ഹോളിവുഡിനെ വരെ വിറപ്പിച്ച് മമ്മൂട്ടിയുടെ 'ചാത്തൻ' വേഷം.

ലെറ്റർബോക്സ് ഡി-യിൽ ടോപ് ടെൻ ഹൊറർ ചിത്രങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനം നേടി മമ്മൂട്ടിയുടെ ബ്രഹ്മയുഗം. ഹോളിവുഡ് സിനിമകളുടെ ഒപ്പം ഇന്ത്യയിൽ നിന്നുള്ള ഒരോയൊരു ചിത്രമാണ് ബ്രഹ്മയുഗം.

Update: 2024-10-02 09:56 GMT

മമ്മൂട്ടി, അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാഹുൽ സദാശിവൻ രചന-സംവിധാനം ചെയ്ത ഹൊറർ മിസ്റ്ററി ചിത്രമാണ് ബ്രഹ്മയുഗം. പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരുക്കിയ ഒരു പരീക്ഷണ ചിത്രമായിരുന്നിട്ട് കൂടി പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരുപോലെ മികച്ച പ്രതികരണങ്ങളും കൈയ്യടിയും നേടാൻ ബ്രഹ്മയുഗത്തിന് കഴിഞ്ഞിരുന്നു. ഒ ടി ടി റിലീസിന് ശേഷം രാജ്യത്തുടനീളം മികച്ച അഭിപ്രയം നേടിയ ചിത്രം ഇപ്പോൾ ലെറ്റർ ബോക്സ് ഡിയുടെ ടോപ് ടെൻ ഹോറർ ചിത്രങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനം നേടിയിരിക്കുകയാണ്. ഹോളിവുഡ് ചിത്രങ്ങളുടെ ഒപ്പം ഇന്ത്യയിൽ നിന്ന് പട്ടികയിലുള്ള ഒരേയൊരു ചിത്രമാണ് ഇത്. ഫ്രഞ്ച് സംവിധായകയായ കോറലി ഫാർജിയയുടെ ദി സബ്‌സ്റ്റൻസ് ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ഫിലിം ചർച്ചകൾക്കും കണ്ടെത്തലുകൾക്കുമുള്ള ഒരു ആഗോള സോഷ്യൽ നെറ്റ്‌വർക്കാണ് ലെറ്റർബോക്സ് ഡി . സിനിമകൾ കാണുമ്പോൾ അവയെ കുറിച്ചുള്ള പ്രേക്ഷകരുടെ അഭിപ്രായം രേഖപ്പെടുത്താനും പങ്കിടാനും അല്ലെങ്കിൽ മുമ്പ് കണ്ട സിനിമകളുടെ ട്രാക്ക് സൂക്ഷിക്കാൻ  ഒരു ഡയറിയായി ലെറ്റർബോക്സ് ഡി ഉപയോഗിക്കാം.


മൂന്ന് കഥാപാത്രങ്ങളെ മാത്രം ഉൾകൊള്ളിച്ചു ഒരേ ലൊക്കേഷനിൽ തന്നെയാണ് ബ്രഹ്മയുഗം ചിത്രീകരിച്ചിട്ടുള്ളത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ പാട്ടുകൾ വരെ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.പതിനേഴാം നൂറ്റാണ്ടിലെ മലബാറിലെ അടിമ ചന്തയിൽ നിന്നു രക്ഷപെട്ടു ഓടിവന്ന പാണൻ ( അർജുൻ അശോകൻ ) , പുഴക്കരെയുള്ള കൊടുമൺ പോറ്റിയും ( mammootty) വെപ്പുകാരനും ( സിദ്ധാർഥ് ഭരതൻ ) മാത്രം താമസിക്കുന്ന മനയിൽ എത്തിപെടുന്നിടതും അവിടെ പിന്നീട് നടക്കുന്ന അസ്വഭാവിക സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ടി ഡി രാമകൃഷ്ണനാണ് ചിത്രത്തിന്റെ സംഭാഷണം.ക്രിസ്റ്റോ സേവ്യറാണ് ചിത്രത്തിന് സംഗീതം നൽകിയത്. ദിൻ നാഥ് പുത്തഞ്ചേരി, അമ്മു, മരിയ അലക്സ് എന്നിവർ ചേർന്നാണ് വരികൾ എഴുതിയിരിക്കുന്നത്.ഈ വർഷം ഫെബ്രുവരിയിൽ റിലീസായ ചിത്രം 60 കോടി ബോക്സ്ഓഫീസിൽ നേടിയിരുന്നു. ഹൊറർ ത്രില്ലറുകൾക്ക് വേണ്ടി വൈ നോട്ട് സ്റ്റുഡിയോസ് ആരംഭിച്ച പുതിയ ബാനറായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയുടെ ആദ്യ നിർമ്മാണ ചിത്രം കൂടിയാണ് ബ്രഹ്മയുഗം.

Tags:    

Similar News