രോഹിത് ഷെട്ടിയുടെ 'സിങ്കം എഗെയ്ൻ' ലോഡിങ്; ട്രെയ്‌ലർ പുറത്ത്

By :  Aiswarya S
Update: 2024-10-07 11:06 GMT

രോഹിത് ഷെട്ടി കോപ് യൂണിവേഴ്‌സിൽ നിന്നും എത്തുന്ന മൾട്ടിസ്റ്റാർ ചിത്രം ‘സിങ്കം എഗെയ്ൻ’ ട്രെയ്‌ലർ പുറത്ത്. രാമായണ കഥ പുനരാവിഷ്‌കരിച്ചു കൊണ്ടാണ് ചിത്രത്തിന്റെ കഥ. അഞ്ച് മിനുറ്റ് ദൈർഘ്യമുള്ള ട്രെയ്‌ലറിൽ സിനിമയുടെ കഥ മുഴുവൻ പറയുന്നുണ്ട്. ഇന്ത്യൻ സിനിമയിൽ ഇതുവരെ ഇറങ്ങിയതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ ട്രെയ്‌ലർ ആണിത്.

കലിയുഗത്തിലെ രാമനായി അജയ് ദേവ്ഗൺ എത്തുമ്പോൾ, രാവണനായി അർജുൻ കപൂർ ആണ് വേഷമിടുന്നത്. ആക്ഷൻ രംഗങ്ങൾ അടങ്ങുന്ന ട്രെയ്‌ലറിൽ കൊടൂര വില്ലനായാണ് അർജുനെ അവതരിപ്പിച്ചിരിക്കുന്നത്. കരീന കപൂറും ദീപിക പദുക്കോണുമാണ് ചിത്രത്തിലെ നായികമാർ. അജയ് ദേവ്ഗണിന്റെ ഭാര്യ ആയാണ് കരീന വേഷമിടുന്നത്. ലേഡി സിങ്കം എന്ന കഥാപാത്രമായാണ് ദീപിക എത്തുന്നത്.

ലക്ഷ്മണൻ റെഫറൻസുമായി ടൈഗർ ഷ്രോഫും, ഹനുമാനായി രൺവീർ സിംഗും, ജടായുവായി അക്ഷയ് കുമാറും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ഇതുവരെ നാല് ചിത്രങ്ങളാണ് കോപ് യൂണിവേഴ്‌സ് ഫ്രാഞ്ചെസിയിൽ എത്തിയിട്ടുള്ളത്. അജയ് ദേവ്ഗൺ, രൺവീർ സിംഗ്, അക്ഷയ് കുമാർ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രങ്ങളായിരുന്നു ഇവ.

‘സിങ്കം’, ‘സിങ്കം റിട്ടേൺസ്’, ‘സിംബ’, ‘സൂര്യവംശി’ എന്നീ ചിത്രങ്ങളാണ് രോഹിത് ഷെട്ടിയുടെ സംവിധാനത്തിൽ കോപ് യൂണിവേഴ്‌സ് സിനിമകൾ. സിങ്കം എഗെയ്ൻ ചിത്രത്തിൽ ജാക്കി ഷ്രോഫ്, ദയാനന്ദ് ഷെട്ടി, ശ്വേത തിവാരി, രവി കിഷൻ എന്നിവരും അഭിനയിക്കുന്നുണ്ട്. ദംബങ് സിനിമയിലെ ഛുൽബുൽ പാണ്ഡെയായി സൽമാൻ ഖാൻ അതിഥിവേഷത്തിൽ എത്തിയേക്കും എന്നും റിപ്പോർട്ടുണ്ട്.

അതേസമയം, സൂര്യയുടെ ഹിറ്റ് ചിത്രം ‘സിങ്ക’ത്തിന്റെ റീമേക്ക് ആണ് അജയ് ദേവഗണിനെ നായകനാക്കി രോഹിത് ഷെട്ടി ഒരുക്കിയ സിങ്കം. 2014ൽ സിങ്കം റിട്ടേൺസ് എത്തി. പിന്നീട് 2018ൽ സിംബ എന്ന ചിത്രം എത്തി. രൺവീർ സിങ് ആയിരുന്നു നായകൻ. 2021ൽ അക്ഷയ് കുമാറും ഈ യൂണിവേഴ്‌സിൽ ചേർന്നു. 350 കോടിയാണ് ‘സിങ്കം എഗെയ്ൻ’ സിനിമയുടെ ബജറ്റ്. നവംബർ ഒന്നിനാണ് റിലീസ്.

Tags:    

Similar News