'മലയാള സിനിമ സുരക്ഷിതമല്ല. അതിരു കടന്നുപോകുന്ന സന്ദർഭങ്ങളും ഉണ്ടാകാറുണ്ട് ':സുഹാസിനി മണിരത്നം
ഗോവയിൽ വെച്ച് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി നടത്തിയ ആദ്യ പാനൽ ചർച്ചയിലാണ് സുഹാസിനി ഈ കാര്യം തുറന്നു പറഞ്ഞത്.
പദ്മരാജന്റെ 'കൂടെവിടെ' എന്ന ചിത്രത്തിൽ ആലിസ് ആയി വന്നു മലയാളികളുടെ മനം കവർന്ന നടിയാണ് സുഹാസിനി മണിരത്നം . പിന്നീട് എണ്ണിയാൽ തീരാത്ത നിരവധി അനവധി പ്രിയപ്പെട്ട കഥാപാത്രങ്ങളിലൂടെ നിറഞ്ഞു നിന്ന നടി. എന്നാൽ ഇപ്പോൾ മലയാളം സിനിമ ഇൻഡസ്ട്രി സുരക്ഷിതമല്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സുഹാസിനി. ഗോവയിൽ വെച്ച് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി നടത്തിയ ആദ്യ പാനൽ ചർച്ചയിലാണ് സുഹാസിനി ഈ കാര്യം തുറന്നു പറഞ്ഞത്. സ്ത്രീ സുരക്ഷയും സിനിമയും എന്ന വിഷയത്തിലായിരുന്നു ചർച്ച നടന്നത്. സിനിമ നടനും നിർമ്മാതാവുമായ വാണി തൃപ്‍തി ടിറ്റോ ആയിരുന്നു ചർച്ചയുടെ മോഡറേറ്റർ. ചർച്ചക്കിടയിലാണ് മലയാളം സിനിമ ഇൻഡസ്ട്രി മറ്റു ഇൻഡസ്ട്രികളെ വെച്ച് നോക്കുമ്പോൾ സുരക്ഷിതമല്ലായെന്നു സുഹാസിനി പറഞ്ഞത്.
'മലയാള സിനിമകൾ ഭൂരിഭാഗവും ലൊക്കേഷനിൽ ചിത്രീകരിക്കുന്നതിനാൽ ആളുകൾ കൂടുതലും വീട്ടിൽ നിന്ന് മാറി നിൽക്കേണ്ട അവസ്ഥ ഉണ്ടാകാറുണ്ട്. മറ്റ് വ്യവസായങ്ങളും സിനിമാ വ്യവസായവും തമ്മിൽ വ്യത്യാസമുണ്ടെന്ന് സുഹാസിനി പറയുന്നു. മറ്റ് വ്യവസായങ്ങളിൽ, ജോലിക്ക് പോയി വീട്ടിലേക്ക് മടങ്ങുന്നു. എന്നാൽ സിനിമകളിൽ സംഭവിക്കുന്നത്, ഏകദേശം 200-300 ആളുകൾ ഒരു സ്ഥലത്തേക്ക് മാറുകയും തുടർന്ന് അവിടെ ഒരു കുടുംബമായി ജീവിക്കുകയും ജോലി ചെയുകയും ചെയ്യുന്നു. ചിലപ്പോൾ, മനസ്സോടെയോ ഇഷ്ടപ്പെടാതെയോ അതിരു കടന്നുപോകുന്ന സന്ദർഭങ്ങളും ഉണ്ടാകാറുണ്ട് . അവിടെ അവസരം മുതലെടുക്കുന്ന ചില ആളുകൾ ഉണ്ടാകും. സിനിമ ഇൻഡസ്ട്രി എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് അനുഭവപരിചയമില്ലാത്ത ചെറുപ്പക്കാർ വ്യവസായത്തിലുണ്ട്, അതുകൊണ്ട് അവരെ മുതലെടുത്തേക്കാം' എന്നും സുഹാസിനി പറയുന്നു.
“ആളുകൾ അതിരു കടക്കുന്ന” സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് തന്റെ ഭർത്താവവും സംവിധായകനുമായ മണിരത്‌നത്തോട് ചോദിച്ചപ്പോൾ, അത്തരം ആളുകളെ പുറത്താക്കിയ സംഭവങ്ങൾ ആണ് മറുപടിയായി അദ്ദേഹം തനിക്കു നൽകിയതെന്നും സുഹാസിനി പറയുന്നു.
മിക്ക തമിഴ് സിനിമകളും ചെന്നൈയിലും, കന്നഡ സിനിമകൾ ബെംഗളൂരുവിലും തെലുങ്ക് സിനിമകൾ ഹൈദരാബാദിലും, ഹിന്ദി സിനിമകൾ മുംബൈയിലുമാണ് ചിത്രീകരിക്കുന്നതെന്ന് സുഹാസിനി സൂചിപ്പിച്ചു. അതേസമയം മലയാളം സിനിമകൾ ഷൂട്ട് ചെയ്യുന്നത് ഒരു പ്രത്യേക സ്ഥലത്തല്ല. അതിനാൽ ജോലിക്കാർക്ക് നാട്ടിലേക്ക് പോകാനും കഴിയില്ല. കൂടുതൽ നേരം ഔട്ട്‌ഡോർ ഷൂട്ടുകളിൽ കഴിയേണ്ടി വരും. അതുകൊണ്ട് തന്നെ ഇത്തരം സന്ദർഭങ്ങളിൽ പലപ്പോഴും അതിരു കടന്നുള്ള പ്രേശ്നങ്ങൾ ഉണ്ടാകാറുണ്ടെന്നും ചർച്ചയിൽ സുഹാസിനി വ്യക്തമാക്കി. സുഹാസിനിയെ കൂടാതെ, സംവിധായകാൻ ഇംതിയാസ് അലി , ഖുശ്‌ബു സുന്ദർ, ഭൂമി പഠനേക്കർ എന്നിവരും ചർച്ചയിൽ പങ്കെടുത്തിരുന്നു.