ഇല്ലുമിനാറ്റി കേട്ടത് കൂടുതൽ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരാണ്: സുഷിൻ ശ്യാം
മലയാളത്തിൽ എപ്പോഴും മികച്ച സംഗീതം പ്രേക്ഷകന് തന്നുകൊണ്ടിരിക്കുന്ന സംഗീത സംവിധായകരിൽ ഒരാളാണ് സുഷിൻ ശ്യാം. ഒരു സിനിമയ്ക്ക് അതിന്റെ മൂഡ് പ്രേക്ഷകനിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതിൽ സംഗീതത്തിനും പശ്ചാത്തല സംഗീതത്തിനും വളരെയേറെ പ്രാധാന്യമുണ്ട്.
സുഷിൻ ഈ വർഷം ചെയ്തതിൽ മഞ്ഞുമ്മൽ ബോയ്സ്, ആവേശം എന്നീ സിനിമകൾ ബ്ലോക്ക്ബസ്റ്ററുകളാണ്, രണ്ട് ചിത്രവും 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ആവേശത്തിലെ പാട്ടുകളെ കുറിച്ച് സംസാരിക്കുകയാണ് സുഷിൻ ശ്യാം.
“സിനിമയ്ക്കും സംഗീതത്തിനും കാലത്തിനനുസരിച്ചു മാറ്റമുണ്ടാകും. കൂടുതൽ ആൾക്കാർ കേൾക്കുമ്പോൾ പാട്ടു ഹിറ്റാകും. വാണിജ്യ തലത്തിൽ നോക്കുമ്പോൾ അതാണ് വേണ്ടത്. പാട്ടു ഹിറ്റാകുമ്പോൾ അതു സിനിമ കൂടുതൽ ആളുകളിലേക്കെത്താൻ കൂടിയുള്ള വഴിയാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ‘ഇല്ലുമിനാറ്റി’ എന്ന പാട്ട് കേട്ടത്. ആളുകളെ ആകർഷിക്കാൻ കഴിയുന്നതാകണം സിനിമയിലെ ഗാനങ്ങൾ
ഹുക്ക് എന്ന രീതി പടിഞ്ഞാറ് നിന്ന് വന്നതാകാം. പണ്ടത്തെ പാട്ടുകളിൽ പല്ലവി ആവർത്തിച്ചു വരുന്നതുപോലെ ഇപ്പോൾ ഹുക്കുകളാണ് ട്രെൻഡ്. 8-10 വർഷം കഴിഞ്ഞാൽ മറ്റൊരു രീതി വന്നേക്കാം. അത്രയേയുള്ളു. മാലിക്കിലെ ‘തീരമേ തീരമേ…’ എന്ന പാട്ട് മറ്റൊരു ശൈലിയല്ലേ. സിനിമയ്ക്കു ചേർന്ന വിധത്തിൽ പാട്ടൊരുക്കുകയെന്നതാണ് പ്രധാനം. സംഗീതമാണ് എൻ്റെ മേഖല.
സാഹിത്യത്തിൽ ശ്രദ്ധിക്കാറുണ്ടോ എന്നു ചോദിച്ചാൽ അല്ലെന്നായിരിക്കും ഉത്തരം. പക്ഷേ, എന്താണ് എന്റെ പാട്ടിൽ വേണ്ടതെന്ന് എനിക്കറിയാം. എനിക്ക് നന്നായി അറിയാവുന്ന എഴുത്തുകാരാണ് എന്റെ സംഗീതത്തിന് വരികളെഴുതുന്നത്. അവർക്കെന്നെയും എനിക്കവരെയും നല്ല വിശ്വാസവുമാണ്.” എന്നാണ് സുഷിൻ ശ്യാം പറഞ്ഞത്.