ടോക്സിക്ക് ആയതുകൊണ്ടാണ് കൂടുതൽ റൊമാന്റിക് ആകുന്നത്: ഷൈൻ ടോം ചാക്കോ

By :  Aiswarya S
Update: 2024-08-03 05:55 GMT

താൻ വീണ്ടും സിംഗിളായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ ഷൈൻ ടോം ചാക്കോ. താരത്തിന്റെ പുതിയ ചിത്രമായ ‘താനാര’യുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ഷൈൻ ഇതേക്കുറിച്ച് സംസാരിച്ചത്. തന്നെക്കൊണ്ട് ഒരു റിലേഷൻഷിപ്പ് വിജയകരമായി മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കില്ലെന്ന് വീണ്ടും തെളിയിച്ചെന്നും ടോക്സിക്ക് റിലേഷൻഷിപ്പുകൾ അവസാനിപ്പിക്കുകയാണ് നല്ലതെന്നും ഷൈൻ‌ പറഞ്ഞു.

അഭിനയവും ജീവിതവും രണ്ട് രീതിയിൽ കൊണ്ടുപോകാമെന്നാണ് കരുതിയത്. എന്നാൽ തന്നേക്കൊണ്ട് അതിന് സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞുവെന്നും ഷൈൻ പറഞ്ഞു. ഒരു ബന്ധം അവസാനിപ്പിക്കുമ്പോൾ ആദ്യം കുറച്ച് ബുദ്ധിമുട്ട് തോന്നും. ‌ആ സമയം കഴിഞ്ഞാൽ പിന്നെ വ്യക്തിക്ക് പൂർണ സ്വാതന്ത്യം അനുഭവിക്കാമെന്നും ഷൈൻ വ്യക്തമാക്കി.

‘ജീവിതത്തിൽ ഒരു പെണ്ണ് മാത്രം വേണമെന്ന് ആഗ്രഹിച്ചിട്ടില്ല. പ്രണയവും ഒരു താൽപര്യവുമില്ലാത്ത കാര്യമായിരുന്നു, പക്ഷേ അതിലേക്ക് വീണ്ടും വീണ്ടും ചെന്നുപെടുന്നത് മാനസിക ബലഹീനതകൾ കൊണ്ടാണ്. എന്നാൽ ഉണ്ടായിരുന്ന റിലേഷൽ അവസാനിച്ചു.

ഒരു റിലേഷനിലാകുമ്പോൾ ഒരുപാട് കാര്യങ്ങൾ നഷ്ടപ്പെടും അത് എനിക്കും മ​റ്റൊരു വ്യക്തിക്കും ജീവിതത്തിൽ കൂടുതൽ ബുദ്ധിമുട്ടുകളുണ്ടാക്കും. ആ വ്യക്തിയെ കൂടുതൽ ഇഷ്ടപ്പെടുന്നത് കൊണ്ട് എന്നോടൊപ്പം നിൽക്കണമെന്ന് പറയാൻ സാധിക്കില്ല. അങ്ങനെ ചെയ്യുമ്പോൾ സ്നേഹിക്കുന്ന വ്യക്തിയെ ‍ഞാൻ തന്നെ കൂടുതൽ ദ്രോഹിക്കുന്നതിന് തുല്ല്യമാണ്.

ഞങ്ങൾ തമ്മിൽ നല്ല പ്രണയത്തിലായിരുന്നു. അതിനാൽ ആ ബന്ധം ടോക്സിക്കായി മാറിയിട്ടുമുണ്ട്. ഭയങ്കര ടോക്സിക്ക് ആയതുകൊണ്ടാണ് കൂടുതൽ റൊമാന്റിക് ആകുന്നത്. പക്ഷേ ആ അവസ്ഥ എനിക്ക് നിലനിർത്താൻ സാധിക്കില്ല. ആ സമയത്ത് എനിക്ക് സ്വയം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയും ഉണ്ടാകും. ‌

കലാകാരന്മാരിൽ ക്രിയേറ്റീവ് മൂഡ് പലപ്പോഴും ഉണ്ടാകാറുണ്ട്. ചില സാഹചര്യങ്ങളും മറ്റും കൂട്ടിവച്ച് പല കഥകൾ മെനഞ്ഞെടുക്കും. അത് കഥാപാത്രത്തെ പാകപ്പെടുത്താൻ വേണ്ടിയാണ്. ഒരു അഭിനേതാവിനെ സംബന്ധിച്ചടത്തോളം ഇത് നല്ലതാണ്. പക്ഷേ ജീവിതത്തിലേക്കു കൊണ്ടുവന്നാൽ പ്രശ്നമാണ്. പ്രണയവും സിനിമയും രണ്ട് രീതിയിൽ കൊണ്ടുപോകാൻ പറ്റുമെന്നാണ് ‌വിചാരിച്ചിരുന്നത്. അങ്ങനെ കൊണ്ടുപോകാൻ പറ്റുന്നവരുമുണ്ട്. പക്ഷേ എനിക്ക് അങ്ങനെ കൊണ്ടുപോകാൻ സാധിക്കുന്നില്ലെന്ന് ഓരോ ദിവസം കഴിയുന്തോറും മനസ്സിലായി.

കുറച്ച് സമയത്തേക്കു മാത്രം ഞാനുമായി റിലേഷൻഷിപ്പിലാകാം. അല്ലാതെ ജീവിതകാലം മുഴുവൻ കൊണ്ടുപോകാൻ നോക്കി കഴിഞ്ഞാൽ നിങ്ങളുടെ സമാധാനം നഷ്ടപ്പെട്ടുപോകും. ഞാൻ എല്ലാവരോടും പറയും, എന്നെ ഉപയോഗിച്ചതിനു ശേഷം അങ്ങ് മുക്കിലേക്ക് എറിയുക, എന്നിട്ടു തിരിഞ്ഞുനോക്കാതെ പൊക്കോണം. കുറച്ച് കഴിയുമ്പോൾ ഞാൻ എഴുന്നേറ്റു പൊയ്ക്കോളും.

പ്രണയവും സ്നേഹവും രണ്ടാണ്. സ്നേഹം എല്ലാവരോടും ഒരുപോലെ ആയിരിക്കും. ആരെയും കുറ്റപ്പെടുത്തില്ല, സംശയിക്കില്ല, പൊസസീവ് ആയിരിക്കില്ല, ഒന്നിനെയും സ്വന്തമാക്കാനും ശ്രമിക്കില്ല. പ്രണയം പൊസസീവ് ആണ്, സംശയാലുവാണ്, അത് തന്റേത് മാത്രമാകണം എന്ന ചിന്ത വരുന്നതും ഇവിടെയാണ്.’’–ഷൈൻ ടോമിന്റെ വാക്കുകൾ.

Tags:    

Similar News