കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ അംഗീകാരം ലഭിച്ചതിൽ അഭിമാനം: മധു അമ്പാട്ട്
ചലചിത്ര മേളയിൽ മധു അമ്പാട്ട് റെട്രോസ്‌പെക്ടീവിൽ നാലു ചിത്രങ്ങൾ
അര നൂറ്റാണ്ട് പിന്നിടുന്ന തന്റെ ചലച്ചിത്ര ജീവിതത്തിന് അംഗീകാരമായി കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ റെട്രോസ്‌പെക്ടീവ് വിഭാഗത്തിൽ നാലു ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിൽ അഭിമാനമെന്ന് പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട്. തന്റെ ക്രിയാത്മകതയ്ക്കും പുതുമയാർന്ന ആവിഷ്‌കാരങ്ങൾക്കുമുള്ള അംഗീകാരമായി ഇതിനെ കാണുന്നുവെന്നും മൂന്ന് തവണ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം നേടിയ മധു അമ്പാട്ട് പറഞ്ഞു. ഓരോ പുരസ്‌കാരങ്ങളും പ്രചോദനമാണ്. അതാണ് തന്നെ മുന്നോട്ടുനയിക്കുന്നതെന്നും മധു അമ്പാട്ട് പറയുന്നു. മധു അമ്പാട്ടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ആദ്യ ചിത്രം '1:1.6, ആൻ ഓഡ് ടു ലവ്', മധു അമ്പാട്ട് ഛായാഗ്രാഹകനായി പ്രവർത്തിച്ച അമരം, ഓകാ മാഞ്ചി പ്രേമകഥ, പിൻവാതിൽ എന്നിവയാണ് റെട്രോസ്‌പെക്ടീവ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.
1973ൽ രാമു കാര്യാട്ടിന്റെ 'ഇന്റസ്ട്രിയൽ എസ്റ്റേറ്റ്‌സ്' എന്ന ഡോക്യുമെന്ററിയിൽ സഹകരിച്ചുകൊണ്ടാണ് മധു അമ്പാട്ട് ഈ മേഖലയിലേക്ക് കടന്നുവരുന്നത്. ഇംഗ്ലിഷ് ഉൾപ്പെടെ ഒമ്പതു ഭാഷകളിലായി 250 ഓളം ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചു. തനിക്കിഷ്ടമുള്ള വഴി തെരഞ്ഞെടുക്കുവാൻ പ്രചോദനം നൽകിയത് അമ്മ സുലോചനയാണെന്ന് മധു അമ്പാട്ട് പറഞ്ഞു .അച്ഛൻ കൊമരത്ത് ഭാഗ്യനാഥ് മജീഷ്യൻ ആയിരുന്നു. സിനിമയോടുള്ള ഇഷ്ടം കരുത്തായി. ഷാജി എൻ കരുണുമായുള്ള ബന്ധം ജീവിതത്തിലെ വഴിത്തിരിവായെന്നും മധു അമ്പാട്ട് പറഞ്ഞു. ഷാജി എൻ കരുണുമായി ചേർന്ന് മധു അമ്പാട്ട് ചെയ്ത ചിത്രങ്ങളാണ് ഞാവൽപഴങ്ങൾ, മനുഷ്യൻ, ലഹരി എന്നിവ. 'ഇന്നലെകളില്ലാത്ത' എന്ന പേരിൽ ഒരു പാൻ ഇന്ത്യൻ ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് മധു അമ്പാട്ട്. ബോബൻ ഗോവിന്ദൻ സംവിധാനം ചെയ്യുന്ന 'മലവാഴി'യാണ് ഛായാഗ്രാഹകനായി പ്രവർത്തിക്കുന്ന അടുത്ത ചിത്രം. കൂടാതെ 'ബ്ലാക്ക് മൂൺ','ഡെത്ത് ഓഫ് മധു അമ്പാട്ട്','ഡെത്ത് വിഷ്' എന്നീ പുസ്തകങ്ങൾ പുറത്തിറക്കാനുള്ള തയ്യാറെടുപ്പും പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.