ദി എക്കണോമിസ്റ്റ് വാരികയിൽ ഇടം പിടിച്ച് മലയാള സിനിമ

By :  Aiswarya S
Update: 2024-07-05 06:42 GMT

ദി എക്കണോമിസ്റ്റ് വാരികയിൽ ഇടം പിടിച്ചിരിക്കുയാണ് മലയാള സിനിമ. 2024 ലെ മലയാള സിനിമയുടെ നേട്ടങ്ങളും മലയാള സിനിമ ഇന്ത്യയിലെ തന്നെ മറ്റ് സിനിമവ്യവസായ മേഖലകളിൽ നിന്ന് വ്യത്യസ്തമായി ഇരിക്കുന്നതിന്റെ കാരണങ്ങളുമാണ് എക്കണോമിസ്റ്റ് വാരികയിലെ ലേഖനത്തിൽ പറയുന്നത്.

കേരളത്തിൽ നിന്ന് 2023ൽ ഇരുന്നൂറോളം സിനിമകളാണ് പുറത്തിറങ്ങിയത്. 2024 ൽ മലയാളത്തിൽ നിന്നുള്ള മഞ്ഞുമ്മൽ ബോയ്‌സ് 240 കോടിയോളം രൂപയാണ് കളക്ട് ചെയ്തത്. ഇന്ത്യയിൽ ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ മൂന്നാം സ്ഥാനത്തുള്ളതും മഞ്ഞുമ്മൽ ബോയ്‌സ് ആണ്. 20 കോടി രൂപ ചിലവഴിച്ചാണ് ഈ ചിത്രം ഒരുക്കിയത്. ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ പത്ത് ഇന്ത്യൻ സിനിമകളിൽ മൂന്നെണ്ണം മലയാള സിനിമകളാണെന്നും എക്കണോമിസ്റ്റ് വാരിക ചൂണ്ടിക്കാട്ടി.

ആടുജീവിതം, ഭ്രമയുഗം, ആവേശം തുടങ്ങി വിവിധ ജോണറുകളിലും വിവിധ കഥാപശ്ചാത്തലത്തിലുമാണ് മലയാളത്തിലെ പണംവാരി ചിത്രങ്ങൾ എത്തിയതെന്നും എക്കണോമിസ്റ്റ് നിരീക്ഷിച്ചു. മലയാള സിനിമയുടെ തുടക്കം മുതൽ തന്നെ വ്യത്യസ്തമായ പ്രമേയങ്ങൾ കൊണ്ടും രീതികൾ കൊണ്ടും ഇന്ത്യയിലെ മറ്റ് സിനിമ മേഖലകളുമായി മലയാള സിനിമ മാറി നിൽക്കുന്നുണ്ടെന്നും മലയാള സിനിമയുടെ സവിശേഷമായ മുന്നേറ്റത്തിന് ഇവിടുത്തെ സാമ്പത്തികമായും ജനസംഖ്യപരമായ കാരണങ്ങളുണ്ടെന്ന് ചലച്ചിത്ര നിരൂപകനും എഴുത്തുകാരനുമായി ജിപി രാമചന്ദ്രൻ ചൂണ്ടിക്കാട്ടുന്നു.

ആദ്യകാലങ്ങളിൽ ബോംബെയിലും പൂനെയിലും മദ്രാസിലുമൊക്കെയായിരുന്നു സിനിമയുടെ സ്റ്റുഡിയോകൾ നിലനിന്നിരുന്നത്. രാത്രികളിലും ഞായറാഴ്ചകളിലും പരിമിതമായ സൗകര്യങ്ങളിലായിരുന്നു ഇവിടെ മലയാള സിനിമ ചിത്രീകരിച്ചിരുന്നത്. ഇന്ത്യൻ സിനിമയിൽ എല്ലാ ഭാഷകളും പുരാണ സിനിമകൾക്ക് പ്രാധാന്യം നൽകിയപ്പോൾ മലയാള സിനിമയിൽ അത് കുടുംബ ചിത്രങ്ങൾക്കും മറ്റുമായിരുന്നു പ്രധാന്യം നൽകിയത് ജി പി രാമചന്ദ്രൻ പറയുന്നു.

മറ്റുഭാഷകൾ പുരാണ ഇതിഹാസങ്ങളെ ചുറ്റിപറ്റി സിനിമകൾ എടുക്കുമ്പോൾ നമ്മൾ സാഹിത്യത്തിനെ അടിസ്ഥാനമാക്കിയായിരുന്നു സിനിമകൾ ഒരുക്കിയിരുന്നത്. മാർത്താണ്ഡവർമ്മയടക്കമുള്ള സിനിമകൾ ഇത്തരം സാഹിത്യകൃതികളെ അടിസ്ഥാനമാക്കി ഒരുങ്ങിയ സിനിമകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    

Similar News