'പറവ ഫിലിംസ് കള്ളപ്പണ ഇടപാടുകൾ നടത്തിയിട്ടില്ല'; മൊഴി നൽകി നടൻ സൗബിൻ

By :  Aiswarya S
Update: 2024-07-09 06:01 GMT

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് നി‍ർമ്മാതാക്കൾക്കെതിരെയുള്ള ഇഡി അന്വേഷണത്തിൽ മൊഴി നൽകി നിർമ്മാതാക്കളിലൊരാളായ നടൻ സൗബിൻ ഷാഹിർ. പറവ ഫിലിംസ് കള്ളപ്പണ ഇടപാടുകൾ നടത്തിയിട്ടില്ല. എല്ലാത്തിനും കൃത്യമായ രേഖകൾ ഉണ്ടെന്നും ഇഡിക്ക്‌ മൊഴി നൽകി. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച കരാർ ലംഘിച്ചത് പരാതിക്കാരനെന്നും നിർമ്മാതാക്കൾ മൊഴി നൽകി. ഇയാളിൽ നിന്ന് വാങ്ങിയ ഏഴ് കോടിയിൽ ആറര കോടിയും തിരികെ നൽകിയതായും നിർമ്മാതാക്കൾ അറിയിച്ചു.

ജൂൺ 11നാണ് മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ കള്ളപ്പണ ഇടപാടുകളിൽ ഇഡി അന്വേഷണം ആരംഭിക്കുന്നത്. സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമ്മാതാക്കൾക്കെതിരെ പൊലീസ് കേസുണ്ട്. സിനിമയുടെ നിർമ്മാണത്തിനായി നിന്നും പണം വാങ്ങി കബളിപ്പിച്ചതായി സിറാജ് എന്ന നിർമ്മാതാവാണ് പരാതി നൽകിയത്. ഏഴ് കോടി രൂപ സിനിമയ്ക്കായി പറവ ഫിലിംസിന് നൽകിയത്. സിനിമയ്ക്ക് 40 ശതമാനം പറവ ഫിലിംസ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഒരു രൂപ പോലും ലഭിച്ചിട്ടില്ല എന്നാണ് സിറാജിന്റെ പരാതി.

പറവ ഫിലിംസ് നടത്തിയത് മുൻധാരണ പ്രകാരമുള്ള ചതിയാണെന്നും സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചുവെന്നുമാണ് ഹൈക്കോടതിയിൽ എറണാകുളം മരട് പൊലീസ് നടത്തിയ അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞത്. 22 കോടി രൂപ സിനിമയ്ക്കായി ചെലവായെന്നാണ് നിർമ്മാതാക്കളുടെ വാദം. ഇത് കള്ളമാണെന്നും 18.65 കോടി രൂപ മാത്രമാണ് നിർമ്മാണ ചെലവായതെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു.

Tags:    

Similar News