'അമ്മ'യുടെ നാഥനായിരുന്നു ഇന്നസെൻ്റ്, നാളെ സംഘടനയെ നയിക്കുന്നവർക്ക് പാഠപുസ്തകമാകണം അദ്ദേഹം'': സുരേഷ് ​ഗോപി

By :  Aiswarya S
Update: 2024-07-01 06:40 GMT

കൊച്ചി: 'ഈ നിമിഷം ഏറ്റവും അനുഗ്രഹിക്കപ്പെട്ടയാളാണ് ഞാൻ എന്ന്. നിങ്ങളുടെ അനുഗ്രഹങ്ങൾക്ക് നന്ദി'- തുളുമ്പാൻ തുടങ്ങിയ കണ്ണുകളോടെ സുരേഷ് ഗോപി പറഞ്ഞു. 27 വർഷത്തിന് ശേഷം 'അമ്മ'യിലേക്ക് തിരിച്ചുവന്ന സുരേഷ് ഗോപിക്ക് വികാരനിർഭരമായ സ്വീകരണമാണ് സഹപ്രവർത്തകർ ഒരുക്കിയത്. മോഹൻലാൽ അദ്ദേഹത്തിന് ഉപഹാരം നൽകി. ഇടവേള ബാബു അംഗത്വകാർഡ് കൈമാറി.

അമ്മയുടെ തുടക്കത്തെയും 1997-ൽ വൈസ് പ്രസിഡന്റ് പദവിയിലിരിക്കെ സംഘടനയുടെ പടിയിറങ്ങിപ്പോകേണ്ടി വന്നതിനെയും കുറിച്ച് മറുപടി പ്രസംഗത്തിൽ പരാമർശിച്ച സുരേഷ് ഗോപി അഭിനയജീവിത്തെക്കുറിച്ചും വാചാലനായി.

' ഞാൻ എന്ന വ്യക്തിയെ മെനഞ്ഞെടുക്കുന്നതിൽ സിനിമ വഹിച്ച പങ്ക് വലുതാണ്. അതിന്റെ ആഴം അളക്കാവുന്നതല്ല. എന്റെ കഥാപാത്രങ്ങൾക്കുവേണ്ടി എതിർഭാഗത്ത് നിന്ന് തല്ലുവാങ്ങിയവർ, എനിക്ക് ശക്തി നൽകിയവർ, സോമേട്ടൻ, രാജൻ പി. ദേവ്, എൻ.എഫ്. വർഗീസ്, നരേന്ദ്രപ്രസാദ്... ഒരുപാട് പേരോട് കടപ്പാടുണ്ട്. അതുപോലെ തന്നെ വ്യക്തിയെന്ന നിലയിൽ എനിക്ക് ബലം പകർന്ന കാക്കി എന്ന വേഷത്തെ ആദരവോടെ ഓർക്കുന്നു. സെറ്റിൽ ചായ തന്നവരും ഭക്ഷണം കഴിച്ച പാത്രം കഴുകി വൃത്തിയാക്കിയവരുമെല്ലാം എന്റെ വ്യക്തിത്വം രൂപപ്പെടുത്തുന്നതിൽ വഹിച്ച പങ്ക് വലുതാണ്'- അദ്ദേഹം പറഞ്ഞു.

ദീർഘകാലം അമ്മയുടെ പ്രസിഡന്റായിരുന്ന ഇന്നസെന്റിനെയും സുരേഷ്‌ഗോപി ഓർമിച്ചു- 'വലിയ സ്‌ഫോടനങ്ങളെ ഏറുപടക്കത്തിന്റെ ശബ്ദത്തിലേക്കൊതുക്കിയ അമ്മയുടെ നാഥനായിരുന്നു ഇന്നസെന്റ്. നാളെ സംഘടനയെ നയിക്കുന്നവർക്ക് പാഠപുസ്തകമാകണം അദ്ദേഹം.'

കാൽനൂറ്റാണ്ട് അമ്മയെ നയിച്ചശേഷം സ്ഥാനമൊഴിയുന്ന ഇടവേള ബാബുവിനെയും ചടങ്ങിൽ ആദരിച്ചു. മന്ത്രി കെ.ബി. ഗണേഷ് കുമാറിനും സ്വീകരണമൊരുക്കിയിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല.

Tags:    

Similar News