ഐഎഫ്എഫ്കെ മൂന്നാം ദിനമായാ നാളെ 67 ചിത്രങ്ങൾ പ്രദർശനത്തിന്

Update: 2024-12-14 13:04 GMT

29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാം ദിനമായ നാളെ (14/12/2024) പ്രേക്ഷകരെ കാത്തിരിക്കുന്നത് വ്യത്യസ്തമായ 67 ചിത്രങ്ങൾ. വേൾഡ് സിനിമ ടുഡേ വിഭാഗത്തിൽ 23 ചിത്രങ്ങൾ, അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ അഞ്ചു ചിത്രങ്ങൾ, ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ നാലു ചിത്രങ്ങൾ, ഫെസ്റ്റിവൽ ഫേവറൈറ്റ്‌സ് വിഭാഗത്തിൽ അഞ്ചു ചിത്രങ്ങൾ, മലയാളം സിനിമ ടുഡേ വിഭാഗത്തിൽ അഞ്ചു ചിത്രങ്ങൾ, ലൈഫ് ടൈം അച്ചീവ്‌മെന്റ് വിഭാഗത്തിലും ലാറ്റിൻ അമേരിക്കൻ വിഭാഗത്തിലും ഒരോ ചിത്രങ്ങൾ വീതമാണ് ആസ്വാദകർക്ക് മുന്നിലെത്തുന്നത്. ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ജേതാവ് ആൻ ഹുയിയുമായി സരസ്വതി നാഗരാജൻ നടത്തുന്ന സംഭാഷണമാണ് മൂന്നാം ദിനത്തിലെ മറ്റൊരു ആകർഷണം. ഉച്ചക്ക് 2.30 മുതൽ 3.30 വരെ നിള തിയേറ്ററിലാണ് പരിപാടി നടക്കുക. ഫെസ്റ്റിവൽ ഫേവറൈറ്റ്‌സ് വിഭാഗത്തിൽ ജാക്വസ് ഒഡിയാഡിന്റെ 'എമിലിയ പെരേസ്' ഉച്ചക്ക് 12ന് ശ്രീപത്മനാഭ തിയറ്ററില്‍ പ്രദർശിപ്പിക്കും. മേളയിലെ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ആകെയുള്ള രണ്ട് മലയാള ചിത്രങ്ങളിൽ ഒന്നായ 'ഫെമിനിച്ചി ഫാത്തിമ' നാളെ ഉച്ചയ്ക്ക് ശേഷം മൂന്നിന് ശ്രീപത്മനാഭ തീയേറ്ററില്‍ പ്രദർശിപ്പിക്കും. ഒരു കെനിയൻ ഗോത്രഗാനത്തിന്റെ പിന്നിലുള്ള ചരിത്രം അന്വേഷിക്കുന്ന കഥ പറയുന്ന ജിതിൻ ഐസക് തോമസിന്റെ 'പാത്ത്' മലയാളം സിനിമ ടുഡേ വിഭാഗത്തിൽ പ്രദർശിപ്പിക്കും. വൈകുന്നേരം 6.15ന് ശ്രീ തീയേറ്ററിലാണ് പ്രദർശനം. വേൾഡ് സിനിമ ടുഡേ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന സിനിമയായ ക്വീർ 1960ൽ മെക്‌സിക്കോയിൽ രണ്ട് പുരുഷന്മാർക്കിടയിലുരുത്തിരിഞ്ഞ പ്രണയത്തിന്റെ കഥ പറയുന്നു. ചിത്രത്തിന്റെ പ്രദർശനം അജന്താ തിയറ്ററിൽ രാവിലെ 9.30ന് നടക്കും. മെമ്മറീസ് ഓഫ് എ ബേണിങ് ബോഡി, മാലു, ഭാഗ്ജ്ജൻ, കാമദേവൻ നക്ഷത്രം കണ്ടു തുടങ്ങിയ വ്യത്യസ്തമായ ചിത്രങ്ങളും നാളെ പ്രദർശനത്തിനെത്തുന്നുണ്ട്. രാത്രി 12: 30ന് ശേഷം സൗത്ത് കൊറിയൻ ഹൊറർ ചിത്രം എക്സ് ഹ്യൂമ നിശാഗന്ധി ഓഡിറ്റോറിയത്തിൽ തുറന്ന പ്രദർശനവും ഉണ്ടായിരിക്കും. 

Tags:    

Similar News