പ്രശസ്ത തെന്നിന്ധ്യൻ നടി പുഷ്പലത അന്തരിച്ചു
പ്രശസ്ത തെന്നിന്ധ്യൻ നടി പുഷ്പലത (87) അന്തരിച്ചു. ചെന്നൈ ടി നഗറിലെ വസതിയില്‍ വച്ചാണ് അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു.. നൂറിലേറെ സിനിമകളിൽ നായികയായി തിളങ്ങി തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളിൽ അഭിനയിച്ചു. 1958ലെ സെൻകോട്ടൈ സിംഗം എന്ന തമിഴ് സിനിമയിലൂടെയാണ് പുഷ്പലത സിനിമ അരങ്ങേറ്റം നടത്തുന്നത്. ശാരദ, പാര്‍ മകളേ പാര്‍, കര്‍പ്പൂരം, നാനും ഒരു പെണ്‍ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. 1969ല്‍ തിക്കുറിശ്ശി സംവിധാനം ചെയ്ത നേഴ്‌സ് എന്ന സിനിമയിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. നടനും നിർമാതാവുമായ എവിഎം രാജന്റെ ഭാര്യയാണ്. 1963ല്‍ എവിഎം രാജന്‍ അഭിനയിച്ച നാനും ഒരു പെണ്‍ എന്ന സിനിമയില്‍ പുഷ്പലതയും ഒരു പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു. ഈ സിനിമയുടെ ഷൂട്ടിംഗ് സമയത്താണ് ഇരുവരും പ്രണയത്തിലാകുന്നതും പിന്നീട് വിവാഹം കഴിക്കുന്നതും .
1999ല്‍ ശ്രീഭാരതി സംവിധാനം ചെയ്ത പൂ വാസം എന്ന സിനിമയിലാണ് പുഷ്പലത ഒടുവില്‍ അഭിനയിച്ചത്. പിന്നീട് പുഷ്പലത സിനിമയില്‍ നിന്നും മാറി നില്‍ക്കുകായും ആത്മീയ ജീവിതം നയിക്കുകയുമായിരുന്നു. അടുത്തിടെ പുഷ്പലതയെ ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നു. ഇതേത്തുടർന്നുള്ള ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. സിനിമ മേഖലയിൽ നിന്നുള്ള ഒട്ടനവധി ആളുകൾ നടിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചു.