് വീണ്ടും വീണ്ടും സമൂഹത്തിനു വളരെ മോശമായ മെസ്സേജ് നൽകുന്നത്. എന്തുതന്നെയാണെങ്കിൽ ഇനിയും ഇത്തരത്തിലുള്ള പ്രവർത്തികൾ തുടരുകയാണെങ്കിൽ നിയമപരമായി മുന്നോട്ട് പോകാനാണ് നടി ഹണി റോസിന്റെ തീരുമാനം. യഥാർത്ഥത്തിൽ താരത്തിന്റെ പ്രതികരണം കുറച്ചു വൈകി എന്ന് പറയുന്നവർ ഉണ്ടെകിലും , നിരവധി ആളുകൾ ആണ് ഹണിക്ക് സപ്പോർട്ടുമായി എത്തിയിരിക്കുന്നത്.