'യവനശക്തിയുടെ കാവൽ ദൈവങ്ങളേ എനിക്കൊരൽപം ആയുസ്സ് ബാക്കി തരൂ'; മുരളിയില്ലാത്ത 15 വർഷങ്ങൾ

memories of Actor Murali;

By :  Aiswarya S
Update: 2024-08-06 05:54 GMT

ഉള്‍ക്കരുത്തിന്റെ നടനരൂപം; അഭിനയകലയിലെ 'പുലിജന്മം അഭ്രപാളികളിലെ നടന വിസ്മയം ഭരത് മുരളി ഓർമയായിട്ട് ഒന്നര പതിറ്റാണ്ട് പൂർത്തിയാകുന്നു. 'പഞ്ചാഗ്നി'യിലെ രാജനിൽ തുടങ്ങി എണ്ണം പറഞ്ഞ എത്രയെത്ര വേഷങ്ങളെ അനശ്വരമാക്കിയ നടനാണ് മുരളി. ശരീരഭാഷകൊണ്ടും ശബ്ദ ഗാഭീര്യം കൊണ്ടും മലയാളികളുടെ മനസിന്റെ തൻ്റെതായ ഇടം നേടിയെടുക്കാൻ മുരളിക്ക് നിശപ്രയാസം സാധിച്ചിരുന്നു. നായകനായും പ്രതിനായകനായും വെള്ളിത്തിരയുടെ അമരത്ത് നിറഞ്ഞാടിയ മുരളി.

ചലച്ചിത്ര, -നാടക നടനായും സംഗീത നാടക അക്കാദമി ചെയർമാനായും കൈരളി ടിവി ഭരണസമിതി അംഗമായും പ്രവർത്തിച്ച് തൊട്ടതെല്ലാം പൊന്നാക്കിയ മുരളി മലയാളികളുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്നു. പി കൃഷ്ണപിള്ളയുടെയും കെ ദേവകിയമ്മയുടെയും മൂത്തമകനായി കൊല്ലം ജില്ലയിലെ കുടവട്ടൂരിലാണ് മുരളി ജനിച്ചത്. നരേന്ദ്രപ്രസാദിന്റെ നാട്യഗൃഹം മുരളിയിലെ നാ‍ടകനടനെ കൂടുതൽ പരുവപ്പെടുത്തി. നാട്യഗൃഹം അരങ്ങിലെത്തിച്ച ‘മഴ’യാണ് മുരളിയുടെ ആദ്യ പ്രൊഫഷണൽ നാടകം.

ഈ ഘട്ടത്തിലാണ് ഭരത് ഗോപിയുടെ ഞാറ്റടി എന്ന സിനിമയിലേക്ക് ക്ഷണമുണ്ടാകുന്നത്. പിന്നീട് അരവിന്ദന്റെ ചിദംബരം ലെനിൻ രാജേന്ദ്രന്റെ മീനമാസത്തിലെ സൂര്യൻ എന്നീ സിനിമകളിലും അഭിനയിച്ചു. എന്നാൽ, ഹരിഹരന്റെ പഞ്ചാഗ്നിയാണ് ആദ്യം പുറത്തിറങ്ങിയത്. തുടർന്ന് മുരളിയുടെ കൈയൊപ്പ് പതിഞ്ഞ 155 സിനിമകളാണ് മലയാളത്തിൽ പിറന്നത്.


 



പിന്നീട് രാഷ്ട്രീയക്കാരനായും, ഡ്രൈവറായും. ആശാരിയും മൂശാരിയും അരയനും എന്നിങ്ങന വ്യത്യസ്ത ഭാവപകർച്ചകൾ മലയാളിക്ക് സമ്മാനിച്ചു കൊണ്ട് അഭിനയത്തിന്റെ കൊടുമുടികൾ സഞ്ചരിച്ച വ്യക്തയാമ് മുരളി. അച്ഛനായും അമ്മാവനായും ജീവിച്ചഭിനയിച്ചപ്പോൾ മുരളി നമ്മുടെ വീട്ടിലെ കാരണവരായി.

മലയാളി സൗന്ദര്യ സങ്കൽപ്പത്തിൽ മുരളിയൊരു ഒറ്റയാനാണ്. ആ ഗാഭീര്യം മറ്റാർക്കും അവകാശപ്പെടാനാകില്ല. മുഖത്തെ കട്ടിമീശയും നെറ്റിയിലെ മുറിപ്പാടും മുരളിയുടെ ഗാംഭീര്യത്തിന് മാറ്റ് കൂട്ടുന്നതായിരുന്നു. വളയത്തിൽ ലോറി ഡ്രൈവറായെത്തിയ മുരളിയെ വെല്ലാൻ മറ്റൊരു നടനും സാധിക്കില്ല.

മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നാലു തവണയും സഹനടനുള്ള പുരസ്‌കാരം രണ്ടുതവണയും മുരളിയെ തേടിയെത്തി. തെലുങ്കിൽ ഒന്നും തമിഴിൽ ഒമ്പതും ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. എക്കാലവും ഇടതു സഹയാത്രികനായ മുരളി 1999ൽ ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു. സംഗീത നാടക അക്കാദമി അവാർഡ് നേടിയ ‘അഭിനേതാവും ആശാന്റെ കവിതയും', ‘അഭിനയത്തിന്റെ രസതന്ത്രം' തുടങ്ങിയ നിരവധി പുസ്തകങ്ങളും മുരളി എഴുതി. 2009 ആഗസ്ത് ആറിന് മലയാളത്തിന്റെ പ്രിയനടനെ മരണം കവർന്നെങ്കിലും മലയാളി മനസ്സിലിപ്പോഴും മുരളിയുണ്ട്.

മുരളിയുടെ പേരിനൊപ്പം ഭരത് എന്ന പട്ടവും ചേർത്ത സിനിമയാണ് 'നെയ്ത്തുകാരൻ'. ഇഎംഎസ്സിനെ ഏറെ ആരാധിക്കുന്ന അപ്പ മേസ്തരി എന്ന കഥാപാത്രം മുരളിയുടെ അഭിനയ മികവിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. 2009 മുതലുള്ള 15 വർഷ കാലത്ത് മലയാള സിനിമയിൽ അദ്ദേഹമുണ്ടാക്കിയ ശൂന്യത വലുതാണ്. മലയാള സിനിമയ്ക്ക് പൊൻതൂവലായ മുരളിയ്ക്ക് ഓർമ്മപ്പൂക്കൾ . 

Tags:    

Similar News