കേരള ഫിലിം മാര്‍ക്കറ്റ് രണ്ടാംപതിപ്പ് ഡിസംബർ 11 മുതൽ തിരുവനന്തപുരത്ത്
ഇരുപത്തൊമ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷനും ചലച്ചിത്ര അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള ഫിലിം മാര്‍ക്കറ്റിന്റെ (കെഎഫ്എം -2) രണ്ടാംപതിപ്പ് ഡിസംബര്‍ 11, 12, 13 തീയതികളിലായി തിരുവനന്തപുരത്ത് നടക്കുമെന്ന് സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ കൊച്ചിയിൽ പത്രസമ്മേളനത്തില്‍ അറിയിച്ചു.
. കെഎഫ്എം 2 -ല്‍ ബി 2 ബി മീറ്റിങ്ങുകളും ലോകസിനിമയിലെ പ്രതിഭകള്‍ നയിക്കുന്ന ശില്പശാലകളും മാസ്റ്റര്‍ ക്ലാസ്സുകളും മേളയിൽ ഉണ്ടായിരിക്കും സിനിമ-ഏവിജിസി-എക്‌സ്ആര്‍ മേഖലകളിലെ നൂതന അറിവുകള്‍ ലഭ്യമാക്കുക, മലയാള സിനിമയുടെ ആഗോള വാണിജ്യസാധ്യത വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടത്തുന്ന കെഎഫ്എം 2 വേദികള്‍ തിരുവനന്തപുരം ടാഗോര്‍ തീയേറ്ററും തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോയും ആയിരിക്കും. ലോകസിനിമ സഞ്ചരിക്കുന്ന വഴികള്‍ തിരിച്ചറിയാനുള്ള അവസരമാണ് കെഎഫ്എമ്മിലൂടെ ലഭിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. ലോകസിനിമയിലെ പ്രതിഭകളുമായി സംവദിക്കുന്നതിനും ആശയവിനിമയം നടത്തുന്നതിനും അവസരമുണ്ടാകും.
പാരീസ് ആസ്ഥാനമായുള്ള ഫിലിം സെയില്‍സ് ഏജന്‍സിയായ ആല്‍ഫ വയലറ്റിന്റെ സ്ഥാപക കെയ്‌കോ ഫുനാറ്റോ, ബാരേന്റ്സ് ഫിലിംസ് എഎസിന്റെ മാനേജിംഗ് ഡയറക്ടറും പ്രശസ്ത നിര്‍മാതാവുമായ ഇന്‍ഗ്രിഡ് ലില്‍ ഹോഗ്ടന്‍ എന്നിവരുമായി ബി 2 ബി മീറ്റിംഗിന് അവസരം ഉണ്ടായിരിക്കും. കൂടാതെ പ്രശസ്ത ഛായാഗ്രാഹകന്‍ ആഗ്‌നസ് ഗോദാര്‍ദ് നേതൃത്വം നല്‍കുന്ന സിനിമറ്റൊഗ്രഫി ശില്പശാല, പ്രശസ്ത ഫ്രഞ്ച് സംഗീതജ്ഞ ബിയാട്രിസ് തിരെ നേതൃത്വം നല്‍കുന്ന പശ്ചാത്തല സംഗീത ശില്പശാല എന്നിവയും മുഖ്യ ആകര്‍ഷണങ്ങളാകും.
ആഗ്‌നസ് ഗോദാര്‍ദ് (സിനിമറ്റൊഗ്രഫി), ബിയാട്രിസ് തിരെ (പശ്ചാത്തല സംഗീതം), ഇന്‍ഗ്രിഡ് ലില്‍ ഹോഗ്ടന്‍ (കോ-പ്രൊഡക്ഷനും ധനസമാഹരണവും), പ്രശസ്ത തിരക്കഥാകൃത്ത് ജൂലിയറ്റ് സെലസ് (തിരക്കഥാരചന), യൂനുസ് ബുഖാരി (വിര്‍ച്വല്‍ പ്രൊഡക്ഷന്‍), ശ്രീകര്‍ പ്രസാദ് (എഡിറ്റിംഗ്), അജിത് പത്മനാഭന്‍ (ഇമഴ്‌സീവ് ടെക്‌നോളജി ഫോര്‍ ഹെറിറ്റേജ്), ലോയിക് ടാന്‍ഗ(ഒരു ആശയത്തിന്റെ പ്രിന്റ് മുതല്‍ എക്സ്റ്റന്റഡ് റിയാലിറ്റി വരെ) എന്നിവര്‍ മാസ്റ്റര്‍ ക്‌ളാസുകള്‍ നയിക്കും. അനവധി പ്രതിഭകള്‍ വ്യത്യസ്ത വിഷയങ്ങളില്‍ ഡെലിഗേറ്റുകളുമായി സംവദിക്കും. കെഎഫ്എം 2 നടക്കുന്ന മൂന്നുദിവസങ്ങളിലും വിജയിച്ച മലയാള സിനിമകളുടെ നിര്‍മാതാക്കളുമായുള്ള ആശയവിനിമയ സെഷനും ഉണ്ടാകും.
ഡിസംബര്‍ 13 മുതല്‍ 20 വരെ തലസ്ഥാനത്ത് നടക്കുന്ന ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായുള്ള പ്രധാന പരിപാടിയാണു കേരള ഫിലിം മാര്‍ക്കറ്റ്. ചലച്ചിത്ര നിര്‍മാതാക്കള്‍, ക്രീയേറ്റീവ് പ്രൊഫഷണലുകള്‍ എന്നിവരുടെ സജീവ പങ്കാളിത്തം പ്രതീഷിക്കപ്പെടുന്ന കേരള ഫിലിം മാര്‍ക്കറ്റ് വരുംപതിപ്പുകളില്‍ ഗോവ ഫിലിം ഫെസ്റ്റിവലിലെ ഫിലിം ബസാറിന് തുല്യമായ സംവിധാനമായി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു രൂപപ്പെടുത്തിയിരിക്കുന്നതെന്നു ചെയര്‍മാന്‍ പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍, കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ പി എസ് പ്രിയദര്‍ശനന്‍ എന്നിവരും പത്രസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.