കിഷ്‌കിന്ധാ കാണ്ഡം കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ
കൊച്ചി: ഓണക്കാലത്ത് തിയേറ്ററുകളിലെത്തി സൈലന്റ് ഹിറ്റടിച്ച് അമ്പത് കോടി ക്ലബ്ബിൽ ഇതിനകം ഇടം പിടിച്ച ആസിഫ് അലി നായകനായെത്തിയ 'കിഷ്‌കിന്ധാ കാണ്ഡം' 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മേളയിലെ മലയാള സിനിമ വിഭാഗത്തിലാണ് ചിത്രം ഇടം പിടിച്ചത്. ഡിസംബർ 13 മുതൽ 20 വരെയാണ് ഇക്കുറി ചലച്ചിത്ര മേള നടക്കുന്നത്.
29-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഞങ്ങളുടെ 'കിഷ്‌കിന്ധാ കാണ്ഡ'ത്തിന് ആദ്യത്തെ ഔദ്യോഗിക തെരഞ്ഞെടുപ്പ് ലഭിച്ചുവെന്ന് പ്രഖ്യാപിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്! എല്ലാവർക്കും നന്ദി', ദിൻജിത്ത് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഗുഡ് വിൽ എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിച്ച്, 'കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിന് ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് 'കിഷ്‌കിന്ധാ കാണ്ഡം'. ബാഹുൽ രമേഷ് കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിച്ചിരിക്കുന്ന ചിത്രം ഇതിനകം തിയേറ്ററുകളിൽ മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിക്കഴിഞ്ഞിട്ടുണ്ട്. സിനിമയുടെ കഥ തന്നെയാണ് താരം എന്നാണ് ഏവരും ഒരേ സ്വരത്തിൽ പറഞ്ഞിരിക്കുന്നത്.